കള്ളപ്പണം വെളുപ്പിക്കല്‍: രാജ്യവ്യാപകമായി ജ്വല്ലറികളില്‍ കസ്റ്റംസ് പരിശോധന; കൊച്ചിയിലെ 15 ജ്വല്ലറികളെ നിരീക്ഷിക്കുന്നു

കള്ളപ്പണം വെളുപ്പിക്കല്‍:  രാജ്യവ്യാപകമായി ജ്വല്ലറികളില്‍ കസ്റ്റംസ് പരിശോധന;  കൊച്ചിയിലെ 15 ജ്വല്ലറികളെ നിരീക്ഷിക്കുന്നു

 

കൊച്ചി:രാജ്യത്തെ ജ്വല്ലറികളില്‍ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം നടന്ന സ്വര്‍ണ വില്‍പ്പന കസ്റ്റംസ് അധികൃതര്‍ പരിശോധിക്കുന്നു. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം വന്ന നവംബര്‍ 8ാം തീയതിയും തലേദിവസവും രാജ്യത്തെല്ലായിടത്തും വ്യാപകമായി സ്വര്‍ണ വില്‍പ്പന നടന്നെന്ന വിവരത്തെ തുടര്‍ന്നാണ് പരിശേധന നടത്തുന്നത്.

സംസ്ഥാനത്തെ എല്ലാ ജ്വല്ലറികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. നോട്ടു പിന്‍വലിച്ചതിനു തൊട്ടു പിന്നാലെ അനധികൃതമായി കച്ചവടം നടത്തിയെന്ന് സംശയിക്കുന്ന കൊച്ചിയിലെ 15 ജ്വല്ലറികള്‍ക്കെതിരേ കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്. സാധാരണ ദിവസങ്ങളില്‍ മൂന്നു കിലോ സ്വര്‍ണം വില്‍പ്പന നടത്തിയിരുന്ന ഈ ജ്വല്ലറികളില്‍ നോട്ട് നിരോധനം നിലവില്‍ വന്നതിനു ശേഷം 30 കിലോവരെ സ്വര്‍ണം വില്‍പ്പന നടന്നതായാണ് വിവരം.

പരിശോധനയില്‍ കണക്കില്‍പ്പെടാത്ത സ്വര്‍ണം വില്‍പ്പന നടത്തിയതായും കള്ളപ്പണം കൈവശമുള്ളവരെ സ്വര്‍ണ വില്‍പ്പനയിലൂടെ ജ്വല്ലറികള്‍ സഹായിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഏഴ്, എട്ട് തീയതികളിലെ വില്‍പ്പന രജിസ്റ്റര്‍, സിസി ടിവി ദൃശ്യങ്ങള്‍ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കും. ഏഴാം തീയതിയിലെ വില്‍പ്പനയും എട്ടാം തീയതിയിലെ വില്‍പ്പനയും കസ്റ്റംസ് താരതമ്യം ചെയ്തായിരിക്കും നടപടികളിലേക്കു കടക്കുക.

Comments

comments

Categories: Slider, Top Stories