നെല്ലോര്‍ പവര്‍ പ്ലാന്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ഇന്ത്യ പവര്‍

നെല്ലോര്‍ പവര്‍ പ്ലാന്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ഇന്ത്യ പവര്‍

 

ന്യൂഡെല്‍ഹി: ആന്ധ്രാപ്രദേശിലെ നെല്ലോറില്‍ സ്ഥിതി ചെയ്യുന്ന മീനാക്ഷി എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതായി ശ്രേയ് ഗ്രൂപ്പ് കമ്പനിയായ ഇന്ത്യ പവര്‍ കോര്‍പ് ലിമിറ്റഡ് അറിയിച്ചു. ഫ്രാന്‍സിലെ എന്‍ജി ഗ്രൂപ്പില്‍ നിന്നും ഒരു ഡോളറിനാണ് 1,000 മെഗാവാട്ട് ഊര്‍ജ്ജോല്‍പ്പാദന ശേഷിയുള്ള നെല്ലോര്‍ പവര്‍ പ്ലാന്റിനെ ഇന്ത്യ പവര്‍ ഏറ്റെടുത്തത്. കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെയാണ് ഇരു പ്ലാന്റുകളും തമ്മിലുള്ള കരാറില്‍ ധാരണയായത്.

പൊതുമേഖലാ സ്ഥാപനമായ ആന്‍ഡ്ര്യൂ യൂള്‍ ആന്‍ഡ് കമ്പനി ലിമിറ്റഡില്‍ നിന്നും ശ്രേയ് ഗ്രൂപ്പ് ഏറ്റെടുത്ത ഡിപിഎസ്‌സി ലിമിറ്റഡാണ് പിന്നീട് പുനര്‍നാമകരണം ചെയ്ത് ഇന്ത്യ പവര്‍ കോര്‍പ് ലിമിറ്റഡ് ആയി മാറിയത്. പുതിയ പ്ലാന്റുകള്‍ ഏറ്റെടുത്തുകൊണ്ട് ബിസിനസ് വിപുലീകരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ശ്രേയ് ഗ്രൂപ്പ് നെല്ലോര്‍ പ്ലാന്റ് സ്വന്തമാക്കിയിട്ടുള്ളത്. നെല്ലോര്‍ പ്ലാന്റില്‍ ഇതിനോടകം തന്നെ 300 മെഗാവാട്ടിന്റെ ജനറേഷന്‍ കപ്പാസിറ്റി കമ്മീഷന്‍ ചെയ്തതായി ഇന്ത്യ പവര്‍ ചെയര്‍മാന്‍ ഹേമന്ദ് കനോറിയ അറിയിച്ചു. ബാക്കി വരുന്ന 700 മെഗാവാട്ട് അടുത്ത വര്‍ഷം മധ്യത്തോടെ തയാറാക്കുമെന്നും കനോറിയ പറഞ്ഞു. പ്ലാന്റ് നടത്തികൊണ്ടുപോകുന്നതില്‍ എന്‍ജി ഗ്രൂപ്പ് പ്രയാസം നേരിട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

മീനാക്ഷി പവര്‍ പ്ലാന്റിന്റെ മൊത്തം കടബാധ്യത 2,800 കോടി രൂപയാണ്. ഇതില്‍ 1,600 കോടി രൂപ ഇപ്പോഴും കമ്പനി ട്രഷറിയിലുണ്ട്. 700 മെഗാവാട്ട് കമ്മീഷന്‍ ചെയ്യുന്നതിനു വേണ്ടി ഇതില്‍ നിന്നും 600 കോടി രൂപ ഉപയോഗപ്പെടുത്തിയാല്‍ പ്രവര്‍ത്തന മൂലധനാവശ്യങ്ങള്‍ നിറവേറുന്നതിന് 1,000 കോടി രൂപ ബാക്കിയുണ്ടാകുമെന്നാണ് കനോറിയയുടെ നിരീക്ഷണം. ഇന്തോനേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിച്ചാണ് മീനാക്ഷി പവര്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ഇനിയും കൂടുതല്‍ ആസ്തികള്‍ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ പവര്‍. കനോറിയയുടെ മകന്‍ രാഖവ് രാജ് കനോറിയയുടെ നേതൃത്വത്തില്‍ ഇതിനു വേണ്ടി ഒരു ടീമിനെയും കമ്പനി തയാറാക്കിയിട്ടുണ്ട്.

Comments

comments

Categories: Branding