വിദ്യാഭ്യാസവും ഇ- കൊമേഴ്‌സും

വിദ്യാഭ്യാസവും  ഇ- കൊമേഴ്‌സും

അമിത് മിശ്ര

2010ല്‍ യുനെസ്‌കോ പുറത്തുവിട്ട കണക്കനുസരിച്ച് ലോകത്തെ 61 മില്ല്യണ്‍ കുട്ടികള്‍ സ്‌കൂളില്‍ ചേര്‍ക്കപ്പെട്ടിട്ടില്ല. ഈ കുട്ടികളില്‍ 47 ശതമാനം പേര്‍ സ്‌കൂളില്‍ പോകാന്‍ പറ്റുമെന്ന് കരുതുന്നേയില്ല. 26 ശതമാനം പേര്‍ സ്‌കൂളില്‍ പോയിരുന്നെങ്കിലും വിദ്യാഭ്യാസം അവസാനിപ്പിച്ചു. ബാക്കിയുള്ള 27 ശതമാനം പേര്‍ ഭാവിയില്‍ സ്‌കൂളില്‍ പോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നഗര പ്രദേശത്തെ കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗ്രാമങ്ങളില്‍ നിന്നുള്ള ഇരട്ടി കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകള്‍, ഫണ്ടിന്റെ അഭാവം, അഭിപ്രായ വ്യത്യാസങ്ങള്‍, യാത്രാ സൗകര്യങ്ങളിലെ പരിമിതികള്‍ എന്നിവയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നിരുന്നാലും ആകെയുള്ള പ്രശ്‌നത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണിത്.

കാലപ്പഴക്കം ചെന്ന നമ്മുടെ പാഠ്യപദ്ധതി പുതുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വേണ്ടത്ര നൈപുണ്യ വികാസമില്ലാത്തതാണ് തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാലങ്ങളായി സ്ഥാപിച്ചുവച്ചിരിക്കുന്ന കാര്യങ്ങളെ മാറ്റിമറിക്കുന്നതിന് പുതിയ ഗവേഷണങ്ങളും മുന്നേറ്റങ്ങളും ഉണ്ടാക്കേണ്ടിയിരിക്കുന്നു. വികസിത രാജ്യങ്ങളും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വിടവ് പ്രത്യക്ഷമാകുന്നത് അറിവ് പകര്‍ന്നു കൊടുക്കുന്നിടത്താണ്. ആഗോള തലത്തില്‍ കോടിക്കണക്കിന് പണം വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കുമ്പോഴും അതിന്റെ ഫലപ്രാപ്തിയും കാര്യക്ഷമതയും വളരെ ചെറുതാണ്. എല്ലാവരെയും ഒന്നെഴുതാനും വായിക്കാനും പഠിപ്പിക്കുന്നതിലൂടെ മാത്രം വിദ്യാഭ്യാസമെന്നതിന്റെ അര്‍ത്ഥതലം പൂര്‍ണമാകുന്നില്ല.

വിദ്യാഭ്യാസ മേഖലയിലെ മന്ദതയെ മാറ്റിമറിക്കുന്നതിന് ടെക്‌നോളജിക്ക് വലിയ പങ്കുണ്ട്. ഗുട്ടന്‍ബെര്‍ഗിന്റെ അച്ചടിയന്ത്രം പോലെ വിദ്യാഭ്യാസ മേഖലയില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഇ- കൊമേഴ്‌സിന് സാധിക്കും. ഉള്ളടക്ക നിലവാരത്തിലും സ്‌ത്രോതസുകളുടെ ചലനാത്മകതയിലും ഉള്ള അന്തരം നികത്താന്‍ മാത്രമല്ല, ഉള്ളടക്കം സൃഷ്ടിക്കപ്പെട്ട വഴി, പ്രദാനം ചെയ്യുന്ന രീതി, ആഗോള തലത്തില്‍ തന്നെ അത് സ്വായത്തമാക്കുന്ന ശൈലി എന്നിവയിലെല്ലാം വിപ്ലവം സൃഷ്ടിക്കാന്‍ ഇ- കൊമേഴ്‌സിന് കഴിയും. വികസനത്തിന്റെ ഗതി അടുത്തിടെ വളരെ വേഗത്തിലായിട്ടുണ്ട്.

ഡോട്ട്‌കോം യുഗത്തെ നയിക്കുന്നതിനും ഗ്ലോബല്‍ ഇ- കൊമേഴ്‌സ് ബൂമിനെ സൃഷ്ടിക്കുന്നതിനും ഇത് പ്രധാന പങ്കു വഹിക്കുന്നു. ഉന്നത വിദ്യാഭ്യാസം നല്‍കുന്ന ഒട്ടുമിക്ക സ്ഥാപനങ്ങളും ഇ- ലേണിംഗിനെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു. ലോകത്തിന്റെ മുക്കിലും മൂലയിലും ഇന്റര്‍നെറ്റ് എത്തിച്ചേര്‍ന്നിരിക്കുന്നു. ഏറ്റവും ഉള്‍പ്രദേശങ്ങളില്‍ കിടക്കുന്ന ഗ്രാമങ്ങള്‍ പോലും വളരെ വൈകാതെ വേള്‍ഡ് വൈഡ് വെബ്ബിന്റെ പരിധിയില്‍ വരും.

അടിസ്ഥാന സൗകര്യമെന്നത് ഒരു വലിയ തടസമാകില്ല. ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിലിരിക്കുന്ന അധ്യാപകന് ലോകമെമ്പാടും ചിതറിക്കിടക്കുന്ന കുട്ടികളുമായി വളരെ വേഗത്തില്‍ സംവദിക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ ദൂരപരിധി ഇല്ലാതാക്കി മികച്ച കോഴ്‌സുകളെടുത്ത് പഠിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന പ്രമുഖ കമ്പനികളാണ് ഉഡമൈ-ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കുള്ള വിപണിയിടം, എഡ്‌മോഡോ-സോഷ്യല്‍ ലേണിംഗ് നെറ്റ്‌വര്‍ക്ക്, ലിന്‍ഡ ഡോട്ട് കോം, കോഴ്‌സ്എറ എന്നിവ. ആവശ്യം സൃഷ്ടിക്കുകയെന്നതല്ല ഏറ്റവും വലിയ വെല്ലുവിളി. മറിച്ച്, ഓരോ പ്രദേശത്തും ഇവ സ്വീകരിക്കുന്നതിനും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും വേണ്ട സാഹചര്യമുണ്ടാക്കുകയെന്നതാണ് പ്രധാനം.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇന്നും അളക്കുന്നത് ഒരു നിശ്ചിത കരിക്കുലം അടിസ്ഥാനമാക്കിയുള്ള പരീക്ഷയിലെ ഒരു വിദ്യാര്‍ത്ഥിയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു കുട്ടിയില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവിന്റെ അടിസ്ഥാനമല്ല കേന്ദ്രം, മറിച്ച് കരിക്കുലത്തിലെ ബാക്കിയുള്ള വിഷയങ്ങളില്‍ കുട്ടിയ്ക്കുള്ള പോരായ്മകളിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. അറിയാനുള്ള ആഗ്രഹത്തിനേക്കാള്‍ ഉപരി ഗ്രേഡുകളുടെ വലുപ്പത്തിനാണ് പ്രാധാന്യം. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരിമിതികളെക്കുറിച്ച് നമ്മളെല്ലാവരും ബോധവാന്മാരാണ്.

എല്ലാവരിലും വിദ്യാഭ്യാസം എത്തിക്കുന്നതിലും ഉപരിയായി മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സാഹചര്യമൊരുക്കുന്നതിനു വേണ്ടിയാണ് നമ്മള്‍ പരിശ്രമിക്കേണ്ടത്. പത്തൊമ്പതാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ സംവിധാനം ഉപയോഗിച്ച് നമുക്കൊരിക്കലും 22ാം നൂറ്റാണ്ടിലേക്ക് നടന്നുകയറാന്‍ പറ്റില്ലെന്നോര്‍ക്കണം.

പരമ്പരാഗത വിദ്യാഭ്യാസ, ഭരണ സംവിധാനങ്ങളും സര്‍ക്കാരുകളും സ്‌കൂളുകളും വളരെ വേഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളെ സ്വീകരിക്കാന്‍ ഇതുവരെയും തയാറായിട്ടില്ല. തല്‍ഫലമായി മാതാപിതാക്കളും ഇടുങ്ങിയ ചിന്താഗതികളുമായി പുതിയ രീതികളെ സ്വീകരിക്കാന്‍ തയാറാകാതെ ജീവിക്കുന്നു. കൂടാതെ, പുതുവഴികള്‍ വെട്ടുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളും ഇഴഞ്ഞു നീങ്ങുകയാണ്. തല്‍ഫലമായി ഈ രംഗം കോര്‍പ്പറേറ്റുകള്‍ കൈയടക്കുകയും പുതു തലമുറ അവയെ ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്യും.

വിദ്യാഭ്യാസത്തിന്റെയും അറിവ് സമ്പാദനത്തിന്റെയും മേഖലയില്‍ ഇ- കൊമേഴ്‌സിന് സ്വാധീനം ചെലുത്താന്‍ കഴിയുമോയെന്നതാണ് ചോദ്യം. അതിനു കഴിയുമെന്നതാണ് ഉത്തരം. മതിയായ പിന്തുണയുടെ അഭാവം മൂലം മാത്രമാണ് ഇതിന് കാലതാമസം നേരിടുന്നത്. പക്ഷേ, സാങ്കേതിക വിദ്യയ്ക്ക് വിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റിമറിക്കാന്‍ സാധിക്കും. സര്‍ക്കാരുകള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ഇ- കൊമേഴ്‌സ് കമ്പനികള്‍ എന്നിവര്‍ ഒത്തുകൂടി, ഇ-കൊമേഴ്‌സിലൂടെ വിദ്യാഭ്യാസം സ്വായത്തമാക്കുന്നതിനുള്ള വഴികള്‍ തേടുന്നതാണ് ഇതിന് ഏറ്റവും മികച്ച ഉപാധി.

(അഗ്രിം എജുക്കേഷന്‍ സര്‍വീസസിന്റെ (സ്‌കൂള്‍സാമാന്‍.കോം) സ്ഥാപകനും സിഇഒയുമാണ് ലേഖകന്‍)

Comments

comments

Categories: FK Special