പദ്ധതി വൈകല്‍: ഉപഭോക്താക്കള്‍ ഉണരുന്നു;കമ്പനികള്‍ കോടതി കയറും

പദ്ധതി വൈകല്‍: ഉപഭോക്താക്കള്‍ ഉണരുന്നു;കമ്പനികള്‍ കോടതി കയറും

 

ന്യൂഡെല്‍ഹി: പദ്ധതികള്‍ കൃത്യസമയത്തിന് പൂര്‍ത്തായാക്കി കൈമാറ്റം ചെയ്യാത്ത ബില്‍ഡര്‍മാര്‍ക്കെതിരേയും ഫണ്ടുകള്‍ തിരുമറി നടത്തുന്നവര്‍ക്കെതിരേയും റിയല്‍റ്റി ഉപഭോക്താക്കള്‍ കോടതിയെ സമീപിക്കുന്നത് വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. വിപണിയില്‍ അനധികൃത നിര്‍മാതാക്കള്‍ ഉപഭോക്താക്കളെ കബളിപ്പിക്കല്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ പരാതിയുമായി കോടതിയെ സമീപിക്കുന്നത്. ബില്‍ഡര്‍മാരുമായി ബന്ധപ്പെട്ട് ഉപഭോക്തൃ പരാതി പരിഹാര കമ്മീഷനില്‍ പരാതികള്‍ നല്‍കുന്നതിന്
അഭിഭാഷകരെ സമീപിക്കുന്നവരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് മുംബൈ സ്വദേശിയായ അഭിഭാഷകന്‍ സാഹില്‍ സേതി വ്യക്തമാക്കി. നോയിഡയിലുള്ള കാലിപ്‌സൊ കോര്‍ട്ട് പദ്ധതി പൂര്‍ത്തീകരണം വൈകിയതുമായി ബന്ധപ്പെട്ട് ഇതിലെ ഉപഭോക്താക്കള്‍ സാഹില്‍ സേതിയിലൂടെയാണ് കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന പദ്ധതി നിര്‍മാതാക്കളായ ജെപി ബില്‍ഡേഴ്‌സിനോട് പദ്ധതി പൂര്‍ത്തീകരണം വൈകിയതിന് 12 ശതമാനം പലിശ നല്‍കാനും ജൂലൈ 21നകം പദ്ധതി പൂര്‍ത്തീകരിക്കാനും കോടതി ഉത്തരവിട്ടു. പദ്ധതി പൂര്‍ത്തിയായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് വരെ ഒരു വീടിന് 5,000 രൂപ എന്ന നിലയില്‍ നഷ്ടപരിഹാരം നല്‍കുകയും വേണമെന്ന് കോടതി വ്യക്തമാക്കി.
മുംബൈ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന പ്രമുഖ റിയല്‍റ്റി കമ്പനിയായ ലോധ ഗ്രൂപ്പിനോട് ഒരു ഉപഭോക്താവ് നല്‍കിയ 1.02 കോടി രൂപ പലിശയടക്കം മടക്കി നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. പര്‍സ്വന്ത് ഡെവലപ്പേഴ്‌സിന്റെ ഗാസിയാബാധിലെ പര്‍സ്വന്ത് എക്‌സോട്ടിക അപ്പാര്‍ട്ട്‌മെന്റ് പദ്ധതി പറഞ്ഞ സമയത്തിന് പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ 70ഓളം ഉപഭോക്താക്കള്‍ നല്‍കിയ മുഴുവന്‍ തുകയും 12 ശതമാനം പലിശയോടെ തിരിച്ച് നല്‍കാനും കോടതി ഉത്തരവുണ്ടായിരുന്നു.
കോടതിയില്‍ നിന്നും ലഭിക്കുന്ന അനുകൂല നടപടികള്‍ ഉപഭോക്താക്കളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ കോടതിയെ സമീപിക്കുന്ന ഉപഭോക്താക്കളില്‍ കുറഞ്ഞ കാലയളവില്‍ വന്‍ വര്‍ധനയാണുണ്ടാക്കുന്നതെന്നാണ് റിയല്‍റ്റി നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ പരാതി പരിഹാര കമ്മീഷന്‍ പ്രമുഖ ബില്‍ഡര്‍മാരായ യൂണിടെക്കിനോട് ഉപഭോക്താക്കള്‍ക്ക് പിഴയടയ്ക്കാന്‍ ഉത്തരവിട്ടത് മുതലാണ് ഉപഭോക്താക്കള്‍ പരാതി പരിഹരിക്കുന്നതിനായി കോടതിയെ സമീപിക്കുന്നത് വര്‍ധിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കമ്മീഷന്റെ നിലപാടുകള്‍ ഉപഭോക്താക്കള്‍ക്ക് നേട്ടവും അതോടൊപ്പം ബില്‍ഡര്‍മാര്‍ക്ക് മുന്നറിയിപ്പും നല്‍കുന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള പരാതികളുടെ എണ്ണം നാല് മടങ്ങ് വര്‍ധിച്ചു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ആദ്യം രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് കമ്മീഷന്‍ വാദം കേട്ടിരുന്നത് എങ്കില്‍ നിലവില്‍ ഇത് ഒരു മാസം വരെ കഴിഞ്ഞാണ് പരാതിയില്‍ വാദം കേള്‍ക്കുന്നത്.
പദ്ധതി പൂര്‍ത്തീകരണം ഒരു വര്‍ഷത്തോളം വൈകിയാണുണ്ടാവുന്നത്. ബില്‍ഡര്‍മാര്‍ പദ്ധതി പൂര്‍ത്തീകരണം വേഗത്തിലാക്കിയാലും ഉപഭോക്താക്കള്‍ കോടതിയെ സമീപിക്കുകയും പദ്ധതി വീണ്ടും വൈകുകയും ചെയ്യുന്നു.കോണ്‍ഫഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഗീതാംബര്‍ ആനന്ദ് വ്യക്തമാക്കി. പ്രോപ്പര്‍ട്ടി റിസര്‍ച്ച് കമ്പനിയായ ലിയാസെസ് ഫോറാസിന്റെ പഠനം അനുസരിച്ച് രാജ്യത്തെ പകുതിയില്‍ അധികം റിയല്‍ എസ്റ്റേറ്റ് പദ്ധതികളും പൂര്‍ത്തിയാകുന്നിത് ഒരു വര്‍ഷത്തോളം വൈകിയാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതില്‍ 25 ശതമാനം രണ്ടര വര്‍ഷത്തോളവും വൈകിയാണ് പൂര്‍ത്തിയാകുന്നത്.
അതേസമയം, അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുത്താനുദ്ദേശിക്കുന്ന റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം വരുന്നതോടെ വിപണി കൂടുതല്‍ സുതാര്യമാവുകയും ഉപഭോക്താക്കള്‍ക്ക് കോടതിയെ നേരിട്ട് സമീപിക്കേണ്ട ആവശ്യമില്ലാതാവുകയും ചെയ്യുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: Business & Economy