ടീം ഇന്ത്യ ശക്തമായ നിലയില്‍

ടീം ഇന്ത്യ ശക്തമായ നിലയില്‍

 

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ ശക്തമായ നിലയില്‍. വിരാട് കോഹ്‌ലിയുടെയും ചേതേശ്വര്‍ പൂജാരയുടേയും സെഞ്ച്വറി മികവില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ടീം ഇന്ത്യ നാല് വിക്കറ്റിന് 317 റണ്‍സ് എന്ന നിലയിലാണ്. ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഒരു റണ്‍സുമായി രവിചന്ദ്ര അശ്വിനുമാണ് ക്രീസില്‍.

മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ 22 റണ്‍സ് നേടുമ്പോഴേക്കും ഓപ്പണര്‍മാരായ ലോകേഷ് രാഹുലിനെയും മുരളി വിജയിനെയും നഷ്ടപ്പെട്ട് തകര്‍ച്ചയിലായ ഇന്ത്യയെ കോഹ്‌ലി-പൂജാര കൂട്ടുകെട്ടാണ് മുന്നോട്ടുയര്‍ത്തിയത്. 241 പന്തുകളില്‍ നിന്നും 151 റണ്‍സാണ് കോഹ്‌ലി പുറത്താകാതെ നേടിയത്. കോഹ്‌ലിയുടെ കരിയറിലെ അമ്പതാം ടെസ്റ്റ് മത്സരം കൂടിയായിരുന്നു ഇത്. ടെസ്റ്റില്‍ താരം നേടുന്ന പതിനാലാം സെഞ്ച്വറിയും.

204 പന്തുകളില്‍ നിന്നും 12 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 119 റണ്‍സായിരുന്നു ചേതേശ്വര്‍ പൂജാര സ്വന്തമാക്കിയത്. വിരാട് കോഹ്‌ലിയും പൂജാരയും മൂന്നാം വിക്കറ്റില്‍ 61.4 ഓവറില്‍ 226 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ചേതേശ്വര്‍ പൂജാര ആന്‍ഡേഴ്‌സന്റെ പന്തില്‍ ബെയര്‍‌സ്റ്റോയ്ക്ക് പിടികൊടുക്കുകയായിരുന്നു.

ഓപ്പണര്‍മാരായ ലോകേഷ് രാഹുല്‍ പൂജ്യനായി മടങ്ങിയപ്പോള്‍ 20 റണ്‍സായിരുന്നു മുരളി വിജയ് നേടിയത്. ലോകേഷിനെ സ്റ്റുവാര്‍ട്ട് ബ്രോഡും മുരളി വിജയിനെ ജെയിംസ് ആന്‍ഡേഴ്‌സനുമാണ് പുറത്താക്കിയത്. ടീം ഇന്ത്യയ്ക്ക് വേണ്ടി 23 റണ്‍സെടുത്ത അജിങ്ക്യ രഹാനെയെ ആന്‍ഡേഴ്‌സന്‍ ബെയര്‍സ്‌റ്റോയുടെ കൈകളിലെത്തിക്കുകയായിരുന്നു.

Comments

comments

Categories: Sports