സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കാന്‍ ആര്‍ബിഐയുമായി സംസാരിക്കുമെന്ന് ജയ്റ്റ്‌ലി

സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കാന്‍ ആര്‍ബിഐയുമായി സംസാരിക്കുമെന്ന് ജയ്റ്റ്‌ലി

 

ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിന്റെ ഭാഗമായി രാജ്യത്തെ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് നേരിടുന്ന പ്രതിസന്ധി റിസര്‍വ് ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. എകെ ആന്റണിയുടെ നേതൃത്വത്തില്‍ എത്തിയ കേരളത്തിലെ എംപിമാരുടെ സംഘത്തിനാണ് ജയ്റ്റ്‌ലി ഈ ഉറപ്പു നല്‍കിയത്. അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റിനല്‍കുന്നതിന് നിലവില്‍ സഹകരണ ബാങ്കുകള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കിയിട്ടില്ല.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്നും പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ശ്രമം നടത്തുമെന്നും ജയ്റ്റ്‌ലി എംപിമാര്‍ക്ക് ഉറപ്പു നല്‍കി. സഹകരണ ബാങ്കുകളെ കള്ളപ്പണത്തിന്റെ കേന്ദ്രമായി അരോപിച്ച് സഹകരണ ബാങ്കുകളെ തകര്‍ക്കാര്‍ ബിജെപി രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും നേരത്തേ ആരോപണമുന്നയിച്ചിരുന്നു. സഹകരണ ബാങ്കുകള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സത്യാഗ്രഹ സമരം നടത്തിയ സാഹചര്യത്തിലാണ് എംപിമാര്‍ കേന്ദ്ര ധനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി ഡെല്‍ഹിയില്‍ എത്തിയപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി എംപിമാരുടെ യോഗം വിളിച്ചിരുന്നു. ഗുജറാത്തിലെ ബിജെപി ഘടകവും സഹകരണ ബാങ്കുകള്‍ക്കെതിരായ വിവേചനത്തിനെതിരേ രംഗത്തു വന്നിട്ടുണ്ട്.
അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ ക്രയവിക്രയം നടത്തുന്നതിനോ മാറ്റിനല്‍കുന്നതിനോ അനുവദിക്കാത്തത് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുള്ളതായി എംപിമാര്‍ അരുണ്‍ ജയ്റ്റ്‌ലിയെ ധരിപ്പിച്ചു.

Comments

comments

Categories: Slider, Top Stories