നോട്ട് മാറ്റിയെടുക്കല്‍ പൂര്‍ണമായി നിരോധിക്കുന്നു

നോട്ട് മാറ്റിയെടുക്കല്‍ പൂര്‍ണമായി നിരോധിക്കുന്നു

 

ന്യൂഡല്‍ഹി: 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസരം പൂര്‍ണമായും ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നതായി സൂചന. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഈ മാസം എട്ടാം തീയതി മുതലാണ് നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് ആദ്യ ദിവസങ്ങളില്‍ 4000-വും, പിന്നീട് 4500-വും, ഇപ്പോള്‍ 2,000 രൂപ എന്ന കണക്കില്‍ പ്രതിദിനം ഓരോ വ്യക്തിക്കും അസാധുവാക്കിയ നോട്ട് മാറാന്‍ അവസരം നല്‍കി. എന്നാല്‍ ഇനി മുതല്‍ ഈ സൗകര്യവും വേണ്ടെന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നത്.
ഇതോടെ നോട്ട് അസാധുവാക്കിയ തീരുമാനത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ദുരിതം ഇരട്ടിയാകുമെന്നും ആശങ്ക പരന്നിട്ടുണ്ട്. ഒരു ദിവസം ഒരാള്‍ക്ക് 2000 രൂപ വരെയുള്ള 500,1,000 രൂപയുടെ നോട്ടുകള്‍ മാറാനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. ബാങ്കിനു പുറമേ പെട്രോള്‍ പമ്പിലും ഈ സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ ഈ സൗകര്യം കൂടി ഇല്ലാതാകുന്നത് കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് നയിച്ചേക്കുമെന്ന് ശ്രുതിയുണ്ട്. അതേസമയം, അക്കൗണ്ടുള്ള ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ നിലവിലുള്ള സ്ഥിതി തുടര്‍ന്നേക്കുമെന്നാണു സൂചന. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനും തല്‍സ്ഥിതി തുടരും.

 

Comments

comments

Categories: Slider, Top Stories