താത്പര്യമുണ്ടെങ്കില്‍ ബിസിനസില്‍ വിജയം നേടാനാകും

താത്പര്യമുണ്ടെങ്കില്‍ ബിസിനസില്‍ വിജയം നേടാനാകും

klfവെളിച്ചെണ്ണയില്ലാതെ ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് മലയാളികള്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല. കേരം തിങ്ങും കേരളനാട്ടില്‍ നിന്നും മലയാളികളുടെ മാത്രമല്ല ലോകത്തിന്റെ തന്നെ മനം കവര്‍ന്ന പ്രമുഖ വെളിച്ചെണ്ണ ബ്രാന്‍ഡാണ് കെഎല്‍എഫ്. വിവിധ ബ്രാന്‍ഡുകളിലുള്ള വെളിച്ചെണ്ണകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. ഇതില്‍ തന്നെ ശ്രദ്ധേയമായ സാന്നിധ്യം അറിയിക്കുന്നതാണ് കെഎല്‍എഫ് എന്ന ബ്രാന്‍ഡ്.

”എന്റെ പിതാവ് കെപിഎല്ലിന്റെ എംഡിയായിരുന്നു. അദ്ദേഹമാണ് വ്യവസായത്തിലേക്കുള്ള എന്റെ കടന്നുവരവിന് പിന്നില്‍. 30 വര്‍ഷം മുമ്പ് അടച്ചുപൂട്ടിയിരുന്ന ഒരു മില്ല് വാങ്ങി എന്നെ അത് നോക്കിനടത്താന്‍ ഏല്‍പ്പിച്ചു. അവിടെ നിന്നാണ് ബിസിനസ് രംഗത്തേയ്ക്കുള്ള എന്റെ തുടക്കം. 1991-ലാണ് ഇരിഞ്ഞാലക്കുടയില്‍ കെ എല്‍എഫ് തുടങ്ങിയത്. കെ എല്‍ ഫ്രാന്‍സിസ് എന്ന പിതാവിന്റെ പേരിന്റെ ചുരുക്കമാണ് കെഎല്‍എഫ്,” കെ എല്‍എഫ് മാനേജിംഗ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് പറയുന്നു. തുടക്കകാലങ്ങളില്‍ പാചകത്തിനുള്ള വെളിച്ചെണ്ണ മാത്രമാണ് വിപണിയില്‍ എത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആറോളം ഉല്‍പ്പന്നങ്ങള്‍ കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്. 1994 ലാണ് നിര്‍മല്‍ കോക്കനട്ട് ഓയില്‍ കെഎല്‍എഫ് വിപണിയിലെത്തിച്ചത്. 1997-ല്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് കമ്പനിയില്‍ കാര്യമായ വിപുലീകരണം വരുത്തുകയും ചെയ്തു.
1999-ല്‍ കെ എല്‍ ഫ്രാന്‍സിസ് അന്തരിച്ചപ്പോഴേക്കും കെ എല്‍എഫ് എന്ന ബ്രാന്‍ഡ് ലോകശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞിരുന്നു. പൊന്നാനിയില്‍ നിന്നും മറ്റുമാണ് ഇവിടേക്കുള്ള കൊപ്ര വാങ്ങുന്നത്. അവിടെ കൊപ്ര ഉണക്കിയെടുക്കാനുള്ള എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
500-logo”ബ്രാന്‍ഡ് നെയിം തന്നെയാണ് ഞങ്ങളുടെ മുതല്‍ക്കൂട്ട്. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഞങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ട്. കര്‍ഷകരില്‍ നിന്നു നേരിട്ടാണ് കൊപ്ര ശേഖരിക്കുന്നത്. രാസ വസ്തുക്കളൊന്നും തന്നെ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് ഉല്‍പ്പാദനത്തിന്റെ ഓരോഘട്ടവും മുന്നോട്ടുകൊണ്ടുപോകുന്നത്. കൊപ്ര പെട്ടെന്ന് ഉണങ്ങാന്‍ പലസ്ഥലങ്ങളിലും സ്‌മോക്ക് ചെയ്യുന്ന രീതിയുണ്ട്. ഇവിടെ ആ രീതി ചെയ്യുന്നില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നുണ്ട്,” പോള്‍ ഫ്രാന്‍സിസ് വ്യക്തമാക്കുന്നു.

 

 

സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഓരോ ഉല്‍പ്പന്നങ്ങളും വിപണിയിലിറക്കുന്നത്. കെഎല്‍ഫ് ബ്രാന്‍ഡില്‍ നിര്‍മല്‍ കോക്കനട്ട് ഓയില്‍, കോക്കോനാട് കോക്കനട്ട് ഓയില്‍, നിര്‍മല്‍ വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, തിലനാട്, കോക്കോ ഡെയ്‌ലി, കോക്കോ സോഫ്റ്റ് എന്നിവയാണ് കെഎല്‍എഫിന്റെ ഉല്‍പ്പന്നങ്ങള്‍. വിപണിയില്‍ മുന്‍നിരയില്‍ തന്നെയാണ് സ്ഥാനമെങ്കിലും ഒന്നാമനെന്ന പദവി സ്വന്തമാക്കാന്‍ തന്നെയാണ് ഈ ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. എണ്ണ മാത്രമല്ല നാളികേര ചട്‌നിയും ചെമ്മീന്‍ പാക്കിംഗും ഭാവിയില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് കെ എല്‍എഫ്. റെഡി ടു കുക്ക്, റെഡി ടു ഈറ്റ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാനും ആലോചിക്കുന്നുണ്ട്. ഇതിനായുള്ള പദ്ധതികളുമായാണ് കെഎല്‍എഫ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥത ഉണ്ടായാല്‍ മാത്രമേ വിജയങ്ങള്‍ കൈയെത്തിപ്പിടിക്കാന്‍ സാധിക്കുകയുള്ളുവെന്ന് പോള്‍ ഫ്രാന്‍സിസ് പറയുന്നു ”ഏത് മേഖലയിലായാലും വിജയിക്കാന്‍ അതിനോടുള്ള താല്‍പ്പര്യം വേണം. ഇഷ്ടപ്പെടുന്ന ജോലിയില്‍ നമ്മള്‍ ഏറെ ഉത്സാഹം കാട്ടുകയും ചെയ്യും,” പോള്‍ ഫ്രാന്‍സിസ് അഭിപ്രായപ്പെടുന്നു.

Comments

comments

Categories: FK Special