ഒമ്‌നി ആക്റ്റിവില്‍ എവര്‍സ്‌റ്റോണ്‍ നിക്ഷേപത്തിനൊരുങ്ങുന്നു

ഒമ്‌നി ആക്റ്റിവില്‍ എവര്‍സ്‌റ്റോണ്‍ നിക്ഷേപത്തിനൊരുങ്ങുന്നു

 

മുംബൈ: സ്വകാര്യ ഇക്വിറ്റി സംരംഭമായ എവര്‍‌സ്റ്റോണ്‍ കാപിറ്റല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒമ്‌നിആക്റ്റീവ് ഹെല്‍ത്ത് ടെക്‌നോളജീസില്‍ 300 കോടി രൂപ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഭക്ഷ്യവ്യവസായത്തിലും ആരേഗ്യപരിപാലന മേഖലയിലും വേണ്ട ഘടകങ്ങളുടെ വിതരണ ശൃംഖലയാണ് ഒമ്‌നിആക്റ്റീവ് ഹെല്‍ത്ത് ടെക്‌നോളജീസ്. നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും തമ്മിലുള്ള ചര്‍ച്ച പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഔദ്യോഗിക വിവരം.

അതേസമയം ഒമ്‌നിആക്റ്റീവ് ഹെല്‍ത്ത് ടെക്‌നോളജീസിന്റെ എത്ര ഓഹരികളാണ് എവര്‍‌സ്റ്റോണ്‍ ഏറ്റെടുക്കുക എന്നതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പ്രതികരണവും ഇരു കമ്പനികളുടെയും ഭാഗത്തു നിന്നു വന്നിട്ടില്ല. കഴിഞ്ഞ മാസം മുംബൈ ആസ്ഥാനമായ മരുന്നു വിതരണ ടെക്‌നോളജി സംരംഭമായ റൂബികോണ്‍ റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡിന്റെ 70 ശതമാനം ഓഹരികള്‍ 220 കോടി രൂപയ്ക്ക് എവര്‍‌സ്റ്റോണ്‍ ഏറ്റെടുത്തിരുന്നു.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാസവസ്തു നിര്‍മാതാക്കളായ ഇന്‍ഡ്ഫ്രാഗ് ലിമിറ്റഡിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കാന്‍ ഒമ്‌നിആക്റ്റീവ് ചര്‍ച്ച ആരംഭിച്ചതായി കഴിഞ്ഞ സെപറ്റംബറില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു വേണ്ടി സ്വകാര്യ ഇക്വിറ്റി സംരംഭങ്ങളെയും ഫിനാന്‍സിംഗ് ഏജന്‍സികളെയും കമ്പനി സമീപിക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

ഗോള്‍ഡ്മാന്‍ സാച്ചസ് മുന്‍ എക്‌സിക്യൂട്ടീവുകളായ സമീര്‍ സെയ്ന്‍, അതുല്‍ കപൂര്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച എവര്‍‌സ്റ്റോണ്‍ കാപിറ്റല്‍ ഇന്ത്യയിലെ മികച്ച പ്രകടനം നടത്തുന്ന സ്വകാര്യ ഇക്വിറ്റി സംരംഭങ്ങളിലൊന്നാണ്. 3.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള എവര്‍സ്‌റ്റോണിന്റെ മുംബൈ, ഡെല്‍ഹി, ബെംഗളൂരു, മൗറീഷ്യസ് എന്നിവിടങ്ങളിലെ ഓഫീസുകളിലായി ഏകദേശം ഇരുന്നൂറോളം പേരാണുള്ളത്.

Comments

comments

Categories: Branding