ജെപി മോര്‍ഗന്‍ സിഇഒ ജാമി ഡൈമണ്‍ യുഎസ് ട്രഷറി സെക്രട്ടറിയായേക്കും

ജെപി മോര്‍ഗന്‍ സിഇഒ ജാമി ഡൈമണ്‍ യുഎസ് ട്രഷറി സെക്രട്ടറിയായേക്കും

 

വാഷിംഗ്ടണ്‍: ബഹുരാഷ്ട്ര ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ജെപി മോര്‍ഗന്‍ ചേയ്‌സ് ആന്‍ഡ് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജാമി ഡൈമണ്‍, യുഎസ് ട്രഷറി സെക്രട്ടറിയായേക്കും. ഫോക്‌സ് ബിസിനസ് നെറ്റ്‌വര്‍ക് അധികൃതരാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഡൈമണ്‍ ഈ പദവി ആഗ്രഹിക്കുന്നില്ലെന്നും അതേസമയം ഉപദേശക സ്ഥാനത്തിരിക്കാന്‍ തയാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണസമയത്തെ ഫിനാന്‍സ് മാനേജറായിരുന്ന ഗോള്‍ഡ്മാന്‍ സാഷ് ഗ്രൂപ്പ് മുന്‍ പാര്‍ട്ണര്‍ സ്റ്റീവ് നുചിനും ട്രഷറി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്. എന്നാല്‍ ട്രഷറി സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഡൈമണ് തന്നെയാണെന്ന് ട്രംപിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം ജെപി മോര്‍ഗന്റെ ഓഹരി കഴിഞ്ഞ ദിവസം 2.5 ശതമാനം താഴ്ന്ന് 77.40 ഡോളറില്‍ ക്ലോസ് ചെയ്തു. ട്രഷറി സെക്രട്ടറിയാകുന്നതിനായി ജാമി ഡൈമണ്‍ ബാങ്ക് വിടുമോയെന്ന ആശങ്കയാണ് നിക്ഷേപകരെ സ്വാധീനിച്ചത്.

ഈ മാസം 10ന് ട്രംപ് ടീമിലെ ഒരംഗം ഡൈമണെ സന്ദര്‍ശിച്ച് ട്രഷറി സെക്രട്ടറിയാകുന്നതിനുള്ള താല്‍പ്പര്യം ചോദിച്ചറിഞ്ഞിരുന്നു. എന്നാല്‍ താല്‍പ്പര്യമില്ലെന്ന നിലപാട് ഡൈമണ്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണുണ്ടായത്. ജാമി ഡൈമണ്‍ അഥവാ സ്ഥാനം ഏറ്റെടുക്കുകയാണെങ്കില്‍ പകരം ബാങ്കിന്റെ സിഇഒ ആരാകുമെന്ന് വ്യക്തമല്ല. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാറ്റ് സേമ്‌സ്, വിവിധ ബിസിനസ് മേധാവികളായ ഗോര്‍ഡന്‍ സ്മിത്ത്, ഡഗ്ലാസ് പെട്‌നോ, ഡാനിയേല്‍ പിന്റോ എന്നിവരുടെ പേരുകള്‍ മുമ്പ് പലപ്പോഴായി പറഞ്ഞുകേട്ടിരുന്നു.

ഇതിനിടെ ചൈനയിലെ ഹയറിംഗുമായി ബന്ധപ്പെട്ട് ജെപി മോര്‍ഗന്‍ യുഎസ് നീതിന്യായ വകുപ്പിനും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനുമായി 200 മില്യണ്‍ ഡോളര്‍ പിഴ അടയ്ക്കുമെന്ന് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു.

Comments

comments

Categories: World