നോട്ട് അസാധുവാക്കലിലെ കതിരും പതിരും

നോട്ട് അസാധുവാക്കലിലെ  കതിരും പതിരും

പ്രവീണ്‍ പരമേശ്വര്‍

1. കള്ളനോട്ട്, അനിയന്ത്രിതമായ കള്ളപ്പണം, കുഴല്‍പ്പണം തുടങ്ങിയവ സൃഷ്ടിക്കുന്ന സമാന്തര സാമ്പത്തിക സംവിധാനം ഏതൊരു രാജ്യത്തിന്റെയും നിലനില്‍പ്പിനു തന്നെ ഭീഷണിയാണ്. ഈ പ്രശ്‌നത്തിന് വലിയൊരു പരിധിവരെ പരിഹാരം കാണാന്‍ നോട്ടു പിന്‍വലിക്കല്‍ തീര്‍ച്ചയായും സഹായിക്കും. പലയിടത്തായി ശേഖരിച്ചിരിക്കുന്ന കള്ളപ്പണം/കള്ളനോട്ട് തുടങ്ങിയവ ഇന്ത്യന്‍ റുപ്പി സിനിമയിലെപ്പോലെ ഒരൊറ്റ ദിവസംകൊണ്ട് വെറും പേപ്പര്‍ കെട്ടുകളായി മാറി.

2. തീവ്രവാദികള്‍, മാവോയിസ്റ്റുകള്‍, അധോലോക സംഘങ്ങള്‍ തുടങ്ങി പണം കരുതിവച്ചിരിക്കുന്ന പല മിടുക്കന്മാരും ബുദ്ധിമുട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

3. ഇങ്ങനെയൊരു തീരുമാനമെടുക്കുക അനായാസമായ കാര്യമല്ല. കരുത്തും നിശ്ചയദാര്‍ഢ്യവും ശക്തമായ സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ശേഷിയുമൊക്കെയുണ്ടാവണം. അതിനാല്‍ തന്നെ നരേന്ദ്ര മോദി എടുത്ത നടപടി തീര്‍ച്ചയായും അനുമോദനം അര്‍ഹിക്കുന്നു.

4. ഈ തീരുമാനത്തെ ‘ഇപ്പോ ഴുള്ള കള്ളനോട്ടുകള്‍ പോയാല്‍ പുതിയത് വരില്ലേ, കള്ളപ്പണം ചാക്കിലാണോ സൂക്ഷിക്കുന്നത്, കക്കുന്നവന് ഒളിപ്പിക്കുവാനുമറിയാം എന്നിങ്ങനെ തുടങ്ങി ജിയോയുടെ പേരില്‍ കളക്ട് ചെയ്ത ആധാര്‍ രേഖകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയുള്ള അംബാനിയുടെ തീരുമാനമെന്നുവരെ’ പറഞ്ഞുകൊണ്ട് എതിര്‍ക്കുന്നത് വെറുതെ എതിര്‍ക്കാന്‍വേണ്ടി ഉയര്‍ത്തുന്ന വാദമായേ കരുതുന്നുള്ളു.

5. എന്നാല്‍ ഈ ആശയത്തിന്റെ പ്രാവര്‍ത്തികവല്‍ക്കരണത്തില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. കുറച്ചുകൂടെ അവധാനതയോടെ നടത്തിയിരുന്നെങ്കില്‍ തീരുമാനത്തിന്റെ എല്ലാ ഗുണഗണങ്ങളും ജനത്തിനെ ബുദ്ധിമുട്ടിക്കാതെ തന്നെ നേടിയെടുക്കാമായിരുന്നു. എന്തിനായിരുന്നു ഈ തിടുക്കമെന്ന ചോദ്യത്തിന് ആരും കൃത്യമായി മറുപടി പറഞ്ഞുകേട്ടതുമില്ല. ഇടയ്ക്കിടെ ജനത്തിനെ ഞെട്ടിച്ചുകൊണ്ട് താനെന്തോ ചെയ്യുന്നുവെന്ന് ഒരു വലിയ പ്രതീതി സൃഷ്ടിക്കാനുള്ള മോദിയുടെ ആഗ്രഹത്തിന്റെ ഭാഗമായേ ഇതുവരെയുള്ള അറിവുവച്ചുകൊണ്ട് ഇതിനെക്കാണുവാന്‍ കഴിയുന്നുള്ളു.

6. അതിനാല്‍ നല്ല ആശയത്തിന്റെ നടപ്പിലാക്കല്‍ രീതിയോട് കടുത്ത വിയോജിപ്പുണ്ട്. തിടുക്കത്തില്‍ നടപ്പിലാക്കിയതിന്റെ കാരണം, സാവകാശം കാട്ടിയിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്ന പ്രശ്‌നം തുടങ്ങിയവ ആരെങ്കിലും വ്യക്തമാക്കിത്തന്നാല്‍ അതിലും യോജിക്കുന്നതില്‍ സന്തോഷം മാത്രം.

7. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍/ പ്രതികരണങ്ങളില്‍ ഏറ്റവും അരോചകമായി തോന്നിയത് അതിര്‍ത്തിയിലെ പട്ടാളക്കാരും ബാങ്കില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങളുമായുള്ള താരതമ്യമാണ്. രണ്ടും രണ്ടു വിഷയമാണ്, അവയെ എങ്ങനെയാണ് താരതമ്യം ചെയ്യാന്‍ കഴിയുന്നത്. എല്ലാ വിഷയത്തിലേക്കും പട്ടാളത്തെ കൊണ്ടുവരികയും, അതിനെ എതിര്‍ത്താല്‍ രാജ്യദ്രോഹമെന്നു പറയുകയും ചെയ്യുന്നത് യഥാര്‍ത്ഥ വിഷയത്തില്‍ നിന്നുള്ള ശ്രദ്ധതിരിക്കല്‍ മാത്രമാണ്. അല്ലെങ്കില്‍ ഉത്തരം മുട്ടുമ്പോള്‍ പട്ടാളത്തെ കൂട്ടിനു വിളിക്കുന്ന ഭീരുത്വം. ഇത് കഴിഞ്ഞാല്‍ പരിതാപകരമാണെന്ന് തോന്നിയ മറ്റൊന്ന്, വിഷയം പഠിക്കാതെ ഭീതി വാരിവിതറുവാന്‍ ശ്രമിച്ച ചിലരുടെ പ്രസ്താവനകളാണ്.

8. മറ്റൊരു ദുരന്തം പ്രധാനമന്ത്രിയുടെ പ്രസംഗമാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് സോണിയ ഗാന്ധി തിരുവനന്തപുരത്തു നടത്തിയ വൈകാരിക പ്രസംഗമുണ്ടല്ലോ, ആ ഡ്രാമ, അതിനോട് കിടപിടിക്കുന്ന മറ്റൊരു പ്രകടനം കണ്ടത് ഈ അടുത്ത ദിവസം ഗോവയിലാണ്. സോണിയ ഗാന്ധിയുടെ പ്രസംഗത്തിന് ശേഷം സുധീരന്‍ജി സ്റ്റേജില്‍ അവതരിപ്പിച്ച വികാരഭരിതമായ മുദ്രാവാക്യം വിളി എന്ന കലാപരിപാടി പല ബിജെപി നേതാക്കളും മോദിഭക്തരും അനുകരിക്കുന്നതും അന്ന് കണ്ടു.

9. പിന്നെ, നോട്ട് അസാധുവാക്കലിനെ എതിര്‍ക്കുന്നവരെല്ലാം രാജ്യദ്രോഹികളാണെന്ന വാദമുന്നയിക്കുന്നവരോട് ഒന്നു മാത്രമേ പറയുവാനുള്ളു, സ്വന്തം കുഴിയാണ് തോണ്ടുന്നതെന്ന്. അതി ദേശീയതാവാദം ഉയര്‍ത്തിയ ഒരു രാജ്യവും സമാധാനത്തിന്റെ പാതയില്‍ സഞ്ചരിച്ച ചരിത്രമില്ല.

10. പ്രിയപ്പെട്ട പ്രധാനമന്ത്രി, താങ്കളുടേതു നല്ലൊരു ആശയമാണ്. മികച്ചൊരു തീരുമാനമാണ്, നടപ്പിലാക്കല്‍ കുറച്ചു പാളിപ്പോയെങ്കിലും. ഇനി ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. വികാരം വാരിവിതറി ഓവറാക്കി ചെയ്ത പണിയുടെ വില കൂടി കളയരുത്. അതിഭക്തി മുറ്റി നില്‍ക്കുന്ന ചില സുഹൃത്തുക്കളോട് കൂടിയാണ് ഈ അഭ്യര്‍ത്ഥന.

Comments

comments

Categories: FK Special