സക്കീര്‍ ഹുസൈനെ ഡിസംബര്‍ ഒന്ന് വരെ റിമാന്‍ഡ് ചെയ്തു

സക്കീര്‍ ഹുസൈനെ ഡിസംബര്‍ ഒന്ന് വരെ റിമാന്‍ഡ് ചെയ്തു

 

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് ഇന്നലെ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി കീഴടങ്ങി. തുടര്‍ന്നു കോടതിയില്‍ ഹാജരായ സക്കീറിനു ജാമ്യം അനുവദിച്ചില്ല. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.
ഡിസംബര്‍ ഒന്ന് വരെ റിമാന്റ് ചെയ്തു. കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്.
ഇന്നലെ രാവിലെ എട്ട് മണിയോടെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന്റെ പിന്നിലെ ഗേറ്റിലൂടെ രഹസ്യമായാണ് സക്കീര്‍ കീഴടങ്ങാനെത്തിയത്.

ഡയറിഫാം വ്യവസായിയായ തൃക്കാക്കര സ്വദേശിനി ഷീല തോമസുമായുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നു കാക്കനാട് സ്വദേശിയായ വ്യവസായി ജൂബി പൗലോസ് നല്‍കിയ പരാതിയിലാണു സക്കീര്‍ ഹുസൈനെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 26നാണ് സക്കീറിനെതിരെ കേസെടുത്തത്.
അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ സക്കീര്‍ ഒളിവില്‍ പോയി. ഒളിവിലായിരുന്ന സക്കീറിനോട് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സക്കീര്‍ ഹുസൈന് ജാമ്യം നല്‍കരുതെന്നു സര്‍ക്കാരും കോടതിയില്‍ വാദിച്ചതോടെ സക്കീറിനു മുന്‍പില്‍ കീഴടങ്ങലല്ലാതെ മറ്റ് മാര്‍ഗമില്ലാതായി.
ഇതിനിടെ സക്കീറിനെ ന്യായീകരിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. സക്കീര്‍ ഹുസൈന്‍ ഗുണ്ടയല്ലെന്നും ജനകീയസമരങ്ങളില്‍ പങ്കെടുത്തതിനാണു സക്കീര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നുമായിരുന്നു കോടിയേരി പറഞ്ഞത്.

Comments

comments

Categories: Slider, Top Stories