മുരളി വിജയും പൂജാരയും 3000 റണ്‍സ് ക്ലബില്‍

മുരളി വിജയും പൂജാരയും 3000 റണ്‍സ് ക്ലബില്‍

വിശാഖപട്ടണം: ടീം ഇന്ത്യ ക്രിക്കറ്റ് താരങ്ങളായ മുരളി വിജയും ചേതേശ്വര്‍ പൂജാരയും 3000 റണ്‍സ് ക്ലബില്‍ അംഗങ്ങളായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ വിശാഖപട്ടണത്ത് നടന്ന രണ്ടാം മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിലാണ് ഇരുതാരങ്ങളും 3000 റണ്‍സ് മറികടന്നത്. ബാറ്റിംഗില്‍ സമാനതകള്‍ പുലര്‍ത്തുന്ന മുരളി വിജയും പൂജാരയും ഒരുമിച്ച് 3000 റണ്‍സ് ക്ലബില്‍ അംഗങ്ങളായത് ഇന്ത്യന്‍ ക്രിക്കറ്റിനും നേട്ടമായി.

44 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും ഏഴ് ശതകവും 14 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണ് മുരളി വിജയ് 3000 റണ്‍സ് സ്വന്തമാക്കിയത്. 40.82 ആണ് മുരളി വിജയിന്റെ ബാറ്റിംഗ് ശരാശരി. മത്സരത്തില്‍ 3000 റണ്‍സ് തികച്ചതിന് പിന്നാലെ ആന്‍ഡേഴ്‌സന്റെ പന്തില്‍ ബെന്‍ സ്റ്റോക്‌സിന് പിടികൊടുത്ത് മുരളി വിജയ് പുറത്ത് പോവുകയും ചെയ്തു. 2008ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു മുരളി വിജയിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം.

അതേസമയം, ടെസ്റ്റിലെ 39-ാം മത്സരത്തിലാണ് പൂജാരയുടെ 3000 റണ്‍സ് നേട്ടം. ഒന്‍പത് സെഞ്ച്വറിയും (ഒരു ഡബിള്‍ സെഞ്ച്വറി ഉള്‍പ്പെടെ) പത്ത് അര്‍ധ ശതകവും ഇതിലുള്‍പ്പെടും. പൂജാരയുടെ ബാറ്റിംഗ് ശരാശരി 49.95 ആണ്. ഇംഗ്ലണ്ടിനെതിരെ വ്യക്തിഗത സ്‌കോര്‍ മൂന്നില്‍ എത്തിയപ്പോഴാണ് പൂജാര 3000ത്തില്‍ എത്തിയത്. 2010ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ചേതേശ്വര്‍ പൂജാരയുടെ ടെസ്റ്റ് അരങ്ങേറ്റം.

Comments

comments

Categories: Sports