മാന്ത്രിക രംഗത്തെ ഇന്ത്യന്‍ ഹൗഡിനി

മാന്ത്രിക രംഗത്തെ ഇന്ത്യന്‍ ഹൗഡിനി

പാലോട് ദിവാകരന്‍

രു എഞ്ചിനീയറായി തന്നെ തുടര്‍ന്നിരുന്നുവെങ്കില്‍ ഒരു പക്ഷെ നല്ലൊരു സമ്പാദ്യത്തിന്റെ തണലില്‍ വീട്ടിന് മുമ്പിലെ മടിയന്‍ കസാലയില്‍ ഒതുങ്ങി കഴിയേണ്ടിയിരുന്ന ജോര്‍ജ്ജ് സാമുവേല്‍ എന്ന മാവേലിക്കരക്കാരന് അദ്ദേഹത്തിന്റെ യുക്തി പൂര്‍വമായ തീരുമാനത്തിലൂടെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനായ ഒരു മാന്ത്രികനായി മാറുവാനും അതിലൂടെ മാന്ത്രിക രംഗത്തെ ”ഇന്ത്യന്‍ ഹൗഡിനി” എന്ന വിശേഷണത്തിന് അര്‍ഹനാകാനും തന്റെ മായാജാലപ്രകടനത്തിലൂടെ പ്രേക്ഷക ലക്ഷങ്ങളെ തന്നിലേക്കാവാഹിക്കാനും കഴിഞ്ഞു. 35 വര്‍ഷക്കാലമായി പതിനയ്യായിരത്തിലേറെ വേദികളിലൂടെ ലക്ഷകണക്കിന് പ്രേക്ഷകരെ തന്റെ ഇന്ദ്രജാലപ്രകടനങ്ങളിലൂടെ വിസ്മയിപ്പിക്കുവാനും ത്രസിപ്പിക്കുവാനും കഴിഞ്ഞ സമ്രാജാണ് ”ഹൊറര്‍ മാജിക്കിന്” രൂപം നല്കിയത്.

സ്‌കുള്‍ വിദ്യാഭ്യാസക്കാലത്ത് തന്നെ മാന്ത്രിക വിദ്യയോട് താല്പര്യം തോന്നിയിരുന്ന ജോര്‍ജ്ജ് സാമുവേല്‍ പ്രാദേശിക വിദ്യാഭ്യാസത്തെ തുടര്‍ന്ന് ഇംഗ്ലണ്ടിലെത്തുകയും അവിടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടിറ്റി സര്‍വ്വേയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടുകയും ചെയ്തു. 1977ല്‍ ഗള്‍ഫിലെ ദുബായ് ഓവര്‍സീസ് ആസ്ട്രിയന്‍ കമ്പനിയിലും തുടര്‍ന്ന് മികച്ച ശമ്പളത്തോടെ ഡി.ജി. ജോണ്‍സ് കമ്പനിയിലും ക്വാന്റിറ്റി സര്‍വ്വേയര്‍ സിവില്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കി. അവിടെ സഹപ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച പ്രോത്സാഹനാര്‍ഹമായ സമീപനം കൂടുതല്‍ ഗുണം ചെയ്തതായി സമ്രാജ് വിലയിരുത്തുന്നു.

സ്‌നേഹസമ്പന്നനും പ്രശസ്ത മജീഷ്യനുമായ പ്രൊഫ. കുട്ടിയെ ഗള്‍ഫില്‍ പരിചയപ്പെടാനിടയായതാണ് സമ്രാജിന്റെ ജീവിതത്തിന് വഴിത്തിരിവായത്. സമ്രാജിനെ മാജിക്കിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത് പ്രൊ.കുട്ടിയാണ്. അതേ തുടര്‍ന്ന് മാജിക്കുമായി ബന്ധപ്പെട്ട അനേകം പുസ്തകങ്ങള്‍ വായിക്കുവാനും സമ്രാജിന് കഴിഞ്ഞു. പ്രൊ. കുട്ടിയില്‍ നിന്നും വായനയില്‍ നിന്നും മാന്ത്രിക വിദ്യയുടെ പൊരുളറിഞ്ഞ സാമ്രാജ് മാന്ത്രികനാകണമെന്ന തന്റെ ആഗ്രഹം സഫലീകരിക്കണമെന്നു തന്നെ നിശ്ചയിച്ചു. ലോകപ്രശസ്തരായിട്ടുളള പല മാന്ത്രിക ശ്രേഷ്ഠരുമായും പരിചയപ്പെടാനും അവരുടെ ശിഷ്യത്വും സ്വീകരിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. യു.കെ.യിലെ പോള്‍ഡാനിയേല്‍, നോര്‍വേയിലെ ഫിന്‍ ജോണ്‍, ഇറ്റലിയിലെ മാര്‍ക്ക് ആന്റണി, റഷ്യയിലെ അലക്‌സി തുടങ്ങിയ മാന്ത്രിക ലോകത്തിലെ പ്രഗത്ഭരായിരുന്നു സാമ്രാജിന് മാന്ത്രിക വിദ്യകള്‍ പകര്‍ന്നു നല്കിയ ഗുരുശ്രേഷ്ഠര്‍.

തികച്ചും ഒരു വിനോദവൃത്തി എന്ന നിലക്ക് ആരംഭിച്ച ഈ മാന്ത്രികവിദ്യ സമ്രാജ്് ആദ്യഘട്ടങ്ങളില്‍ സുഹൃത് സദസുകളിലും ക്രിസ്തീയ ദേവാലയങ്ങളിലും മറ്റുപല സംഘടനകളിലുമൊക്കെയാണ് അവതരിപ്പിച്ചത്. ക്രമേണ പലരും സമ്രാജിന്റെ ഈ കലാരുപത്തോട് കൂടുതല്‍ താല്പര്യം കാണിച്ചുതുടങ്ങി. കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളി, തെയ്യം, തിറ എന്നിവയെ മാജിക്കിനൊപ്പം അവതരിപ്പിക്കുക അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയായി. ദുബായിയില്‍ വച്ചാണ് മാന്ത്രിക കലാരൂപത്തിന് കൂടുതല്‍ കരുത്താര്‍ജ്ജിച്ചത്. ഏറെ ഭംഗിയുളള ഒരു കലാരൂപമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കൂടുതല്‍ കൂടുതല്‍ വിസ്മയക്കാഴ്ചകളൊരുക്കുവാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. അതിലൂടെ പ്രേക്ഷകരെ തന്നിലേക്കടുപ്പിക്കുവാന്‍ അവസരമായി. പിന്നെ പുറം നാടുകളിലേയ്ക്കായിരുന്നു സമ്രാജിന്റെ മാജിക് പ്രോഗ്രാമുമായുളള യാത്ര.

യു.കെ., അമേരിക്ക, ന്യൂസിലാന്റ്, ആസ്‌ട്രേലിയ, ജര്‍മ്മനി, തായ്‌ലന്റ്, സിംഗപ്പൂര്‍, മലേഷ്യ, മസ്‌ക്കറ്റ്, ബഹറൈന്‍, ഖത്തര്‍, കുവൈറ്റ്, യു.എ.ഇ. മൗറീഷ്യസ് എന്നീ 14 രാജ്യങ്ങള്‍. ഇവിടെങ്ങളിലെ മാന്ത്രികവിദ്യാ വിജയം എന്തുകൊണ്ട് തന്റെ ജീവിതത്തിന്റെ ഭാഗമാക്കികൂടാ എന്ന ചോദ്യം സമ്രാജിനെ ഏറെ ചിന്തിപ്പിച്ചു. ഡി.ജി. ജോണ്‍സ് കമ്പനിയിലെ മികച്ച ശമ്പളംപറ്റി ഉദ്യോഗം തുടരണമോ അതോ അറിയപ്പെടുന്ന ഒരു മാന്ത്രികനായി തീരണമോ എന്ന രണ്ട് ചോദ്യങ്ങളായിരുന്നു അദ്ദേഹത്തിനുമുന്നിലുണ്ടായിരുന്നത്. ഇവ രണ്ടും രണ്ട്‌കൈകളില്‍ വച്ച് തുലനം നടത്തി. ഒരു കയ്യില്‍ ഉദ്യോഗവും മറുകയ്യില്‍ മാന്ത്രിക വിദ്യയും. മാന്ത്രിക വിദ്യയിരുന്ന കൈ വേഗം താഴ്ന്നു. അദ്ദേഹം ഉറപ്പിച്ചു. മാന്ത്രികനാകുക. ആര്‍ക്കുവേണമെങ്കിലും ഉദ്യോഗത്തില്‍ മികവ് പുലര്‍ത്താനാകും. അദ്ദേഹം തീര്‍ച്ചപ്പെടുത്തി. മാന്ത്രികലോകത്തില്‍ ശ്രദ്ധേയനാകുക. എന്നാല്‍ പിന്നെ ജോലി രാജിവച്ച് നാട്ടിലെത്തി മാജിക്കിനെ ഒരു പ്രൊഫഷനാക്കി കൂടെ.

ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ സമ്രാജിനെ പല സുഹൃത്തുക്കളും ഉപദേശിച്ചു. ”മണ്ടത്തരം കാണിക്കരുത്” മടങ്ങിപ്പോയി ജോലി തുടരണം. ഒരു സ്ഥിരവരുമാനമാണ് നല്ലത്. അതില്ലാതാക്കരുത്. മാജിക് ഒരു മാജിക്കാണ്. അത് എത്രത്തോളം ജീവിതത്തെ സുരക്ഷിതപ്പെടുത്തുമെന്നാര്‍ക്കറിയാം. അഭിപ്രായങ്ങളില്‍ സമ്രാജിന്റെ മനസ് അസ്വസ്ഥമായെങ്കിലും ഭാര്യ മേരി സാമും സഹോദരങ്ങളും അദ്ദേഹത്തിന് പിന്തുണ നല്കി. മാന്ത്രികനായി മുന്നോട്ടുപോകുക. സമ്രാജിന്റെ ഇഷ്ടം തന്നെ നടന്നു. മാജിക്കുമായിതന്നെ അദ്ദേഹം മുന്നോട്ടു നീങ്ങി. വിമര്‍ശിച്ചവര്‍പോലും സമ്രാജിനെ ഉള്‍ക്കൊളളാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ മാജിക്കിനെ പ്രശംസിച്ചു. അവര്‍ അദ്ദേഹത്തെ അംഗീകരിച്ചു.

മാജിക് അത്ഭുതങ്ങളുടെ കലയാണ്. മജിഷ്യന്‍ അവതരിപ്പിക്കുന്ന പരിപാടിയുടെ രഹസ്യം അറിയാനുളള വ്യഗ്രതയിലാകും പ്രേക്ഷകര്‍. ആ വ്യഗ്രതക്കുപിന്നിലെ വിസ്മയമാണ് മാജിക്കിന്റെ വിജയം. അതൊരുപക്ഷെ മാന്ത്രികരംഗത്തെ വേഗതയാകാം, ശാസ്ത്രത്തിന്റെ പിന്‍ബലമാകാം, പരിമിതികളുളള സ്റ്റേജിലെ അവതരണപ്രത്യേകതകളാകാം, ഉപയോഗിക്കുന്ന പരിപാടികളുടെ സവിശേഷതകളാകാം. അല്ലാതെ അതൊരു പിശാചിന്റെ പ്രവര്‍ത്തനമായിരിക്കില്ല. മാജിക്കിന്റെ രഹസ്യം വെളപ്പെടുത്തുക ശരിയല്ലാ എന്നതാണ് സമ്രാജിന്റെ അഭിപ്രായം. വര്‍ഷങ്ങളുടെ പഠനവും പരിശീലനവും കൊണ്ടാണ് ഒരു മാന്ത്രികന്‍ ഓരോവിദ്യയും കാണിക്കുന്നത്. മാജിക് ഒരിക്കലും മറ്റ് കലാരൂപങ്ങള്‍പോലെയല്ല. ഇത് മറ്റ് വിദ്യകളെപ്പോലെ പഠിക്കാന്‍ കഴിയുന്ന വിദ്യാതന്നെയാണെങ്കിലും അവ വിസ്മയകരമായി അവതരിപ്പിക്കാന്‍ എല്ലാപേര്‍ക്കും കഴിഞ്ഞെന്നുവരില്ല. മാജിക് രഹസ്യങ്ങള്‍ കൈകളില്‍ നിറുത്തികൊണ്ട് പ്രേക്ഷകരെ വിസ്മയിക്കുക എന്നതാണ് ഒരു മാന്ത്രികന്റെ കഴിവ്. മാന്ത്രിക വിദ്യയില്‍ വിസ്മയം സൃഷ്ടിക്കുന്ന സമ്രാജ് നൂതനവും ഭയാനകവുമായ നൂറുകണക്കിന് ഇനം പരിപാടികളാണ് പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ച് വേദികളില്‍ നിന്നും വേദികളിലേക്കുളള യാത്ര തുടരുന്നത്.

ആലപ്പുഴ മുനിസിപ്പല്‍ മൈതാനത്തുകൂടിയ വമ്പിച്ച ജനകൂട്ടത്തെ സാക്ഷിനിറുത്തി മജിഷ്യന്‍ സമ്രാജ് അവതരിപ്പിച്ച മായാജാലം അവരെ അത്ഭുത സ്തബ്ധരാക്കിയെന്നുമാത്രമല്ല അവരില്‍ അമ്പരപ്പുളവാക്കുകയും ചെയ്തു. ജില്ലാകളക്ടറുടെ സാന്നിദ്ധ്യത്തില്‍ സമ്രാജ് തന്റെ ശരീരത്തെ ചങ്ങലകള്‍കൊണ്ട് ബന്ധിച്ചു. എന്നിട്ട് ചങ്ങലകള്‍ ശരീരത്തില്‍ വരിഞ്ഞ് മുറുക്കി താഴുകള്‍ കൊണ്ട് പൂട്ടി. പൂട്ട് അഴിക്കാന്‍ നിയുക്തരായവര്‍ അതിന് കഴിയാതെ വിഷമിക്കുന്നത് കണ്ട മാന്ത്രികന് സന്തോഷമായി. അദ്ദേഹം തന്റെ അഭിനയസിദ്ധിയിലുടെ പ്രേക്ഷകരെ തന്നിലേക്ക് മാത്രം കേന്ദ്രീകരിച്ച് നിറുത്തുകയാണ്.

ഒടുവില്‍ മാന്ത്രികനെ കെട്ടിപൂട്ടി ഒരു പെട്ടിക്കുളളിലാക്കി കളക്ടര്‍ താക്കോല്‍ പ്രേക്ഷകരെ കാണിച്ചു. കണ്ണും കാതും കുര്‍പ്പിച്ച് നിശ്ബ്ദരായിരിക്കുന്ന പ്രേക്ഷകര്‍. മാന്ത്രികന്റെ നേര്‍ക്ക് നീണ്ടുവന്ന ക്രയിനിന്റെ കരങ്ങള്‍ പൂട്ടികൊട്ടിയ പെട്ടിയെ പൊക്കിയെടുത്ത് അടുത്തുളള വയ്‌ക്കോല്‍ കുനക്ക് മുകളിലേക്ക് അടുപ്പിച്ചു. കാണികളിലെന്തെന്നില്ലാത്ത അമ്പരപ്പും ആകാംക്ഷയും. വയ്‌ക്കോല്‍ കുനക്കുളളിലേക്ക് പെട്ടിയെ ആഴ്ത്തി. തുടര്‍ന്ന് വയ്‌ക്കോല്‍ കുനക്ക് തീപിടിപ്പിച്ചു. അന്തംവിട്ട കാഴ്ചക്കാര്‍ നിലവിളിക്കുകപോലും ചെയ്തു. ആരെയും അമ്പരിപ്പിക്കുന്ന കാഴ്ച. പെട്ടി കത്തി അമരുകയാണ്. അതിനുളളിലാകട്ടെ ജീവനുളള ഒരു പച്ചമനുഷ്യന്‍. അല്പം വായുപോലും കടക്കാത്ത അവസ്ഥ. ഇരുപത്തി അഞ്ചോളം സെക്കന്റുകള്‍. ജനം വീര്‍പ്പടക്കി നില്കുകയാണ്. ആ നിമിഷത്തെ അതിജീവിച്ച് കൊണ്ട് കത്തിയെരിയുന്ന പെട്ടിക്കുളളില്‍ നിന്നും ഒരു പോലീസുകാരന്റെ വേഷത്തില്‍ സുസ്‌മേരവദനനായിനിന്ന് കൈ വീശുന്ന മജിഷ്യന്‍ സമ്രാജിനെ കണ്ട് ജനം ആവേശത്തോടെ കൈയ്യടിച്ചു. ഇവിടെ മാന്ത്രികന്‍ മാന്ത്രിക രഹസ്യങ്ങള്‍ തന്റെ കൈപ്പിടിയിലൊതുക്കുകയാണ്. ഈ കഴിവാണ് അദ്ദേഹത്തെ മാന്ത്രിക വിദ്യയിലത്ഭുതങ്ങള്‍ സൃഷ്ടിക്കുവാന്‍ പ്രാപ്തനാക്കുന്നത്. അദ്ദേഹത്തിന്റെ കരവിരുത് പ്രകടമാക്കുന്ന ചില മാന്ത്രിക പരിപാടികളെക്കുറിച്ച് ഇവിടെ സൂചിപ്പിക്കേണ്ടതായിട്ടുണ്ട്.

കൈ വിലങ്ങും 30 മീറ്റര്‍ ചങ്ങലകളും അമ്പതോളം പൂട്ടുകളുമുപേയാഗിച്ച് ബന്ധനസ്ഥനാക്കുന്ന മാന്ത്രികനെ ശവപ്പെട്ടിയിലടച്ച് പൂട്ടി മണ്ണിട്ടുമൂടുന്നു.  എന്നിട്ട് സ്‌ഫോടക വസ്തുക്കളടങ്ങിയ വന്‍പേടകം ഇതിന് മുകളില്‍ വച്ച് തീ കൊളുത്തുന്നു. പിന്നെയുളള തീനാളങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കുമിടയില്‍ ജനത്തെ അത്ഭുതപരാതന്ത്രതരാക്കികൊണ്ട് അവര്‍ക്ക് നടുവിലൂടെ നടന്നുനീങ്ങുന്ന സമ്രാജിനെയാണ് കാണുന്നത്.

ലോകമാന്ത്രിക വേദിക്കുളളില്‍ ആദ്യമായി മിറാസ്‌കോപ്പിക്ക് എന്ന നൂതനസാങ്കേതിക വിദ്യ അവതരിപ്പിച്ചത് സമ്രാജാണ്. ജയില്‍ ബ്രേക്ക് എന്ന രക്ഷപ്പെടല്‍ വിദ്യയിലൂടെ പ്രശസ്തനായിരുന്ന ഹാരി ഹൗഡിനിയുടെ പിന്‍തുടര്‍ച്ചക്കാരനായ സമ്രാജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഈ വിദ്യ അവതിപ്പിക്കുകയുണ്ടായി. ശരീരം മുഴുവന്‍ ചങ്ങലിയിട്ട് ബന്ധിച്ച് ഇരുപത്തി അഞ്ചോളം പൂട്ടുകൊണ്ട് പൂട്ടി. തുടര്‍ന്നു അദ്ദേഹത്തിന്റെ കൈകള്‍ വിലങ്ങിട്ടു. എന്നിട്ട് ആകാംക്ഷയോടെ നോക്കിയിരുന്ന പ്രേക്ഷകരെ സാക്ഷി നിറുത്തി അദ്ദേഹത്തെ പെട്ടിക്കുളളിലടച്ച് സെല്ലിലിട്ട് പൂട്ടി. പെട്ടിക്കുളളിലായ മജിഷ്യന്‍ 20 സെക്കന്റിനുളളില്‍ പ്രേക്ഷകര്‍ക്കുമുന്നില്‍ പ്രത്യേക്ഷപ്പെട്ടപ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജയില്‍ വാര്‍ഡന്മാരുമൊക്കെ അത്ഭുത സ്തബ്ധരായി. തുടര്‍ന്ന് പെട്ടി തുറന്നപ്പോള്‍ പെട്ടിക്കുളില്‍നിന്നും യന്ത്രതോക്കുമായി എഴുനേല്ക്കുന്നുകാട്ടുകളളന്‍ വീരപ്പന്‍. വീരപ്പന്‍ പ്രക്ഷകരെ അതിശയിപ്പിച്ച് ക്ഷണനേരം കൊണ്ട് അപ്രത്യക്ഷനാകുകയും ചെയ്തു.

വര്‍ഷന്തോറും പുതിയ ഇനം പരിപാടികളുമായി പ്രേക്ഷകലോകത്തിനുമുന്നിലെത്തുന്ന സാംരാജിന്റെ നൂതന പരിപാടിയിലെ ”സ്വാര്‍ഡ ത്രൂബോഡി” പ്രേക്ഷക ലക്ഷങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. വാള്‍മൂനയില്‍ കിടത്തിയുറക്കിയ സുന്ദരിയുടെ ശീരീത്തിലൂടെ വാള്‍ സാവധാനം തുളച്ച് കയറുന്നു. യാതൊരുമറയുമില്ലാതെ മേശമേല്‍ കിടത്തിയിരിക്കുന്ന പെണ്‍കുട്ടിയെ വാള്‍കൊണ്ട് രണ്ടായി മുറിക്കുന്നു. എന്നിട്ട് മുറിച്ചുമാറ്റിയ ശരീര ഭാഗങ്ങള്‍ കൂട്ടിചേര്‍ക്കുന്നു. ഈ അത്ഭതവിദ്യകണ്ട് ജനം വീര്‍പ്പടക്കിയിരിക്കുന്നു.

ലോക പ്രശ്‌സത മാന്ത്രികന്‍ ഡേവിഡ് കോപ്പര്‍ഫീല്‍ഡ് ചൈനീസ് വന്‍മതിലിലൂടെ കടന്ന് മറുവശം കടക്കുന്ന മാജിക്കിനെ പരിഷ്‌ക്കരിച്ച് നടത്തുന്ന ഒരു നൂതന വിദ്യായണ് മജിഷ്യന്‍ ത്രൂ പ്രൊപ്പല്ലര്‍”. ചങ്ങലകളാലും പൂട്ടുകളാലും ബന്ധനസ്ഥനാക്കുന്ന മാന്ത്രികന്‍ അതിവേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന പടുകുറ്റന്‍ പ്രൊപ്പല്ലറിലൂടെ കടക്കുകയും പെട്ടന്ന് ഒരു വിസ്‌ഫോടനത്തിലൂടെ സദസുകള്‍ക്കുമുന്നില്‍ തന്നെ പുകയായിമാറി അന്തരീക്ഷത്തില്‍ ലയിക്കന്ന വിദ്യയെ തുടര്‍ന്ന് അദ്ദേഹം ആരും അതിശയിച്ചുപോകുംവിധം സദസിന് മധ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഈ അത്ഭുതവിദ്യ സമ്രാജിന്റെ അന്വേഷണത്വരയെ വിലയിരുത്താന്‍ ഉപകരിക്കുന്നു. ഈ പ്രോഗ്രാമിലുടെ മജിഷ്യന്‍ സമൂഹത്തിന് വ്യക്തമായൊരു സന്ദേശം കുടിനല്കുകയാണ്. സാധാരണക്കാര്‍ നേരിടുന്ന സാമൂഹ്യ-രാഷ്ട്രീയ വിസ്‌ഫോടനങ്ങളില്‍ നിന്നും ആത്മധൈര്യം പകര്‍ന്ന് ശാന്തിയുടേയും സമാധാനത്തിന്റേയും അന്തരീക്ഷത്തിലേക്ക് രക്ഷപ്പെടുക എന്നതാണ് മെജിഷ്യന്‍ ഈ പരിപാടിയിലൂടെ നല്കുന്ന സന്ദേശം.

ഇന്ന് കാണുന്ന സാമ്രാജിന്റെ മാജിക് പരിപാടികളുടെ വിജയത്തിന് നാന്ദികുറിച്ച ഒരു സംഭവം ഉളളതായി അദ്ദേഹം ഓര്‍ക്കുന്നു. അതായത് ആദ്യഷോയുടെ പരാജയം. ദുബായില്‍ വച്ചായിരുന്നു സംഭവം. രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന പരിപാടി. അതിലേക്ക് സമ്രാജ് ആവശ്യപ്പെട്ടുകൊണ്ട് തന്നെ മാജിക് ഷോ നടത്തുവാനുളള ഒരവസരം നേടി എടുത്തു. മാജിക്കില്‍ മുന്‍പരിചയമുളള വ്യക്തികളെ വേണം സംഘടനകള്‍ക്കാവശ്യം. തനിക്ക് മതിയായ മുന്‍പരിചയമുണ്ടന്ന് സമ്രാജ് ചെറിയൊരു നുണപറഞ്ഞു. ഇല്ലങ്കില്‍ അവസരം നഷ്ടപ്പെട്ടേനെ. കര്‍ട്ടനുമുന്നിലെ കുട്ടികള്‍ മാജിക് കാണുവാനുളള ജിജ്ഞാസയിലാണ്. കര്‍ട്ടനുപിന്നില്‍ നിന്നും അനൗണ്‍സ്‌മെന്റു വന്നു. പ്രശ്‌സത മജിഷ്യന്‍ സമ്രാജിന്റെ മാന്ത്രിക വിദ്യകള്‍ ആരംഭിക്കുന്നു. കര്‍ട്ടനുയര്‍ന്നു. സുസ്‌മേരവദനനായി നിന്ന സമ്രാജ് തന്റെ മാന്ത്രിക വിദ്യകള്‍ തുടങ്ങി. എന്നാല്‍ വിദ്യകളത്രക്കങ്ങോട്ട് ഫലിക്കുന്നില്ല. എന്തെന്നില്ലാത്ത ടെന്‍ഷന്‍. അടിമുടി ഒരു പെരുപ്പ്. ശരീരം നന്നേ വിയര്‍ക്കുന്നു. ”ഈശ്വരാ കാത്തുകൊളളണെ”. ആ മനസിന്റെ വിങ്ങല്‍ ഈശ്വരന്‍ കേട്ടുവോ. കുട്ടികളുടെ ബഹളം അസഹനീയമായിതോന്നി. നിര്‍ദ്ദിഷ്ട സമയ പരിധിക്കുമുമ്പേ തന്നെ കര്‍ട്ടണ്‍ വീണു. ആ പരാജയത്തില്‍ നിന്നുളള വാശിയാണ് ഇന്ന് മാന്ത്രിക ലോകത്തെ ശ്രേഷ്ഠ സാന്നിദ്ധ്യമായ മജിഷ്യന്‍ സമ്രാജിന്റെ വിജയഘടകം. അതേകുറിച്ച് അദ്ദേഹം പറയുന്നതിതാണ്”. വളരെയേറെ വര്‍ഷം രാപകല്‍ അദ്ധ്വാനിച്ചാണ് ഓരോ ഇനവും പഠിച്ചെടുത്തത്. അന്നത്തെ നിരാശയില്ലായിരുന്നുവെങ്കില്‍ മജിഷ്യന്‍ സമ്രാജ്   ഉണ്ടാകുമായിരുന്നില്ല. ”മാജിക്കല്ല മനസാണ് കാര്യം”.

മാജിക് അടിസ്ഥാനപരമായി ഒരു കലയാണ്. നല്ലകൈ വഴക്കവും ഏകാഗ്രതയോടെയുളള മനസ്സും അല്പം ശാസ്ത്ര ബോധവും സ്വല്പം നര്‍മ്മബോധമുളള ആര്‍ക്കും മാജിക്കില്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞുവെന്ന് വന്നേക്കാം. ആരേയും അത്ഭുതപ്പെടുത്താന്‍ പോന്ന ആരെയും അമ്പരിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന ഈ മാജിക് ഈശ്വരകാരുണ്യം കൂടിയുളള ഒരു വ്യത്യസ്ഥ ഘടകം കുടിയാണ്. ഒരു മാന്ത്രികനെ സംബന്ധിച്ചിടത്തോളം രഹസ്യങ്ങള്‍ സൂക്ഷിക്കുവാനുളള കഴിവ് ആദ്യമായുമുണ്ടാകണം. അര്‍ഹതയില്ലാത്ത ഒരു വ്യക്തിക്ക് മാജിക് പറഞ്ഞുകൊടുക്കാന്‍ പാടില്ല. വിസ്മയത്തിനു പിന്നിലെ രഹസ്യമറിഞ്ഞുകഴിഞ്ഞാല്‍ വിസ്മയം തീര്‍ന്നേക്കാം. കഴിവതും മാജിക് രഹസ്യങ്ങള്‍ അറിയാതിരിക്കാന്‍ ശ്രമിക്കുന്നതാണ് ഒരു പ്രേക്ഷകന്റെ ധര്‍മ്മം.

ആരെയും അതിശയിപ്പിക്കുന്നതരത്തിലുളള മാന്ത്രിക പ്രകടനങ്ങള്‍ കാഴ്ചവക്കുന്ന മാന്ത്രികന് ചില പ്രത്യേക ഗുണങ്ങളും ഉണ്ടാകേണ്ടതുണ്ട് എന്ന് സമ്രാജ് വിശ്വസിക്കുന്നു. അദ്ദേഹം സ്റ്റേജില്‍ തികഞ്ഞ ഒരു അഹങ്കാരിയായിരിക്കും. അതായത് താന്‍ അവതരിപ്പിക്കുന്ന മാന്ത്രിക വിദ്യാവിജയത്തിനുവേണ്ടി ശ്രദ്ധയോടെ രൂപപ്പെടുത്തുന്ന ഒരഹംഭാവം. പ്രവര്‍ത്തിനത്തിലും സംസാരത്തിലും നിഴലിക്കേണ്ട അഹംഭാവം. എന്നാല്‍ യഥാര്‍ത്ഥ പെരുമാറ്റാകട്ടെ ലളിതവും വിനയവും നിറഞ്ഞതാവണം. പ്രോഗ്രാം കഴിയുന്നതുവരെയെങ്കിലും തന്റെ മുന്നില്‍ ഇരിക്കുന്ന പ്രേക്ഷകന്‍ തന്നെ മാത്രം ലക്ഷ്യമിട്ടിരിക്കുന്നവരാെണന്ന ബോധമുണ്ടാകണം. തല്‍ക്കാലത്തേക്കവര്‍ നിഷ്പ്രഭരാണന്ന് കണ്ടാല്‍ മാത്രമേ മാജിക് വിജയംകൈവരിക്കാന്‍നിടയുളളു. അവതരിപ്പിക്കുന്ന മാജിക് വിദ്യകളുടെ ഉളളടക്കം അറിയാന്‍ ഓരോ പ്രേക്ഷകനും താല്പര്യമുണ്ടാകും

രഹസ്യമറിയാനായില്ലങ്കിലേ അവരില്‍ വിസ്മയം ജനിക്കു. മാന്ത്രികവിദ്യയില്‍ മജിഷ്യന്‍ ഒരു രാജാവാകണം. സമ്രാജിന്റെ ഭാവങ്ങള്‍ ഒരു ഹൊറര്‍ സ്റ്റൈലില്‍ ആണ് പ്രോഗ്രാമില്‍ തെളിയുന്നത്. അത് ഈശ്വരന്‍ നല്കിയിട്ടുളള പ്രത്യേക കഴിവാണ്. ശരിക്കും പറഞ്ഞാല്‍ ഒരു ഹൊറര്‍ ടച്ച്. ശരീരഭാഷയും, ശബ്ദഗാംഭീര്യവും ഭാവപ്രകടന വൈശിഷ്ട്യവും ശബ്ദ വിന്യാസവും വെളിച്ച സംവിധാനവുമൊക്കെ സമന്വയിപ്പിച്ച് അതീവ ഗൗരവത്തോടെ അവതരിപ്പിക്കുമ്പോഴാണ് ഹൊറര്‍ മാജിക് പൂര്‍ണ്ണതയിലെത്തുന്നത്. ഇത്തരത്തില്‍ പരിപാടികളെ അവതരിപ്പിക്കാനുളള കരുത്ത് ഈശ്വരന്‍ നല്കുന്നതാണെന്നാണ് സമ്രാജ് വിശ്വസിക്കുന്നത്. സമ്രാജിന്റെ മാന്ത്രിക പരിപാടികളുടെ വിജയത്തിന്റെ അവിഭാജ്യഘടകങ്ങളാണ് ഭാര്യമേരിസാമും, മക്കളായ ജോജിസാമും ജീവന്‍ സാമും നര്‍ത്തകരുള്‍പ്പെടുന്ന മുപ്പത്തിരണ്ടോളം കലാകാരരും. സ്റ്റേജ് നിയന്ത്രണത്തിലും വേഷസംവിധാനത്തിലുമൊക്ക പ്രത്യേകം ശ്രദ്ധനല്‍കുന്നത് ഭാര്യമേരിസാമാണ്. സംഗീതത്തില്‍ ബിരുദം നേടിയിട്ടുളള ജോജിസാം മാജിക് പരിപാടികള്‍ക്ക് അനുയോജ്യമായ മ്യൂസിക് സംവിധാന ചുമതല നിര്‍വ്വഹിക്കുന്നു. പരിപാടിയുടെ വിജയത്തിനു പിന്നിലെ ഒരു പ്രധാനഘടകം മ്യുസിക് തന്നെയാണ്.

ഒരിക്കല്‍ പ്രസിദ്ധഗായകന്‍ ബാലമുരളീകൃഷ്ണ ടി.വി.യിലൂടെ അവതരിപ്പിച്ച ”മ്യൂസിക്ക് തെറാപ്പി” പ്രോഗ്രാം കാണാനിടയായ സമ്രാജ് അത്തരമൊരു പ്രോഗ്രം തനിക്കും ചെയ്തുകൂടെ എന്നലോചിക്കുകയുണ്ടായി. അതായത് ഒരു ”മാജിക് തെറാപ്പി”, മ്യൂസിക്കിലുളളതുപോലെ വിസ്മയം മാജിക്കിലുമുണ്ടല്ലോ. അതേകുറിച്ച് സമ്രാജ് പ്രശസ്തനായ ഡോ.വി.പി.ഗംഗാധരനുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു. ”നല്ലൊരാശയമാണ് വേദനയനുഭവിക്കുന്ന കുട്ടികളായ രോഗികള്‍ക്ക് മാജിക് തെറാപ്പി ഒരാശ്വാസമാകും”. സമ്രാജ് കുട്ടികളുടെ മുന്നില്‍ തെറാപ്പിമാജിക് അവതരിപ്പിച്ചു. വേദനതിന്ന് കഴിഞ്ഞിരുന്ന കുട്ടികള്‍ ആദ്യം പ്രതികരിച്ചില്ലെങ്കിലും ക്രമേണ അവര്‍ മാന്ത്രിക വിദ്യകളിലെ വിസ്മയ കാഴ്ചകള്‍ കണ്ട് എഴുന്നേറ്റിരിക്കാനും ചിരിക്കാനും സന്തോഷിക്കാനുമൊക്കെ തുടങ്ങി.

യഥാര്‍ത്ഥത്തില്‍ കുട്ടികളുടെ സന്തോഷത്തെക്കാള്‍ ഏറെ സന്തോഷം മാതാപിതാക്കള്‍ക്കായിരുന്നു. കുട്ടികള്‍ മാജിക് അങ്കിളിനൊപ്പം കൂട്ടുകുടാനും കളിക്കാനും ചിരിക്കാനുമൊക്കെ തയ്യാറായി. ഒരിക്കലുമിതൊരു ചികിത്സയല്ല. കുട്ടികള്‍ക്കായി മാന്ത്രികനൊരുക്കിയ സ്‌നേഹസമ്മാനം. ”അവരുടെ ജീവിതശൈലിയിലൊരു മാറ്റം കാണുന്നുണ്ട്”. ഡോക്ടറും പ്രതികരിച്ചു. ഈ മാജിക് തെറാപ്പി കൂടുതല്‍ സമയം കുടുതല്‍ ആശുപത്രികളില്‍ നടത്തുവാനുളള ശ്രമത്തിലാണ് മജിഷ്യന്‍ സമ്രാജ്.

 

Comments

comments

Categories: FK Special
Tags: Indian, magical