വല നിര്‍മാണശാലകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും: ജെ മേഴ്സിക്കുട്ടിയമ്മ

വല നിര്‍മാണശാലകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും: ജെ മേഴ്സിക്കുട്ടിയമ്മ

കൊച്ചി: ബോട്ടുനിര്‍മ്മാണ കേന്ദ്രങ്ങള്‍ക്കും വലനിര്‍മാണശാലകള്‍ക്കും രജിസ്‌ട്രേഷന്‍ പ്രാബല്യത്തില്‍ കൊണ്ടുവരും. ഫിഷറീസ് വകുപ്പുമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ കേരളാ മറൈന്‍ ഫിഷിംഗ് റെഗുലേഷന്‍ ആക്ട് ഭേദഗതി ശുപാര്‍ശകള്‍ സംബന്ധിച്ച് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ബോട്ടു നിര്‍മാണ കേന്ദ്രങ്ങളും വല നിര്‍മാണശാലകളും ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ കൊണ്ടു വരുന്നതോടൊപ്പം അശാസ്ത്രീയമായ വല നിര്‍മാണത്തിന് തടയിടാനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ചെറുമത്സ്യങ്ങള്‍ പിടിക്കുന്നത് തടയാനായി കൂടുതല്‍ ഇനം മത്സ്യങ്ങളുടെ മിനിമം ലീഗല്‍ സൈസ് നിശ്ചയിച്ച് വിജ്ഞാപനമിറക്കും. മത്സ്യബന്ധനമേഖലയുടെ മൊത്തത്തിലുള്ള വളര്‍ച്ച ലക്ഷ്യമാക്കിയാണ് പുതിയ നടപടികള്‍. രാസവസ്തുക്കളും ലൈറ്റുകളുമുപയോഗിച്ചുള്ള അശാസ്ത്രീയമായ മത്സ്യബന്ധനം നിരോധിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. പെയര്‍ ട്രോളിംഗ് നിരോധനം കര്‍ശനമായി നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായി. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും തീരഹരിതപാതയും ലക്ഷ്യമിട്ടുകൊണ്ടുള്ള ഗ്രീന്‍ കോറിഡോര്‍ പദ്ധതിയെക്കുറിച്ചുള്ള പ്രാരംഭചര്‍ച്ചയും യോഗത്തില്‍ നടന്നു.

തീരത്തോടുചേര്‍ന്ന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ സംരക്ഷിതകേന്ദ്രങ്ങളില്‍ പുനരധിവസിപ്പിക്കാനും ഇതിലൂടെ കടലാക്രമണം മൂലമുണ്ടാകുന്ന സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാനുമുള്ള ശ്രമങ്ങളെക്കുറിച്ച് യോഗത്തില്‍ മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തി. തീരത്ത് കടലിനോട് ചേര്‍ന്ന് 30 മീറ്റര്‍ വീതിയില്‍ ഒരു ഗ്രീന്‍ ബെല്‍റ്റ് നിര്‍മിക്കുക, തീരത്തെ വേലിയേറ്റ ലൈനില്‍ നിന്നും 35 മീറ്റര്‍ മാറി 15 മീറ്റര്‍ വീതിയില്‍ തിരുവനന്തപുരത്തെ കൊല്ലങ്കോട് മുതല്‍ കാസര്‍ഗോഡ് മഞ്ചേശ്വരം വരെ മത്സ്യബന്ധനതുറമുഖങ്ങളെയും ലാന്റിംഗ് സെന്ററുകളെയും ടൂറിസം കേന്ദ്രങ്ങളെയും മത്സ്യബന്ധനഗ്രാമങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള തീരപാതനിര്‍മാണം എന്നിവ എകദേശം 16000കോടി രൂപ കണക്കാക്കിയിട്ടുള്ള ഗ്രീന്‍ കോറിഡോര്‍ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നു. ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, ഡയറക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍, അഡീഷണല്‍ ഡയറക്ടര്‍ കെ എം ലതി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രതിനിധികളും ബോട്ടുടമകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

പീലിംഗ് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ മത്സ്യബന്ധനഅനുബന്ധമേഖലയില്‍ തൊഴിലാളി യൂണിയനുകള്‍ ശക്തമായി ഇടപെടണമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഈ മേഖലയിലെ ചൂഷണങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ നടപടികളെടുക്കുമെന്നും പീലിംഗ് ഷെഡുകളില്‍ അടിസ്ഥാനസൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കളക്റ്റര്‍മാരുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് സമിതി പീലിംഗ് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഉറപ്പാക്കും തൊഴിലാളികള്‍ക്ക് പല സ്ഥലത്തും പല കൂലിയാണ് ലഭിക്കുന്നത്. ഇവരുടെ കൂലി എകീകരിക്കാനുള്ള നടപടികളെടുക്കണമെന്നും ഇഎസ്‌ഐ ആനുകൂല്യം നല്കണമെന്നും യോഗത്തില്‍ പങ്കെടുത്ത മത്സ്യസംസ്‌കരണ തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പീലിംഗ് ഷെഡുകള്‍ ഇപ്പോള്‍ പഞ്ചായത്തിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇവയ്ക്ക് മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്സ് & ഡെവലപ്മെന്റ് അതോറിറ്റിയുടെ രജിസ്ട്രേഷനും നിര്‍ബന്ധമാക്കുന്നതിനെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, ആലപ്പുഴ ജില്ലാകളക്റ്റര്‍ വീണ എന്‍ മാധവന്‍, ഫിഷറീസ് ഡയറക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍, എറണാകുളം എഡിഎം സി കെ പ്രകാശ് എന്നിവര്‍ പങ്കെടുത്തു

Comments

comments

Categories: Politics

Related Articles