നോട്ട് അസാധുവാക്കല്‍: ഇന്ത്യന്‍ ഇ-കോമേഴ്‌സ് വിപണിക്ക് ഗുണകരമെന്ന് ഫേസ്ബുക്ക്

നോട്ട് അസാധുവാക്കല്‍:  ഇന്ത്യന്‍ ഇ-കോമേഴ്‌സ് വിപണിക്ക് ഗുണകരമെന്ന് ഫേസ്ബുക്ക്

 

ബെംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി ഇന്ത്യന്‍ ഇ-കോമേഴ്‌സ് വിപണിക്ക് ഗുണം ചെയ്യുമെന്ന് ഫേസ്ബുക്ക്. ഇന്ത്യന്‍ ഇ-കോമേഴ്‌സ് വിപണിയില്‍ ക്യാഷ് ഒണ്‍ ഡെലിവറി വര്‍ധിക്കുന്നതു മൂലമുള്ള പ്രതിബന്ധങ്ങള്‍ ഇല്ലാതാകുന്നതിന് ഇത് ഉപകരിക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഉമാങ്ങ് ബേദി ചൂണ്ടിക്കാട്ടി. ഗ്ലോബല്‍ മൊബീല്‍ ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സില്‍ ഡിജിറ്റല്‍ തടസ്സങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ നടപടിയുടെ ഫലമായി വിപണിയില്‍ പണ വിനിമയം കുറയുന്നതും ജനം ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നതും കാണാം. ഇത് ഇ-കോമേഴ്‌സ് രംഗത്തെയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കുറച്ചുകാലത്തേക്ക് മാത്രമാണെന്നും ഭാവിയില്‍ ഇ-കോമേഴ്‌സ് വിപണിക്ക് ഗുണം മാത്രമേ ഉണ്ടാകൂവെന്നും ഉമാങ്ങ് ബേദി വ്യക്തമാക്കി.

നോട്ട് പിന്‍വലിക്കല്‍ ശരിയായ നടപടിയാണെന്നും ഇത് നല്ല ഭരണത്തിനും വാണിജ്യ പുരോഗതിക്കും ഇടവരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റല്‍ അഡോപ്ഷന്‍, കൂടുതല്‍ ഡിമാന്‍ഡ്, സുതാര്യത, മികച്ച ഭരണം എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രോത്സാഹനമാകും.

കഴിഞ്ഞ ദീപാവലി സീസണില്‍ രാജ്യത്തെ സ്‌നാപ്ഡീല്‍, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഇ-കോമേഴ്‌സ് കമ്പനികള്‍ക്ക് 4 ബില്യണ്‍ യുഎസ് ഡോളറിന്റെ കച്ചവടം മാത്രമാണ് നടത്താന്‍ സാധിച്ചതെങ്കില്‍ ചൈനീസ് ഇ-കോമേഴ്‌സ് ഭീമനായ ആലിബാബയ്ക്ക് ചൈനയിലെ സിംഗ്ള്‍സ് ഡേയില്‍ ഒരു ദിവസം 20 ബില്യണ്‍ യുഎസ് ഡോളറിന്റെ കച്ചവടം നടത്താന്‍ കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കമ്പനികള്‍ 60 ശതമാനത്തോളം ക്യാഷ് ഓണ്‍ ഡെലിവറി അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതാണ് ഇതിന് കാരണമെന്നും ഉമാങ്ങ് ബേദി പറഞ്ഞു. വാലന്റൈന്‍സ് ദിനത്തിനു സമാനമായി ചൈനയിലെ യുവാക്കള്‍ ആഘോഷിക്കുന്ന സിംഗിള്‍സ് ഡേ നവംബര്‍ 11നായിരുന്നു.

Comments

comments

Categories: Branding