കേന്ദ്രത്തിന്റേത് സമചിത്തതയില്ലാത്ത നടപടി: മുഖ്യമന്ത്രി

കേന്ദ്രത്തിന്റേത് സമചിത്തതയില്ലാത്ത നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതില്‍ സമചിത്തതയില്ലാത്ത നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ പണ വിനിമയത്തില്‍ സിംഹഭാഗവും കൈയാളുന്ന നോട്ടുകളെ പകരം സംവിധാനമൊരുക്കാതെ പെട്ടെന്നൊരു ദിവസം പ്രധാമന്ത്രി വന്ന് പിന്‍വലിക്കുകയായിരുന്നു. ഇതുമൂലം രാജ്യത്താകമാനം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. നോട്ട് അസാധുവാക്കിയ തീരുമാനത്തിനെതിരേയും സഹകരണപ്രസ്ഥാനങ്ങളോടുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിച്ച് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടന്ന എല്‍ഡിഎഫ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഓരോ കുടുംബത്തിലെയും സാധാരണക്കാരന്റെ ജീവിതതത്തില്‍ സഹകരണ ബാങ്കിന് പങ്കുണ്ട്. അതിനെ കള്ളപ്പണത്തിന്റെ കേന്ദ്രമെന്ന് പറഞ്ഞ് ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

തലതിരിഞ്ഞ തീരുമാനത്തിലൂടെ തുഗ്ലക്കിന്റെ ആശാനാകാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രിയും ഭരണ പരിഷ്‌കരണ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇപ്പോള്‍ ക്യൂവില്‍ നിന്നു നരകിക്കുന്ന ജനങ്ങള്‍ 2019ല്‍ തെരഞ്ഞെടുപ്പിനു ക്യൂ നില്‍ക്കുമെന്ന് മോദി ഓര്‍ക്കണമെന്നും അന്ന് മോദിയുടെ നെഞ്ചത്തായിരിക്കും ചാപ്പ കുത്തപ്പെടുകയെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവരും സമരത്തില്‍ പങ്കെടുത്തു. സമരത്തോട് യോജിപ്പാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കളും പ്രതികരിച്ചു.

Comments

comments

Categories: Slider, Top Stories