മെഡിക്കല്‍ ഗവേഷണത്തിനുള്ള അംഗീകാരം വേഗത്തിലാക്കും

മെഡിക്കല്‍ ഗവേഷണത്തിനുള്ള അംഗീകാരം  വേഗത്തിലാക്കും

 

ന്യൂഡെല്‍ഹി: മെഡിക്കല്‍ രംഗത്തെ ഗവേഷണങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നടപടി ക്രമം വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. നീക്കം യാഥാര്‍ത്ഥ്യമായാല്‍ നാലു കമ്മറ്റികള്‍ മൂന്നു മുതല്‍ നാലു വര്‍ഷം വരെ സമയമെടുത്ത് അംഗീകാരം നല്‍കുന്ന രീതി അവസാനിക്കും. പകരം 30 ദിവസം കൊണ്ട് ഗവേഷണങ്ങള്‍ക്ക് അംഗീകാരം ലഭ്യമാകും.
ഫാര്‍മ റിസര്‍ച്ച് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഏക ജാലക സംവിധാനമൊരുക്കാനാണ് സര്‍ക്കാര്‍ നീക്കമിടുന്നത്. ഇത് രാജ്യത്ത് ബിസിനസ് ചെയ്യുന്നതിനുള്ള സാഹചര്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് കരുതപ്പെടുന്നു. മെഡിക്കല്‍ ഗവേഷണ രംഗത്തെ ഇന്നൊവേഷനുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടികള്‍ പുനഃക്രമീകരിക്കാന്‍ ആരോഗ്യ മന്ത്രാലയത്തോട് നിതി ആയോഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നൊവേഷനിലും ഉല്‍പ്പാദനത്തിനും ഇന്ത്യയെ പ്രധാനപ്പെട്ട ഹബ്ബാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഫാര്‍മ ഗവേഷണത്തിന് വേഗത്തില്‍ അംഗീകാരം സാധ്യമാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്നത്. ഇന്നൊവേറ്റേഴ്‌സിനെ പ്രോത്സാഹിപ്പിക്കേണ്ടതും പിന്തുണക്കേണ്ടതും അത്യാവശ്യമാണ്. ഗവേഷണങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടികള്‍ പുനഃസംഘടിപ്പിക്കുന്നതിന് യോഗം വിളിച്ച് കൂട്ടുന്നതിനെ സ്വാഗതം ചെയ്യുന്നു-ആരോഗ്യ മന്ത്രാലയത്തിന് അയച്ച കത്തില്‍ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.
രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പൂര്‍ണതോതില്‍ അഴിച്ചുപണി നടത്താനുള്ള നിതി ആയോഗിന്റെ നിര്‍ദേശത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിലെ സെക്രട്ടറിമാരുടെ കമ്മിറ്റി പിന്തുണ നല്‍കിക്കഴിഞ്ഞു. അമിതാഭ് കാന്ത് ഉള്‍പ്പെടുന്ന കമ്മിറ്റിയില്‍, ഫാര്‍മസ്യൂട്ടിക്കല്‍ സെക്രട്ടറി ജയ് പ്രിയെ പ്രകാശ്, ഹെല്‍ത്ത് സെക്രട്ടറി സി കെ മിശ്ര, ഡിഐപിപി സെക്രട്ടറി രമേഷ് അഭിഷേക് എന്നിവരും അംഗങ്ങളാണ്. പുതിയ മരുന്നുകളുടെ നിര്‍മാണത്തിലും പരീക്ഷണങ്ങളിലും പൂര്‍ണ്ണ തോതിലുള്ള ബിസിനസ് പരിഷ്‌കരണങ്ങള്‍ നടത്താന്‍ കഴിഞ്ഞ മാസത്തില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മിറ്റി തീരുമാനമെടുത്തിരുന്നു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കുന്ന ബിസിനസ് പരിഷ്‌കരണങ്ങള്‍ മെഡിക്കല്‍ ഗവേഷണ രംഗത്തെ ഇന്നൊവേഷനുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറിക്ക് അയച്ച കത്തില്‍ നിതി ആയോഗ് വ്യക്തമാക്കി. ആഗോള പേറ്റന്റിനായി ശ്രമിക്കുന്ന ഇന്ത്യന്‍ കണ്ടുപിടുത്തങ്ങള്‍ക്ക് അപേക്ഷ നല്‍കി 30 ദിവസത്തിനകം അംഗീകാരം നല്‍കണം. അതിനു സാധിച്ചില്ലെങ്കില്‍ അമേരിക്കയിലേതിനു സമാനമായി അംഗീകാരം ലഭിച്ചതായി കണക്കാക്കും-കത്തില്‍ പറയുന്നു.
വിവിധ ഏജന്‍സികളില്‍ നിന്ന് അംഗീകാരം ലഭിക്കുന്നതിനും, ആര്‍ ആന്‍ഡ് ഡി ഘട്ടത്തില്‍ റിവ്യു കമ്മിറ്റി ഓണ്‍ ജനറ്റിക് മാനിപുലേഷന്റെ ഇടപെടല്‍ നിര്‍ത്തലാക്കുന്നതിനും ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയോസേഫ്റ്റി കമ്മിറ്റി ശക്തിപ്പെടുത്തുന്നതിനും ഏകജാലക സംവിധാനം ഏര്‍പ്പെടുത്താന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ വികസിപ്പിച്ച ഇന്നൊവേറ്റീവായ ഉല്‍പ്പന്നങ്ങള്‍ക്കായിരിക്കും വിവിധ ഏജന്‍സികള്‍ മുന്തിയ പരിഗണന നല്‍കുക. രാജ്യത്തെ ഇന്നൊവേഷനുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കാലപ്പഴക്കം ചെന്ന നടപടി ക്രമങ്ങള്‍ പുനപ്പരിശോധിക്കും. അംഗീകാരം നേടിയെടുക്കുന്നതിന് രൂപരേഖ തയാറാക്കുമെന്നും കത്ത് വിശദമാക്കുന്നു.

Comments

comments

Categories: Business & Economy