ബാങ്കുകള്‍ക്ക് മഷി എത്തിച്ച് മൈസൂര്‍ പെയിന്റ്‌സ്

ബാങ്കുകള്‍ക്ക് മഷി എത്തിച്ച് മൈസൂര്‍ പെയിന്റ്‌സ്

പലതവണ ഒരാള്‍ തന്നെ നോട്ട് മാറുന്നത് തടയാന്‍ കൈയ്യില്‍ മഷി പുരട്ടാം എന്ന തീരുമാനം വന്നതോടെ മൈസൂര്‍ പെയിന്റ്‌സില്‍ ബാങ്കുകളുടെ തിരക്ക്. അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ഇലക്ഷന് മായാത്ത മഷി വിതരണം ചെയ്യുന്നത് മൈസൂര്‍ പെയിന്റ്‌സ് ആന്റ് വാര്‍ണിഷ് ലിമിറ്റഡ് ആണ്. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിക്കാത്ത സമയത്ത് പ്രതീക്ഷിക്കാത്ത ഇടത്തുനിന്നുള്ള ഓര്‍ഡറുകളുടെ തിരക്കിലാണ് മൈസൂര്‍ പെയിന്റ്‌സ്. രണ്ട് മില്ല്യനോളം കുപ്പി മഷി ഈ ആഴ്ച അവസാനത്തോടെ ബാങ്കുകളില്‍ എത്തിക്കേണ്ടി വരും. ആദ്യ ഓര്‍ഡര്‍ നല്‍കിയത് റിസര്‍വ് ബാങ്ക് ആണ്.

സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ദദാസിന്റെ പ്രഖ്യാപനം വന്നതിന്റെ തൊട്ടു പുറകെ തന്നെ പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളുടെ ഡല്‍ഹി ബെംഗളൂരു, മൈസൂര്‍ ഓഫീസുകളില്‍ നിന്ന് മഷിക്ക് ഓര്‍ഡറുകള്‍ വന്നുതുടങ്ങിയെന്ന് മൈസൂര്‍ പെയിന്റ് ചെയര്‍മാന്‍ എച്ച് എ വെങ്കടേഷ് പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ ബാങ്കില്‍ നിന്നും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി മഷിയുടെ സാമ്പിളുകള്‍ ശേഖരിക്കുകയും മഷിയുടെ ഉപയോഗക്രമവും അളവും ചോദിച്ചുമനസ്സിലാക്കുകയും ചെയ്തു.

കൃത്യമായി എത്ര മഷി വേണ്ടിവരുമെന്ന് പിന്നീട് അറിയിക്കുമെന്ന് മൈസൂര്‍ പെയിന്റ്‌സിന്റെ മാര്‍ക്കറ്റിങ് മാനേജര്‍ സി ഹരകുമാര്‍ പറഞ്ഞു. ബാങ്കുകള്‍ക്കായി വിതരണം ചെയ്യുന്ന മഷിയുടെ അഞ്ച് എംഎല്‍ പാക്കറ്റിന് 115.92 രൂപയാണ് വില.

Comments

comments

Categories: Trending