ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ഇന്നിംഗ്‌സില്‍ 455 റണ്‍സെടുത്ത ടീം ഇന്ത്യക്കെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 49 ഓവറില്‍ അഞ്ച് വിക്കറ്റിന് 103 റണ്‍സ് എന്ന നിലയിലാണ്. സ്‌കോര്‍: ടീം ഇന്ത്യ: 455, ഇംഗ്ലണ്ട്: 103/5.

ടീം ഇന്ത്യയുടെ വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് രണ്ട് റണ്‍സ് നേടിയപ്പോഴേക്കും ക്യാപ്റ്റന്‍ അലൈസ്റ്റര്‍ കുക്കിനെ നഷ്ടമായി. മുഹമ്മദ് ഷമി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന് 13 റണ്‍സെടുത്ത ഹമീദ് റണ്ണൗട്ടായി. ഡക്കറ്റ് (5), ജോ റൂട്ട് (53) എന്നിവരെ രവിചന്ദ്ര അശ്വിനും ഒരു റണ്‍സ് നേടിയ മോയിന്‍ അലിയെ അരങ്ങേറ്റക്കാരനായ ജയന്ദ് യാദവുമാണ് പറഞ്ഞയച്ചത്.

317 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ രണ്ടാം ദിനത്തില്‍ ക്രീസിലിറങ്ങിയ ടീം ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ കോഹ്‌ലി 167 റണ്‍സെടുത്ത് പുറത്തായി. മോയിന്‍ അലിക്കായിരുന്നു വിക്കറ്റ്. കോഹ്‌ലിക്ക് പിന്നാലെ സാഹയെയും(3) ജഡേജയെയും (0) ഒരോവറില്‍ തന്നെ മോയിന്‍ അലി മടക്കിയതോടെ ടീം ഇന്ത്യ ഏഴ് വിക്കറ്റിന് 363 റണ്‍സ് എന്ന നിലയിലായി.

പിന്നീട്, അരങ്ങേറ്റ താരം ജയന്ത് യാദവില്‍ കൂട്ടുചേര്‍ന്ന ആര്‍ അശ്വിനാണ് ടീം ഇന്ത്യയുടെ സ്‌കോറുയര്‍ത്തിയത്. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 64 റണ്‍സ് നേടി. 55 റണ്‍സെടുത്താണ് അശ്വിന്‍ ബെന്‍ സ്‌റ്റോക്‌സിന് മുന്നില്‍ കീഴടങ്ങിയത്. അധികം വൈകാതെ 35 റണ്‍സുമായി ജയന്ത് യാദവും 13 റണ്‍സുമായി ഉമേഷ് യാദവും പുറത്താവുകയായിരുന്നു.

മൂന്നാം ദിനത്തില്‍ സ്പിന്നര്‍മാരെ കൂടുതല്‍ തുണയ്ക്കുമെന്ന് കരുതുന്ന പിച്ചില്‍ ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിക്കാനാകും ടീം ഇന്ത്യയുടെ ശ്രമം. അഞ്ച് വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ ഫോളോ ഓണ്‍ ഭീഷണി മറികടക്കാന്‍ ഇംഗ്ലണ്ടിന് ഇനി 152 റണ്‍സ് ആവശ്യമാണ്. 12 റണ്‍സ് വീതം നേടിയ ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് ക്രീസില്‍.

Comments

comments

Categories: Sports