എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട്- കിഡ്‌സാനിയ സാമ്പത്തിക സാക്ഷരതാ പരിപാടി

എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട്- കിഡ്‌സാനിയ  സാമ്പത്തിക സാക്ഷരതാ പരിപാടി

കൊച്ചി: എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട് ഗ്ലോബല്‍ തീം പാര്‍ക്കായ കിഡ്‌സാനിയയുമായി ചേര്‍ന്ന് കുട്ടികള്‍ക്കായി ധനകാര്യ സാക്ഷരതാ പരിപാടി ആരംഭിച്ചു. ധനകാര്യ സാക്ഷരത, സമ്പാദ്യം, നിക്ഷേപം എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്കു വേറിട്ട പഠനാനുഭവം നല്‍കുന്ന പദ്ധതി ഇക്കഴിഞ്ഞ ചില്‍ഡ്രന്‍സ് ദിനത്തില്‍ മുംബൈയിലെ കിഡ്‌സാനിയ അങ്കണത്തിലാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട് കിഡ്‌സാനിയ അങ്കണത്തില്‍ ധനകാര്യ സാക്ഷരത ഇടം ആരംഭിച്ചിരിക്കുകയാണ്.

വരുമാനം നേടുക, സമ്പാദിക്കുക, നിക്ഷേപം നടത്തുക, ചെലവഴിക്കുക തുടങ്ങിയവയെക്കുറിച്ചു കളികളും ക്ലാസുകളും വഴി കുട്ടികളെ അറിവു നേടാന്‍ സഹായിക്കുകയാണ് ഈ ഇടത്തിന്റെ ലക്ഷ്യം. മുംബൈയുടെ പര്യായമായി കരുതുന്ന സ്റ്റോക് എക്‌സ്‌ചേഞ്ചിനെ ചുറ്റിപ്പറ്റിയാണ് എല്‍ ആന്‍ഡ് ടിയുടെ തീം തയാറാക്കിയിട്ടുള്ളത്. എങ്കിലും ഓഹരിക്കപ്പുറത്ത് മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപ ഉപകരണങ്ങളെക്കുറിച്ച് അറിവു നേടുവാന്‍ സഹായിക്കുന്നു.

ലോകത്തുള്ള 24 കിഡ്‌സാനിയ പാര്‍ക്കുകളില്‍ ആദ്യമായിട്ടാണ് സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ ലേബലുള്ള ഒരു ഇടം സ്ഥാപിക്കുന്നത്. കുട്ടികള്‍ക്കു പുതിയ പ്രഫഷനെക്കുറിച്ചു അറിവു നല്‍കുന്നതിനും അവരെ ധനകാര്യ സാക്ഷരതയിലൂടെ ശാക്തീകരിക്കുന്നതിനും കിഡ്‌സാനിയ പ്രതിജ്ഞാബദ്ധമാണ്. ഇതുവഴി കുട്ടികള്‍ക്ക് സമ്പാദ്യം, നിക്ഷേപം മേഖലകളെക്കുറിച്ചു പഠിക്കുവാന്‍ സാധിക്കും-കിഡ്‌സാനിയ സിഎംഒ വിരാജ് ജിത് സിംഗ് പറഞ്ഞു.

കുട്ടികള്‍ക്കു നിക്ഷേപകനായും ഫണ്ടുമാനേജരായും അനുഭവം ആര്‍ജിക്കുവാനുള്ള അവസരമാണ് കിഡ്‌സാനിയയിലെ സാക്ഷരതാ ഇടം ലഭ്യമാക്കുന്നത്. നിക്ഷേപകനാകുന്ന കുട്ടിക്ക് വിവിധ ആസ്തികളുടെ നിക്ഷേപശേഖരം ഒരുക്കാന്‍ അറിവു പകരും. ഫണ്ടുമാനേജരാണെങ്കില്‍ നിക്ഷേപകരുടെ നിക്ഷേപകശേഖരം മാനേജ് ചെയ്യും. സമ്പാദ്യം, നിക്ഷേപം എന്നിവയ്ക്കായി കുട്ടികള്‍ക്കു കിഡ്‌സോസ് (കിഡ്‌സാനിയ കറന്‍സി) ഉപയോഗിക്കാം. ഫണ്ടുമാനേജര്‍മാര്‍ക്ക് അവരുടെ സേവനത്തിന് കിഡ്‌സോസില്‍ പ്രതിഫലം ലഭിക്കും. ഇടപാടുകാരെ മാനേജ് ചെയ്യുന്നതുവഴിയും അവരുമായി ബന്ധം നിലനിര്‍ത്തിപോകുന്നതു വഴിയും മറ്റും കുട്ടികള്‍ സമൂഹത്തില്‍ പെരുമാറുന്നതിനുള്ള സാമര്‍ത്ഥ്യം നേടുന്നു. ഇത്തരത്തിലുള്ള പരിശീലനം കുട്ടികള്‍ക്കും നിക്ഷേപ ഓപ്ഷനുകളെക്കുറിച്ചും ധനകാര്യ ലോകത്തെക്കുറിച്ചും അവബോധമുണ്ടാക്കുന്നു.

മൂല്യം, നിക്ഷേപത്തിന്റെ പ്രാധാന്യം, നിക്ഷേപ സാധ്യതകള്‍, നിക്ഷേപത്തിനു ജീവിതത്തിലെ പങ്ക് തുടങ്ങിയവയെക്കുറിച്ച് ഭാവിതലമുറയെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ടും കിഡ്‌സാനിയയും ചേര്‍ന്നുള്ള ഈ പങ്കാളിത്തമെന്ന് എല്‍ ആന്‍ഡ് ടി ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൈലാഷ് കുല്‍ക്കര്‍ണി പറഞ്ഞു.” നിക്ഷേപം എന്ന ആശയത്തില്‍ കുട്ടികളുടെ മനസിനെ രൂപപ്പെടുത്തിയെടുക്കാനുള്ള ഞങ്ങളുടെ ശ്രമമാണിത്. ധനകാര്യ ആശയങ്ങള്‍ ഏറ്റവും ലളിതമായി കുട്ടികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള ശ്രമം കൂടിയാണിത്,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Comments

comments

Categories: Education