നോട്ട് അസാധുവാക്കല്‍: സിഗരറ്റ് വില്‍പ്പന ഇടിഞ്ഞു

നോട്ട് അസാധുവാക്കല്‍: സിഗരറ്റ് വില്‍പ്പന ഇടിഞ്ഞു

കൊല്‍ക്കത്ത: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് സിഗരറ്റ് വില്‍പ്പന 30-40 ശതമാനം താഴ്‌ന്നെന്ന് റിപ്പോര്‍ട്ട്. നോട്ട് ക്ഷാമം നീണ്ടുനില്‍ക്കുകയാണെങ്കില്‍ വിതരണക്കാരുടെ സ്ഥിതി പരിതാപകരമാകും. പ്രമുഖ സിഗരറ്റ് കമ്പനികളായ ഐടിസി, ഗോഡ്‌ഫ്രെ ഫിലിപ്പ്‌സ് തുടങ്ങിയവ നിര്‍മാണം കുറയ്ക്കാന്‍ നിര്‍ബന്ധിതരായേക്കും.
നോട്ട് അസാധുവാക്കലുണ്ടാക്കിയ സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ പുകവലിക്കുന്നവര്‍ സിഗരറ്റിന്റെ ഉപഭോഗം നിയന്ത്രിക്കുന്നുണ്ട്. പുകവലി ഒഴിവാക്കാന്‍ കഴിയുന്നവര്‍ ഇതിനകം തന്നെ അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ഈ തുക സ്വരൂപിക്കുന്നു. അതിന്റെ ഫലമായി സിഗരറ്റ് വില്‍പ്പന ഏകദേശം നാല്‍പ്പതു ശതമാനം വരെ കുറഞ്ഞെന്ന് വിപണി ഗവേഷണ തലവനായ ദല്‍ജീത് സിംഗ് കോഹ്‌ലി പറഞ്ഞു.
ഏറ്റവും താഴെത്തട്ടിലുള്ള സിഗരറ്റ് വില്‍പ്പനക്കാരാണ് പണ ദൗര്‍ലഭ്യത്തിന്റെ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ഓണ്‍ലൈന്‍ പേയ്‌മെന്റ് സൗകര്യങ്ങളെപ്പറ്റി അറിവില്ല. നോട്ട് ക്ഷാമം രണ്ടാഴ്ച കൂടി തുടര്‍ന്നാല്‍ വിതരണ ശൃംഖലകളില്‍ സിഗരറ്റ് സ്‌റ്റോക്കുകള്‍ കെട്ടിക്കിടക്കുന്നതിന് ഇടയാക്കുമെന്ന് കോഹ്‌ലി ചൂണ്ടിക്കാട്ടി.
സിഗരറ്റ് വില്‍പ്പനക്കാര്‍ ഇതിനോടകം തന്നെ നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം അനുഭവിക്കുന്നുണ്ട്. വില്‍പ്പനക്കാര്‍ വാങ്ങുന്ന പായ്ക്കുകളുടെ എണ്ണം കുറയ്ക്കുകയോ വാങ്ങല്‍ നിര്‍ത്തുകയോ ചെയ്താല്‍ വരും ദിവസങ്ങളില്‍ വിതരണക്കാരുടെ പക്കലും സ്റ്റോക്ക് കുമിഞ്ഞ് കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോട്ട് പിന്‍വലിക്കല്‍ സിഗരറ്റ് വില്‍പ്പനയെ ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്ന് ധനകാര്യ സേവന കമ്പനിയായ എഡല്‍വെയ്‌സിന്റെ ഗവേഷണ തലവന്‍ വിനയ് ഖട്ടാര്‍ വ്യക്തമാക്കി. അടുത്ത എട്ടു-പത്ത് ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ കുറവായിരിക്കും. എന്നാല്‍ അധികം വൈകാതെ സിഗരറ്റിന്റെ ആവശ്യകത ഉയരും. സിഗരറ്റ് എന്നത് ഉയര്‍ന്ന അഡിറ്റീവ് ഉല്‍പ്പന്നമായതിനാല്‍ അവയുടെ ഉപഭോഗം കുറയ്ക്കാനാവില്ല. നിലവിലെ മാന്ദ്യം കാരണമാണ് സിഗരറ്റിന്റെ വില്‍പ്പന പിന്നോട്ടടിക്കപ്പെട്ടതെന്ന് ഖട്ടാര്‍ വിലയിരുത്തി.
നോട്ട് അസാധുവാക്കല്‍ സിഗരറ്റ് വില്‍പ്പനയെ ബാധിച്ചതു സംബന്ധിച്ച് വിശദമാക്കാന്‍ ഐടിസി തയാറായില്ല. അതേസമയം, 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സര്‍ക്കാര്‍ നടപടി പ്രശംസനീയമാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

Comments

comments

Categories: Branding, Slider

Write a Comment

Your e-mail address will not be published.
Required fields are marked*