നോട്ട് അസാധുവാക്കല്‍: റീ ചാര്‍ജുകള്‍ കുറഞ്ഞു; ടെലികോം മേഖലയിലും പ്രതിസന്ധി

നോട്ട് അസാധുവാക്കല്‍:  റീ ചാര്‍ജുകള്‍ കുറഞ്ഞു; ടെലികോം മേഖലയിലും പ്രതിസന്ധി

 

മുംബൈ: 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം റിലയന്‍സ് ജിയോയില്‍ നിന്നും കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തില്‍ മറ്റു ടെലികോം കമ്പനികളെ സംബന്ധിച്ചിടത്തോളം ഇരട്ട ആഘാതമാണുണ്ടാക്കിയത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മൊബീല്‍ റീചാര്‍ജ് ചെയ്യുന്നതില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഏകദേശം 90 ശതമാനത്തോളം വരുന്ന ഉപഭോക്താക്കള്‍ പ്രീപെയ്ഡ് വിഭാഗത്തിലുള്ള ടെലികമ്യൂണിക്കേഷന്‍ മേഖലയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ സ്ഥിതിയാണിത്.

ഭൂരിഭാഗം വരുന്ന ഉപഭോക്താക്കളും പണം നേരിട്ട് നല്‍കികൊണ്ടാണ് മൊബീല്‍ റീചാര്‍ജ് സേവനം ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാല്‍ കറന്‍സികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതോടെ ഇതില്‍ ഗണ്യമായ കുറവുണ്ടായതായാണ് വിവരം. കൈയില്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പണമില്ലാതായതോടെ ജനങ്ങള്‍ മൊബീല്‍ റീചാര്‍ജ് ചെലവ് വെട്ടിചുരുക്കുകയാണ്. ഇത് ടെലികോം കമ്പനികളുടെ വരുമാനത്തില്‍ വലിയ രീതിയിലുള്ള പ്രതിഫലനമുണ്ടാക്കുമെന്നാണ് ഈ മേഖലയില്‍ നിന്നുള്ള നിരീക്ഷണം.

ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ തുടങ്ങിയവയുടെ ഡിസംബറില്‍ അവസാനിക്കുന്ന നടപ്പുസാമ്പത്തിക പാദത്തിന്റെ ഫലങ്ങളില്‍ നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പ്രതിഫലിക്കുമെന്ന സൂചനകളാണ് അനലിസ്റ്റുകള്‍ തരുന്നത്. എന്നാല്‍ റിലയന്‍സ് ജിയോയെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധി കാര്യമായ ആഘാതമുണ്ടാക്കില്ല. നിലവില്‍ സൗജന്യ നിരക്കിലാണ് കമ്പനി സേവനം നല്‍കുന്നത് എന്നതാണ് ഇതിന് കാരണം.

റീ ചാര്‍ജ് വൗച്ചര്‍, ഇലക്ട്രോണിക് ടോപ്പ്-അപ്പ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഡെല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ നടന്നിട്ടുള്ള റീചാര്‍ജുകളില്‍ നോട്ട് അസാധുവാക്കിയതിനു ശേഷം 70 മുതല്‍ 80 ശതമാനം വരെ കുറവാണ് രേഖപ്പെടുത്തിയത്. പണപ്രതിസന്ധി തങ്ങളുടെ ബിസിനസിനെ ഇല്ലാതാക്കുമോ എന്ന ആശങ്കയും റീട്ടെയ്‌ലര്‍മാര്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം പ്രീപെയ്ഡ് ഉപഭോക്താക്കള്‍ തങ്ങളുടെ റീചാര്‍ജ് തുക കാലവധി തീരും മുമ്പ് പൂര്‍ണമായും ഉപയോഗപ്പെടുത്തി എന്നുറപ്പുവരുത്തുന്നതിനു വേണ്ടി ഔട്ട്‌ഗോയിംഗ് കോളുകള്‍ കൂടുതല്‍ ചെയ്യുന്നുണ്ടെന്നും ഇത് വരുമാനത്തെ ബാധിക്കുമെന്നും ടെലികോം ഓപ്പറേറ്റര്‍മാര്‍ പ്രതികരിച്ചു. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ കമ്പനികള്‍ ഇതുവരെ ഇത്തരം പ്രശ്‌നങ്ങളോട് പരസ്യമായി പ്രതികരിച്ചിട്ടില്ല.

Comments

comments

Categories: Slider, Top Stories