കടലിലെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ബ്രാന്‍ഡഡ് ഷൂസ്

കടലിലെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ബ്രാന്‍ഡഡ് ഷൂസ്

പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ഷൂസോ…കേള്‍ക്കുമ്പോള്‍ അദ്തുഭം തോന്നാം. എന്നാല്‍ സത്യമാണ്. ഇന്ത്യന്‍ സമുദ്രത്തില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് നിര്‍മ്മിച്ച ബ്രാന്‍ഡഡ് ഷൂസുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്‌പോര്‍ട്‌സ് ഉല്‍പ്പന്ന ബ്രാന്‍ഡായ അഡിഡാസ്. ‘അള്‍ട്രാബൂസ്റ്റ് അണ്‍കേജ്ഡ് പാര്‍ലെ’ എന്ന പേരില്‍ 7,000 ജോടി ഷൂസുകളാണ് കമ്പനി വിപണിയിലിറക്കിയിരിക്കുന്നത്. ഒരു ജോടിക്ക് 220 ഡോളറാണ് വില.

സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് കുറയ്ക്കുന്നതിനായി പരിശ്രമിക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായ പാര്‍ലെ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് അഡിഡാസ് ഷൂസ് നിര്‍മ്മിക്കുന്നത്. ഷൂസിന്റെ അസംസ്‌കൃതവസ്തുവില്‍ 95 ശതമാനവും ഇന്ത്യന്‍ മാഹാസമുദ്രത്തില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യമാണ്. ബാക്കി 5 ശതമാനം പോളിസ്റ്റര്‍ പുനരുപയോഗം വഴിയാണ് സാധ്യമാക്കിയത്. ഷൂസിന്റെ ഹീല്‍, ലൈനിംഗ്, ലേസ് എന്നിവയുടെ നിര്‍മ്മാണത്തിന് മാലിന്യം റീസൈക്കിള്‍ ചെയ്‌തെടുത്ത വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ഷൂ നിര്‍മ്മിക്കുന്നതിന് 11 പ്ലാസ്റ്റിക് കുപ്പികളാണ് വേണ്ടിവന്നത്. 2017 ല്‍ ഒരു ദശലക്ഷത്തിലധികം ഷൂസുകള്‍ നിര്‍മ്മിക്കാനാണ് അഡിഡാസിന്റെ പദ്ധതി. ഇതുവഴി 11 ദശലക്ഷത്തിലധികം പ്ലാസ്റ്റിക് കുപ്പികള്‍ പുനരുപയോഗത്തിനു വിധേയമാക്കാന്‍ കഴിയുമെന്നാണ് ഗ്ലോബല്‍ സിറ്റിസണിന്റെ അഭിപ്രായം.

ലോകത്താകമാനം ഒരു വര്‍ഷം 500 ബില്യണിനും ഒരു ട്രില്യണിനുമിടയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിച്ചശേഷം ഉപേക്ഷിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും പ്രത്യക്ഷമായോ പരോഷമായോ കടലില്‍ ഉപേക്ഷിക്കപ്പെടുകയാണ് പതിവ്. ഇവ ഭക്ഷിച്ചും ഇവയുടെ കുരുക്കില്‍പ്പെട്ടുമെല്ലാം പ്രതിവര്‍ഷം 1,00,000 ലധികം തിമിംഗലങ്ങളും സീലുകളും ആമകളുമാണ് ചത്തൊടുങ്ങുന്നത്. നിലവില്‍ 100 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് സമുദ്രത്തില്‍ ചെന്നുചേര്‍ന്നിട്ടുണ്ടെന്നാണ് അനുമാനിക്കുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാകാനാണ് സാധ്യത. കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ മാര്‍ഗങ്ങള്‍ തേടുന്ന സമയത്ത് മാലിന്യത്തില്‍ നിന്ന് ഉപയോഗപ്രദമായൊരു ഉല്‍പ്പന്നം എന്ന ആശയം തികച്ചു പ്രതീക്ഷയ്ക്കു വക നല്‍കുന്നതാണ്. മാലിന്യത്തില്‍ നിന്ന് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് അഡിഡാസ്.

Comments

comments

Categories: Trending