ചക്കപ്രേമികള്‍ക്കായി ജാക്ക്ഫ്രൂട്ട്365

ചക്കപ്രേമികള്‍ക്കായി ജാക്ക്ഫ്രൂട്ട്365

ഗീതു പീറ്റര്‍
box-logoകേരളത്തില്‍ സുലഭമായി ലഭിക്കുന്ന പഴമാണ് ചക്ക. ചക്ക ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ഏകീകൃത വിപണി ഇല്ലാത്തതിനാല്‍ ഇന്ത്യയിലെ 80 ശതമാനം ചക്കയും പാഴായിപോകുകയാണ്. എന്നാല്‍ മലയാളിയുടെ പ്രിയപ്പെട്ട ചക്ക വിഭവങ്ങള്‍ വര്‍ഷം മുഴുവന്‍ ആസ്വദിക്കാന്‍ സഹായിക്കുകയാണ് ജാക്ക്ഫ്രൂട്ട് 365 എന്ന കേരളാ സ്റ്റാര്‍ട്ടപ്പ്. പിറവം സ്വദേശിയായ ജയിംസ് ജോസഫ് എന്ന ടെക്കിയാണ് ഇതിന്റെ സ്ഥാപകനും ബ്രാന്‍ഡ് അബാസഡറും
മൈക്രോസോഫ്റ്റില്‍ ഉദ്യോഗസ്ഥനായിരുന്ന ജയിംസ് ജോസഫ് സ്വന്തമായൊരു പുസ്തകം എന്ന സ്വപ്‌നത്തിലാണ് ഐടി കരിയറില്‍ നിന്ന് ഒരു ഇടവേളയെടുക്കുന്നത്. അപ്പോഴാണ് ഇഷ്ട വിഭവമായ ചക്ക വര്‍ഷം മുഴുവന്‍ കഴിക്കാനുള്ള വഴി ആലോചിച്ച് സംരംഭമെന്ന ആശയം തലയിലുദിച്ചത്.

ചക്കയില്‍ ചുള വേര്‍ത്തിരിച്ച് വൃത്തിയാക്കിയെടുക്കാനുള്ള ബുദ്ധമുട്ടു കാരണമാണ് പലരും ചക്കവിഭവങ്ങളോട് വിമുഖത കാണിക്കുന്നത്. ഹോട്ടലുകളിലാണെങ്കില്‍ ചക്ക എപ്പോഴും ലഭ്യമല്ലാത്തതും പാചകം ചെയ്യേണ്ടി വരുമ്പോള്‍ അടുക്കളയില്‍ ഏറെ നേരം മണം തങ്ങി നില്‍ക്കുന്നതും പ്രശ്‌നമായി. ഒരുപാട് പഠനത്തിനും ആലോചനയ്ക്കും ശേഷമാണ് ഇതിനെല്ലാം പ്രതിവിധിയായി ജാക്ക്ഫ്രൂട്ട്365 എന്ന ആശയം ഉദിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് ആശയം സ്വന്തമായി നടപ്പിലാക്കാന്‍ ആദ്യം പദ്ധതിയില്ലായിരുന്നെങ്കിലും ആരും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ ജയിംസ് തന്നെ സംരംഭകനാകുകയായിരുന്നു. ആ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. 2013 ഒക്‌റ്റോബര്‍ രണ്ടിന് ജാക്ക്ഫ്രൂട്ട് 365 ആരംഭിച്ചു. നെടുമ്പാശ്ശേരിക്കടുത്താണ് സ്റ്റാര്‍ട്ടപ്പിന്റെ ഔദ്യോഗിക ഓഫീസ്. കെഎസ്‌ഐഡിസിയുടെയും നവാസ് മീരനെപ്പോലുള്ള ബിസിസുകാരുടെയും പിന്തുണ സ്റ്റാര്‍ട്ടപ്പിന് ലഭിച്ചിരുന്നു. ആദ്യവര്‍ഷം രാജ്യത്തെ അഞ്ചു ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ മെനു പട്ടികയില്‍ ജാക്ക്ഫ്രൂട്ട് 365 നെ ഉള്‍പ്പെടുത്താനുള്ള പരിശ്രമങ്ങളാണ് പ്രധാനമായും നടന്നത്. ഷെഫുമാരുടെയും ഹോട്ടലുകളുടെയും പിന്തുണയോടെ ഇത് സാധിക്കാനും മാധ്യമശ്രദ്ധ നേടുവാനും സാധിച്ചു.

ജീവിതശൈലി രോഗങ്ങള്‍ക്ക് ആരോഗ്യകരമായ പ്രതിവിധിയാണ് ചക്കയെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് രണ്ടാം വര്‍ഷം ശ്രമിച്ചത്. അപ്പോഴാണ് അസംസ്‌കൃത ചക്ക പ്രമോഹ രോഗികള്‍ക്ക് നല്ലതാണെന്ന് കണ്ടെത്തിയത്. ചക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തികൊണ്ട് പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ ഉപയോഗം കുറക്കാനാകുമെന്നതിനെക്കുറിച്ച് ധാരാളം ഗവേഷണങ്ങലും പഠനങ്ങളും നിലവിലുണ്ട്. മാത്രമല്ല ഭാരം കുറക്കാനും ഇതു സഹായിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പിന്നീട് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളെക്കുറിച്ചായി ചിന്ത. ഇന്ത്യയിലെയും വിദേശത്തെയും പാചകവിദഗ്ധരുമായി സഹകരിച്ച് ജാക്ക്ഫ്രൂട്ട് ഇഡിലി, ദോശ, പത്തിരി, പുട്ട്, ഉപ്പ്മാവ്, പൂരി, പൊറോട്ട, സമോസ, കട്ടലെറ്റ്, വട. തുടങ്ങി ജാക്ക്ഫ്രൂട്ട്365 ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിഭവങ്ങളുടെ ഒരു വലിയ നിരയും ജയിംസ് തയ്യാറാക്കിയിട്ടുണ്ട്. ഇവയുടെ റെസിപ്പി ജാക്കഫ്രൂട്ട്365 ന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വര്‍ഷത്തില്‍ ഒന്‍പത് മാസവും ചക്ക ലഭ്യമാകുമെന്ന് ജയിംസ് പറയുന്നു. ഗുണമേന്‍മ നഷ്ടടപ്പെടാതെ സംസ്‌കരിക്കുന്ന ഫീസ് ഡ്രൈ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ജാക്ക്ഫ്രൂട്ട്365 തയ്യാറാക്കുന്നത്. ചക്കയില്‍ നിന്നും വേര്‍തിരിക്കുന്ന ചുള ശീതീകരിക്കുകയും പിന്നീട് ജലാംശം മുഴുവന്‍ നീക്കം ചെയ്ത് ഉണക്കി സൂക്ഷിക്കുന്നു. അസംസ്‌കൃത ചക്ക ചുളയുടെ 82 ശതമാനം ഭാരം ഈ പ്രക്രിയ വഴി കുറയും. ഒരു കിലോ ചക്കചുള പ്രോസസ് കഴിയുമ്പോള്‍ 180 ഗ്രാം മാത്രമേ ഉണ്ടാകു. ഇത്തരത്തില്‍ തയ്യാറാക്കുന്ന ഉല്‍പ്പന്നം കേടുകൂടാതെ 365 ദിവസം സൂക്ഷിക്കാം. പാക്കറ്റുകളില്‍ ലഭ്യമാകുന്ന ജാക്ക്ഫ്രൂട്ട്365 ഉപയോഗത്തിനുമുമ്പ് 10-15 മിനുറ്റ് റീഹൈഡ്രേറ്റ് ചെയ്യേണ്ടതാണ്. ആമസോണ്‍ വഴി ഇന്ത്യയിലെവിടെയും ജാക്ക്ഫ്രൂട്ട് 365 ലഭ്യമാണ്. 180 ഗ്രാമം പാക്കറ്റിന് 360 രൂപയാണ് വില. കേരളത്തില്‍ ഓണ്‍ലൈന്‍ കൂടാതെ റീട്ടെയ്ല്‍ ഷോപ്പുകള്‍ വഴിയും വിപണനം നടത്തുന്നുണ്ട്. പ്രമോഹരോഗികളുടെ തലസ്ഥാനമായ കേരളത്തില്‍ ജാക്ക്ഫ്രൂട്ട്365 ന് നല്ല വിപണിയാണുള്ളതെന്നാണ് ജയിംസിന്റെ അഭിപ്രായം.

Comments

comments

Categories: Trending