റസിഡന്‍ഷ്യല്‍ പദ്ധതികള്‍: ആവശ്യക്കാര്‍ കുറഞ്ഞു; വിലക്കുറവിന് കമ്പനികള്‍ മടിക്കുന്നു

റസിഡന്‍ഷ്യല്‍ പദ്ധതികള്‍:  ആവശ്യക്കാര്‍ കുറഞ്ഞു; വിലക്കുറവിന് കമ്പനികള്‍ മടിക്കുന്നു

 

ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്ന റെസിഡന്‍ഷ്യല്‍ പദ്ധതികള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞിട്ടും ഇവയുടെ വിലയില്‍ കുറവ് വരുത്താന്‍ കമ്പനികള്‍ മടിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുഖ്യ പലിശ നിരക്കുകളില്‍ കുറവ് വരുത്തിയിട്ടും വീട് വില്‍പ്പനയില്‍ പുരോഗതി കൈവരിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇതോടൊപ്പം കറന്‍സി അസാധുവാക്കല്‍ പ്രഖ്യാപിച്ചതും വില്‍പ്പനയ്ക്ക് ഇനിയും തിരിച്ചടിയാകുമെന്നാണ് വിദഗ്ധര്‍ ആശങ്കപ്പെടുന്നത്.
അതേസമയം, നിരക്കുകളില്‍ കുറവ് വരുത്തിയത് ബാങ്ക് വായ്പ എടുത്തവര്‍ക്ക് നേട്ടമാവുമെങ്കിലും ഉപഭോക്താക്കള്‍ പാര്‍പ്പിടങ്ങള്‍ സ്വന്തമാക്കാന്‍ മുതിരുന്നില്ല. ഉയര്‍ന്ന വിലയാണ് ഇതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വീടുകള്‍ വാങ്ങുന്നതിനും റിയല്‍റ്റി വിപണിയില്‍ കൂടുതല്‍ ഇടപാടുകള്‍ നടക്കുന്നതിനും റസിഡന്‍ഷ്യല്‍ പ്രോജക്റ്റ് നിര്‍മാതാക്കള്‍ വിലയില്‍ കുറവ് വരുത്തണമെന്ന് കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ കാര്യമായ പുരോഗതിയുണ്ടാവാത്ത സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം കമ്പനികളോട് നിര്‍ദേശിച്ചത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ വിപണിക്ക് വന്‍ തിരിച്ചടിയാണുണ്ടായത്. പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ വില്‍പ്പനയും ഏറ്റവും കുറഞ്ഞ പുതിയ പദ്ധതികളുമാണ് കഴിഞ്ഞ വര്‍ഷം ഈ മേഖലയില്‍ രേഖപ്പെടുത്തിയത്. പലിശ നിരക്കുകളില്‍ കുറവ് വന്നത് ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ.
വിലയില്‍ കുറവ് വരുത്തുന്ന കാര്യം ആലോചിക്കുന്നില്ലെന്നാണ് അന്ന് പാര്‍പ്പിട നിര്‍മാതാക്കള്‍ രഘുറാം രാജന് മറുപടി നല്‍കിയിരുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 30 ശതമാനത്തോളം വിലയിടിവ് ഈ മേഖലയിലുണ്ടായിട്ടുണ്ട്. രാജ്യത്ത് വില്‍പ്പന നടന്ന 90 ശതമാനം വീടുകളിലും വിലയില്‍ കുറവ് വരുത്തിയാണ് ഉപഭോക്താക്കളിലെത്തിയത്. ഭൂമി വില വര്‍ധിച്ചതും, വന്‍ നിര്‍മാണ ചെലവും കണക്കാക്കുമ്പോള്‍ വിലയില്‍ ഇനിയും കുറവ് വരുത്തിയാല്‍ കമ്പനികളുടെ നിഷ്‌ക്രിയ ആസ്തി വര്‍ധിക്കുകയല്ലാതെ മെച്ചമുണ്ടാകില്ലെന്നാണ് കമ്പനികള്‍ വാദിക്കുന്നത്.
അതേസമയം, റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഹൗസിംഗ് പ്രൈസ് ഇന്‍ഡക്‌സ് അനുസരിച്ച് 2015 ഡിസംബര്‍ പാദം മുതല്‍ പാര്‍പ്പിട വില വര്‍ധിച്ചു വരുന്നതായാണ് കാണിക്കുന്നത്. ഇതുകൊണ്ടാണ് ഉപഭോക്താക്കള്‍ വിപണിയില്‍ നിന്നും അകലുന്നത് എന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു. മുംബൈ, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബെംഗളൂരു, ലക്‌നൗ, അഹ്മദാബാദ്, ജയ്പൂര്‍, കാന്‍പൂര്‍, കൊച്ചി എന്നീ നഗരങ്ങളെ അടിസ്ഥാനമാക്കിയാണ് ആര്‍ബിഐ സൂചിക തയാറാകിയത്.
നൈറ്റ് ഫ്രാങ്ക് തയാറാക്കിയ മറ്റൊരു വില വിവരപട്ടികയില്‍ രാജ്യത്തെ എട്ട് പ്രമുഖ നഗരങ്ങളില്‍ പാര്‍പ്പിടങ്ങളുടെ വില മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ ഉയര്‍ന്നുവെന്ന് വ്യക്തമാക്കുന്നു. 2013-15 കാലയളവിനുള്ളിലാണ് ഇത്.
പ്രമുഖ ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ പ്രോപ്‌ടൈഗറിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം മാര്‍ച്ച് വരെ പാര്‍പ്പിടങ്ങളുടെ വില്‍പ്പനയും, പുതിയ പദ്ധതികളുടെ അവതരണവും കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണെന്നാണ് വ്യക്തമാക്കുന്നത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍ കുറഞ്ഞത് എന്നിവയാണ് പാര്‍പ്പിട വില്‍പ്പന കുറയുന്നതിന് കാരണമായി പ്രോപ്‌ടൈഗര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉയര്‍ന്ന വിലയും പലിശയും, പദ്ധതികള്‍ പൂര്‍ത്തിയാകാനെടുക്കുന്ന താമസവും ഉപഭോക്താക്കളെ വിപണിയില്‍ നിന്നും അകറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചെന്നും പ്രോപ്‌ടൈഗര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിസന്ധി മറികടക്കാന്‍ ചില കമ്പനികള്‍ ഉപഭോക്താക്കളുമായി വിലയില്‍ വിട്ടവീഴ്ചയ്ക്ക് തയാറാകുന്നുണ്ട്. പക്ഷേ, ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഈ കമ്പനികള്‍ തയാറാകുന്നില്ല. വിലക്കുറവ് പ്രഖ്യാപിച്ചാല്‍ വിപണിയെ തന്നെ ബാധിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. വിലയില്‍ കുറവ് വരുത്തിയാല്‍ മാത്രമേ ഈ മേഖലയ്ക്ക് നേട്ടത്തിലെത്താന്‍ സാധിക്കൂ എന്നതാണ് റിയല്‍ എസ്റ്റേറ്റ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: Business & Economy