കമ്പനികളുടെ സിഎസ്ആര്‍ ചെലവിടല്‍ പുറത്തുവിട്ടു: കൂടുതല്‍ തുക വിനിയോഗിച്ചത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

കമ്പനികളുടെ സിഎസ്ആര്‍  ചെലവിടല്‍ പുറത്തുവിട്ടു: കൂടുതല്‍ തുക വിനിയോഗിച്ചത്  റിലയന്‍സ് ഇന്‍ഡസ്ട്രീസ്

ന്യൂഡെല്‍ഹി: 2014-15 കാലയളവില്‍ സാമൂഹ്യ പ്രതിബദ്ധതയെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി, സിഎസ്ആര്‍) രാജ്യത്തെ കമ്പനികള്‍ ചെലവിട്ട തുക കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ഏകദേശം 8,803 കോടി രൂപയാണ് സിഎസ്ആറിന്റെ വകയില്‍ കമ്പനികള്‍ ചെലവഴിച്ചത്. എന്നാല്‍, 60 ശതമാനത്തിലധികം കമ്പനികളും ഒരു രൂപ പോലും വിനിയോഗിച്ചില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

7334 കമ്പനികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഇനത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ചെലവാക്കിയത്, 760.6 കോടി രൂപ.
ടാറ്റ ഗ്രൂപ്പിനു കീഴിലെ ചില കമ്പനികള്‍, വൊഡാഫോണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇക്കാലയളവില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. അതേസമയം, പുറത്തുവിട്ട സിഎസ്ആര്‍ കണക്കുകളില്‍, വിവരങ്ങളുടെ പൂര്‍ണത, കൃത്യത എന്നിവ പരിഗണിച്ചിട്ടില്ലെന്ന് കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം വ്യക്തമാക്കി. കമ്പനികളുടെ ഡയറക്റ്റര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടും മന്ത്രാലയം പുറത്തിറക്കുന്ന വിവരങ്ങളും തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കാം. ഈ റിപ്പോര്‍ട്ടിന്മേലുള്ള വിവരങ്ങള്‍ നിയന്ത്രിക്കപ്പെട്ടതും കീഴ്‌വഴക്കം പാലിച്ചതുമാണ്-മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
സിഎസ്ആര്‍ ചെലവിടലില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസിന് തൊട്ടു പിന്നില്‍ ഒഎന്‍ജിസിയും (495.2 കോടി രൂപ), മൂന്നാം സ്ഥാനത്ത് ഇന്‍ഫോസിസു (239.5 കോടി രൂപ)മാണുള്ളത്. ഐടിസി ലിമിറ്റഡ്, ടിസിഎസ്, എന്‍ടിപിസി, എന്‍എംഡിസി, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഓയില്‍ ഇന്ത്യ തുടങ്ങിയവയും ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു.
സിഎസ്ആര്‍ വിഭാഗത്തില്‍ ചില കമ്പനികള്‍ ചെലവഴിക്കാത്തത് സാമ്പത്തിക പുനഃസംഘടന, നഷ്ടം, തുക വകയിരുത്താതിരിക്കല്‍, പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതില്‍ ബോര്‍ഡ് വരുത്തുന്ന കാലതാമസം എന്നിവ മൂലമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. കമ്പനീസ് ആക്റ്റ് 2013 പ്രകാരം, മൂന്നു വര്‍ഷത്തെ അറ്റാദായത്തില്‍ നിന്ന് രണ്ടു ശതമാനം വീതം സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കണമെന്ന് ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനികളോട് നിഷ്‌കര്‍ഷിക്കുന്നു. തുക ചെലവിടാന്‍ കഴിഞ്ഞില്ലെങ്കില്‍ മതിയായ കാരണം കമ്പനികള്‍ സര്‍ക്കാരിനെ ബോധിപ്പിക്കേണ്ടതുമുണ്ട്.

Comments

comments

Categories: Branding