ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കരുത്

ജനങ്ങളെ ഇനിയും  ബുദ്ധിമുട്ടിക്കരുത്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുപ്രധാനമായ സാമ്പത്തിക പരിഷ്‌കരണ നയങ്ങളുടെ ഭാഗമായ നോട്ട് അസാധുവാക്കല്‍ പ്രാവര്‍ത്തികമായിട്ട് 10 ദിവസം പിന്നിടുന്നു. യാതൊരുവിധ മുന്നൊരുക്കങ്ങളുമില്ലാതെ നടത്തിയ ഈ സാഹസത്തിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന കടുത്ത ബുദ്ധിമുട്ടുകള്‍ക്ക് അവസാനമാകാത്ത സ്ഥിതിയാണ്. ദേശീയ, പ്രാദേശിക മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹഫിംഗ്ടണ്‍ പോസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് നോട്ട് അസാധുവാക്കി ഒമ്പത് ദിവസം പിന്നിടുമ്പോള്‍ അതിനെത്തുടര്‍ന്നുണ്ടായ മരണങ്ങളുടെ എണ്ണം 55 ആയി എന്നാണ്.

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ഒരിക്കലും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ രാജ്യത്തെ ബാങ്കിംഗ് ശൃംഖലയുടെയും എടിഎം സംവിധാനങ്ങളുടെയും പണമൊഴുക്കിന്റെയും ആഴമറിയാതെ നടത്തിയ ഈ നടപടി വലിയ അതൃപ്തിയാണ് ജനങ്ങള്‍ക്കിടയിലുണ്ടാക്കിയത്. ഒരു തരത്തിലുള്ള സാമ്പത്തിക അടിയന്തരാവസ്ഥ പോലെ പണം വരുന്ന എടിഎം തേടി അലയുന്ന ജനങ്ങളെയാണ് കണ്ടത്. സ്വന്തം പണം പിന്‍വലിക്കുന്നതിന് പരിധി വെച്ച സര്‍ക്കാര്‍ വ്യക്തി സ്വാതന്ത്ര്യത്തെയാണ് ഹനിച്ചത്. ഇങ്ങനെയല്ല പരിഷ്‌കരണ നയങ്ങള്‍ നടപ്പാക്കേണ്ടത്. കാഷ്‌ലെസ് ട്രാന്‍സാക്ഷനുവേണ്ടിയുള്ള ഡിജിറ്റല്‍ ആവാസവ്യവസ്ഥ ഒരുക്കിയ ശേഷം മാത്രം ആകണമായിരുന്നു പണം അസാധുവാക്കുന്ന നടപടികള്‍ കൈക്കൊള്ളേണ്ടിയിരുന്നത്. റീട്ടെയ്ല്‍ വ്യാപാരത്തെയും സപ്ലൈ ചെയ്‌നുകളെയും മറ്റ് കച്ചവടക്കാരെയുമെല്ലാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി ബാധിച്ചു. ഏറ്റവും കൂടുതല്‍ പണവ്യവഹാരത്തിന് ഉപയോഗിക്കുന്ന 500, 1000 നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ പകരം സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചില്ലെന്നത് വലിയ തെറ്റാണ്. ദക്ഷിണേന്ത്യയില്‍ ഇത് ജനങ്ങളുടെ ദൈനംദിന വ്യവഹാരത്തെയാണ് ബാധിച്ചതെങ്കില്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പലരുടെയും ജീവന്‍ നിലനിര്‍ത്തുന്നതിനെവരെ നോട്ട് അസാധുവാക്കല്‍ ബാധിച്ചു. കൂടുതല്‍ നോട്ടുകള്‍ പ്രിന്റ് ചെയ്ത് എടിഎമ്മുകളില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കണം. മിന്റില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം 500 രൂപ നോട്ടുകളുടെ പ്രിന്റിങ് ആവശ്യത്തിന് ആയിട്ടില്ല. നവംബര്‍ 17ന് മിന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് 500 രൂപയുടെ 15 ദശലക്ഷം പീസുകള്‍ പ്രിന്റ് ചെയ്തുവെന്നാണ്. 400 ദശലക്ഷം യൂണിറ്റുകളാണ് പ്രിന്റ് ചെയ്യേണ്ടത്. ഇത് എത്രയും പെട്ടെന്ന് വര്‍ധിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. ഇതിനോടൊപ്പം ഇലക്‌ട്രോണിക് ട്രാന്‍സാക്ഷനുകള്‍ പരമാവധി വ്യാപിപ്പിക്കണം.
എന്തായാലും കള്ളപ്പണക്കാര്‍ക്കെതിരെ എടുത്ത നടപടി കള്ളപ്പണവുമായി ബന്ധമില്ലാത്ത സാധാരണക്കാരെയാണ് ബാധിക്കുന്നത്. അത് ഇനിയെങ്കിലും തിരിച്ചറിഞ്ഞ് വേണ്ടത് ചെയ്യാന്‍ നരേന്ദ്ര മോദി ശ്രമിക്കണം.

Comments

comments

Categories: Editorial