ചൈനയിലെ ഇന്ത്യന്‍ ബാങ്കുകളും അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കില്ല

ചൈനയിലെ ഇന്ത്യന്‍ ബാങ്കുകളും അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കില്ല

 

ബെയ്ജിംഗ്: ഇന്ത്യന്‍ ബാങ്കുകളുടെ ചൈനയിലുള്ള ബ്രാഞ്ചുകളില്‍ അസാധുവാക്കിയ ഇന്ത്യന്‍ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനോ നിക്ഷേപിക്കുന്നതിനോ സാധിക്കുന്നില്ലെന്ന് ചൈനയിലെ ഇന്ത്യന്‍ എംബസ്സി അറിയിച്ചു. എന്നാല്‍ ചൈനയിലുള്ള വ്യക്തിക്ക് ഇന്ത്യയിലുള്ള അദ്ദേഹത്തിന്റെ ബാങ്ക് എക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് മറ്റൊരാളെ അധികാരപ്പെടുത്താന്‍ മാത്രമാണ് സാധിക്കുക. ഇത്തരത്തില്‍ അസാധുവാക്കിയ ഇന്ത്യന്‍ കറന്‍സികള്‍ മാറ്റിയെടുക്കാന്‍ ചുമതലപ്പെടുത്തുന്ന വ്യക്തി നോട്ടുകള്‍ക്കൊപ്പം എക്കൗണ്ട് ഉടമയുടെ തിരിച്ചറിയല്‍ രേഖകളുമായിട്ടായിരിക്കണം ബാങ്കിനെ സമീപിക്കേണ്ടതെന്നും എംബസ്സി അറിയിച്ചു.

ആയിരക്കണക്കിന് ഇന്ത്യക്കാരാണ് തൊഴില്‍ ആവശ്യങ്ങള്‍ക്കും മറ്റുമായി ചൈനയിലുള്ളത്. ഇതില്‍ ഭൂരിഭാഗം പേരും ബെയ്ജിംഗ്, ഷാങ്ഹായ്, ഗ്വംഗ്‌സ്യൂ എന്നിവിടങ്ങളിലാണ്. നിലവില്‍ രണ്ട് സ്വകാര്യ ബാങ്കുകളുള്‍പ്പെടെ ഏഴ് ഇന്ത്യന്‍ ബാങ്കുകളാണ് ചൈനയിലുള്ളത്. ഡിസംബര്‍ 30നു മുമ്പ് ഇന്ത്യയിലെത്തി തങ്ങളുടെ കൈവശമുള്ള നോട്ടുകള്‍ മാറ്റിയെടുക്കാനാകുമോ എന്നാണ് ഇപ്പോള്‍ ചൈനയിലുള്ള പലരും ചിന്തിക്കുന്നത്.

നോട്ട് അസാധുവാക്കികൊണ്ടുള്ള തീരുമാനം നേപ്പാള്‍ സാമ്പദ്‌വ്യവസ്ഥയെയും ഇന്ത്യയില്‍ തൊഴിലെടുക്കുന്ന നേപ്പാളികളെയും ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് സഹായമഭ്യര്‍ത്ഥിച്ചിരുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളും ഇന്ത്യന്‍ കറന്‍സി സ്വീകരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറകെയാണ് ചൈനയിലുള്ള ഇന്ത്യക്കാരും പ്രതിസന്ധിയിലാണെന്ന വാര്‍ത്ത പുറത്തുവരുന്നത്.

Comments

comments

Categories: Slider, Top Stories