ചൈനയെ മാറ്റി നിര്‍ത്താന്‍ യുഎസിന് കഴിഞ്ഞേക്കില്ല

ചൈനയെ മാറ്റി നിര്‍ത്താന്‍ യുഎസിന് കഴിഞ്ഞേക്കില്ല

 

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചൈനാ നയത്തെക്കുറിച്ചാണ് നയതന്ത്ര വിദഗ്ധര്‍ക്കിടയിലെ ഇപ്പോഴത്തെ ചൂടുപിടിച്ച ചര്‍ച്ച. എന്തായിരിക്കും ചൈനയോടുള്ള ട്രംപിന്റെ അമേരിക്കയുടെ സമീപനം. തുറന്ന രീതിയിലുള്ള ഇടപെടലാകുമോയുണ്ടാകുക, അതോ ചൈനയെ മാറ്റി നിര്‍ത്തിയുള്ളതോ? ചൈനയുമായുള്ള തന്ത്രപരമായ ബന്ധത്തെക്കുറിച്ച് എന്തായാലും ട്രംപ് ഇതുവരെ കാര്യമായി ഒന്നും പറഞ്ഞിട്ടില്ല. അതേസമയം, ചൈനയുടെ സാമ്പത്തിക അധീശത്വത്തെ പ്രതിരോധിക്കാന്‍ അമേരിക്ക ശ്രമിക്കുമെന്നും ട്രംപ് പറയാതെ പറഞ്ഞുകഴിഞ്ഞു.
ലോകം വിചാരിക്കുന്നതിനേക്കാള്‍ അപ്പുറത്താണ് ചൈനയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍. നാഷണല്‍ കമ്മിറ്റി ഓണ്‍ യുഎസ്-ചൈന റിലേഷന്‍സുമായി ചേര്‍ന്ന് റോഡിയം ഗ്രൂപ്പ് തയാറാക്കിയ ചൈനയുടെയും അമേരിക്കയുടെയും 1990-2015 കാലഘട്ടത്തിലെ സാമ്പത്തിക ഇടപാടുകളുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ചൈനയില്‍ യുഎസിനുള്ള 6,700 ഓളം നിക്ഷേപങ്ങളുടെ മൊത്തം മൂല്യം തന്നെ ഏകദേശം 228 ബില്ല്യണ്‍ ഡോളര്‍ വരും. അമേരിക്കന്‍ വാണിജ്യ വകുപ്പ് പുറത്തുവിട്ട 75 ബില്ല്യണ്‍ ഡോളര്‍ എന്ന കണക്കിനെക്കാള്‍ എത്രയോ വലുതാണിത്. ഈ കാലഘട്ടത്തില്‍ ചൈന നടത്തിയത് 1,200 ഇടപാടുകളാണ്. ഇതിന്റെ മൊത്തം മൂല്യം 64 ബില്ല്യണ്‍ ഡോളര്‍ വരും. കഴിഞ്ഞ വര്‍ഷം വളരെ വ്യത്യസ്തമായ ഒരു പ്രവണതയും ദൃശ്യമായി. ആദ്യമായി അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ നിക്ഷേപം നടത്തിയതിനെക്കാള്‍ കൂടുതല്‍ ചൈനീസ് കമ്പനികള്‍ അമേരിക്കയില്‍ നിക്ഷേപിച്ച വര്‍ഷമായിരുന്നു മുമ്പത്തേത്. പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ട ശേഷം ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് ട്രംപിനെ വിളിച്ച് പറഞ്ഞ ഒരേയൊരു കാര്യം ഇതാണ്: സഹകരണമാണ് ചൈനയ്ക്കും അമേരിക്കയ്ക്കും മുന്നിലുള്ള ഏക പോംവഴി. ചൈനയില്‍ അമേരിക്കന്‍ കമ്പനികള്‍ മാത്രം തൊഴില്‍ നല്‍കുന്നത് 1.6 മില്ല്യണ്‍ പേര്‍ക്കാണ്. 1,300ലധികം അമേരിക്കന്‍ കമ്പനികള്‍ക്ക് ചൈനയില്‍ കാര്യമായ പ്രവര്‍ത്തനങ്ങളുണ്ട്. ഇതില്‍ 430 കമ്പനികള്‍ നിക്ഷേപിച്ചിരിക്കുന്നത് 50 മില്ല്യണ്‍ ഡോളറിലധികമാണ്. 56 കമ്പനികള്‍ ഒരു ബില്ല്യണ്‍ ഡോളറിലധികവും. ഇത്രയും ശക്തമായ സാമ്പത്തിക ബന്ധം ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുമ്പോള്‍ മറിച്ചൊരു നീക്കം നടത്താന്‍ ട്രംപ് തയാറാകുമോയെന്നത് കാണേണ്ടിയിരിക്കുന്നു.

Comments

comments

Categories: Editorial