കാശുള്ള എടിഎമ്മും ക്യൂവിന്റെ നീളവും കണ്ടെത്താന്‍ വാള്‍നട്ട് ആപ്

കാശുള്ള എടിഎമ്മും ക്യൂവിന്റെ നീളവും കണ്ടെത്താന്‍ വാള്‍നട്ട് ആപ്

കൊച്ചി: പണമില്ലാത്ത എടിഎമ്മിനു മുമ്പില്‍ കാത്ത് നിന്ന് സമയം കളയാതിരിക്കാന്‍ പുതിയ ആപ്. ഏറ്റവും അടുത്ത് പണമുള്ള എടിഎം ഏതെന്ന് കണ്ടെത്താനും വാള്‍നട്ട് ഇന്ത്യയുടെ പേഴ്‌സണല്‍ ഫിനാന്‍സ് മാനേജ്‌മെന്റ് ആപ് സഹായിക്കും. ഇന്ത്യയെങ്ങുമുള്ള എടിഎമ്മുകളിലെ പണം പിന്‍വലിക്കുന്നത് ട്രാക്ക് ചെയ്താണ് ഇത് സാധ്യമാക്കുന്നത്.
അടിയന്തര വൈദ്യസഹായം വേണ്ടപ്പോഴും ഇലക്ട്രോണിക് പണമിടപാട് നടക്കാത്തപ്പോഴും പണം അത്യാവശ്യമാകുമ്പോഴും ഈ ആപ് സഹായകമാകും. അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ എടിഎമ്മുകള്‍ക്കു മുന്നിലെ നീണ്ട ക്യൂവില്‍നിന്ന് രക്ഷപ്പെടാന്‍ ഇത് ഏറെ സഹായകമാകും.

രാജ്യമെങ്ങുമുള്ള എടിഎമ്മുകളിലെ പണത്തിന്റെ തോത് 1.8 മിനുട്ടിന്റെ വ്യത്യാസത്തില്‍ വാള്‍നട്ട് ആപ് വിലയിരുത്തും. എടിഎമ്മുകളിലെ ക്യൂവിന്റെ നീളവും ഇതുവഴി അറിയാം. ഈ വിവരങ്ങള്‍ വാട്‌സ്ആപ്പിലും ഫേയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ മറ്റ് സാമൂഹികമാധ്യമങ്ങളിലും ഷെയര്‍ ചെയ്യാനും സാധിക്കും.

പണമുള്ള എടിഎമ്മില്‍ ചെറിയ ക്യൂ ആണെങ്കില്‍ പച്ചനിറമുള്ള പിന്‍, നീളമുള്ള ക്യൂ ആണെങ്കില്‍ ചുവന്ന പിന്‍, പണമില്ലെങ്കില്‍ അല്ലെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെങ്കില്‍ ചാരനിറത്തിലുള്ള പിന്‍ എന്നിങ്ങനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.

പണമിടപാടുകള്‍ ലളിതമാക്കാനുള്ള പേഴ്‌സണല്‍ ഫിനാന്‍സ് ആപ്പാണ് വാള്‍നട്ട് എന്ന് സഹസ്ഥാപകനും സിഇഒയുമായ അമിത് ഭോര്‍ പറഞ്ഞു. കള്ളപ്പണത്തിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായ നടപടികള്‍ മൂലം ഒട്ടേറെ ഇന്ത്യക്കാര്‍ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സജീവമായ എടിഎമ്മുകള്‍ കണ്ടെത്തുന്നത് സഹായകരമാകുമെന്നാണ് കരുതുന്നത്. ദശലക്ഷക്കണക്കിന് ഉപയോക്താക്കളില്‍നിന്ന് സ്വീകരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തത്‌സമയം എടിഎമ്മിലെ ക്യൂവിന്റെ വിവരങ്ങളും കണ്ടെത്തുന്നത് (#ATMwithCash). വാള്‍നട്ട് ഉപയോക്താക്കള്‍ ഒരു എടിഎം ഉപയോഗിക്കുമ്പോള്‍ ആ വിവരം പങ്കുവയ്ക്കുന്നതിലൂടെ ചുറ്റുമുള്ളവരിലും ആ വിവരം എത്തുന്നു. ഡെബിറ്റ് കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിക്കുമ്പോള്‍ എത്ര പണമാണ് ചെലവഴിച്ചത് എന്നറിയാനായി വാള്‍നട്ട് സഹായിക്കും. ചെലവുകള്‍ സ്വയമേവ ട്രാക്ക് ചെയ്യാന്‍ ഈ ആപ് വഴി കഴിയും.

Comments

comments

Categories: Trending