യുഎസില്‍ സോളാര്‍ വ്യവസായത്തിന് തളര്‍ച്ച

യുഎസില്‍ സോളാര്‍ വ്യവസായത്തിന് തളര്‍ച്ച

 

കാലിഫോര്‍ണിയ: അമേരിക്കയില്‍ റൂഫ്‌ടോപ്പ് സോളാര്‍ വ്യവസായം ഈ വര്‍ഷം വലിയ തളര്‍ച്ച നേരിടുന്നതായി റിപ്പോര്‍ട്ട്. ഈ രംഗത്തെ മുന്‍നിര കമ്പനികളായ സോളാര്‍സിറ്റി, വിവിന്റ് സോളാര്‍, സണ്‍പവര്‍ എന്നിവയുടെ സാമ്പത്തികപാദ ഫലം കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് പ്രതീക്ഷിച്ച വളര്‍ച്ച ഈ വ്യവസായത്തിന് നേടാനാകുന്നില്ലെന്ന് വ്യക്തമാക്കുന്നു. റൂഫ്‌ടോപ്പ് സോളാര്‍ വ്യവസായം ഈ വര്‍ഷം 23 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വളര്‍ച്ചാ നിഗമനം 16.5 ശതമാനമായി കുറച്ചിരിക്കുകയാണെന്ന് ഗവേഷണ സ്ഥാപനമായ ജിടിഎം റിസര്‍ച്ച് വ്യക്തമാക്കി. 2015ല്‍ 71 ശതമാനം വളര്‍ച്ച റൂഫ്‌ടോപ്പ് സോളാര്‍ വ്യവസായം കൈവരിച്ചിരുന്നു.

തന്റെ സ്വപ്‌ന പദ്ധതിയായ ക്ലീന്‍ എനര്‍ജി പവര്‍ഹൗസ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി സോളാര്‍ സിറ്റിയെയും ടെസ്‌ല മോട്ടോഴ്‌സിനെയും ഒന്നിപ്പിക്കുന്നതിന് ഓഹരിയുടമകള്‍ വോട്ട് ചെയ്യണമെന്ന് ഇരുകമ്പനികളിലെയും ഏറ്റവും വലിയ ഓഹരിയുടമയായ ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മേഖല നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന എന്നാണ് വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ 2.6 ബില്യണ്‍ ഡോളറിന്റെ കരാറിലൂടെ ടെസ്‌ലയ്ക്ക് എങ്ങനെയാണ് സോളാര്‍സിറ്റിയുടെ കടബാധ്യത കൂടി ഏറ്റെടുക്കാനാകുക എന്നാണ് നിക്ഷേപകര്‍ സംശയമുന്നയിക്കുന്നത്. സോളാര്‍സിറ്റിക്ക് ഇത് ഗുണം ചെയ്യുമെങ്കിലും ടെസ്‌ല ഓഹരിയുടമകള്‍ക്ക് അങ്ങനെയാകണമെന്നില്ലെന്ന് സിഎഫ്ആര്‍എ റിസര്‍ച്ച് അനലിസ്റ്റ് എയ്ഞ്ചലോ സിനോ പറഞ്ഞു.

സൗരോര്‍ജ മേഖലയില്‍നിന്ന് നിക്ഷേപകര്‍ പിന്തിരിഞ്ഞോടുന്നതാണ് യുഎസ്സിലെ ഇപ്പോഴത്തെ കാഴ്ച. എംഎസി ഗ്ലോബലിന്റെ സോളാര്‍ എനര്‍ജി ഓഹരി സൂചിക ഈ വര്‍ഷം ഇതുവരെ 44 ശതമാനമാണ് ഇടിഞ്ഞത്. സോളാര്‍സിറ്റിയുടെ ഓഹരിവില 63 ശതമാനം താഴ്ന്നു. യുഎസ്സില്‍ റൂഫ്‌ടോപ്പ് സോളാര്‍ വ്യവസായത്തിന്റെ തളര്‍ച്ചയ്ക്ക് കാരണങ്ങള്‍ നിരവധിയാണ്. നെവാഡ, കാലിഫോര്‍ണിയ തുടങ്ങിയ പ്രമുഖ സംസ്ഥാനങ്ങളുടെ നയംമാറ്റം മുതല്‍ വിവിധ വിപണന തന്ത്രങ്ങളോടുള്ള ഉപയോക്താക്കളുടെ മടുപ്പ് വരെ കാരണങ്ങളാണ്. പുതിയ ഉപയോക്താക്കളെ കണ്ടെത്തുന്നതില്‍ കമ്പനികള്‍ പരാജയപ്പെടുകയും ചെയ്യുന്നു. വരുംവര്‍ഷങ്ങളിലും ഈ വ്യവസായം 20 ശതമാനത്തില്‍ താഴെ വളര്‍ച്ച കൈവരിക്കാനേ സാധ്യതയുള്ളൂവെന്ന് ജിടിഎം റിസര്‍ച്ച് അനലിസ്റ്റ് കോറി ഹണിമാന്‍ പറയുന്നു.

Comments

comments

Categories: Business & Economy