കറന്‍സി വിനിമയ പ്രക്രിയ നവീകരിക്കണം

കറന്‍സി വിനിമയ പ്രക്രിയ നവീകരിക്കണം

അമിത് കപൂര്‍

ണ്ട് പ്രധാനപ്പെട്ട സംഭവങ്ങളിലൂടെയാണ് കഴിഞ്ഞയാഴ്ച കടന്നുപോയത്. ഒന്ന്- 45ാം അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. രണ്ട്- 1000, 500 രൂപ നോട്ടുകള്‍ ഇന്ത്യന്‍ ഭരണകൂടം നിരോധിച്ചു. രണ്ടും അത്ഭുതം സൃഷ്ടിച്ച സംഭവങ്ങളായിരുന്നു. കാരണം, മിക്ക ഒപ്പീനിയന്‍ പോളുകളും ഹിലരി ക്ലിന്റന്റെ വിജയമാണ് പ്രവചിച്ചത്. മാധ്യമങ്ങളുള്‍പ്പെടെ എല്ലാവരും നോട്ടുകള്‍ അസാധുവാക്കുന്നത് സംബന്ധിച്ച വാര്‍ത്തയറിഞ്ഞത് പ്രധാനമന്ത്രി നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്ക് നടത്തിയ പ്രഖ്യാപനത്തിന് ശേഷമാണ്.

ട്രംപ് പ്രസിഡന്റായാല്‍ എന്തു സംഭവിക്കുമെന്നത് പ്രവചിക്കാന്‍ എളുപ്പമാണെങ്കിലും അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ നോട്ട് അസാധുവാക്കല്‍ എങ്ങനെയെല്ലാം ബാധിക്കുമെന്ന് കാത്തിരുന്നു കാണുക തന്നെ വേണം. 1946ലും 1978ലും കറന്‍സികള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ 86 ശതമാനം ജനങ്ങളെയും ആഴത്തില്‍ ബാധിക്കുന്ന തരത്തില്‍ ഒറ്റ രാത്രികൊണ്ട് നോട്ടുകള്‍ നിരോധിക്കുന്നത് ഇതാദ്യമാണ്.  നോട്ട് അസാധുവാക്കല്‍ പ്രധാനമായും നാല് കാര്യങ്ങളെയാണ് ബാധിക്കുന്നത്. ഒന്ന്- സമ്പദ് വ്യവസ്ഥ. രണ്ട്- രാഷ്ട്രീയം സുരക്ഷാ സാഹചര്യം. മൂന്ന്- റിയല്‍ എസ്റ്റേറ്റ് വിപണി, കള്ളപ്പണം പൂഴ്ത്തല്‍. നാല്-സാധാരണക്കാരായ ജനങ്ങള്‍.

സാമ്പത്തിക രംഗത്തിന്റെ കാര്യമെടുത്താല്‍ ആവശ്യത്തിന് പണം ലഭ്യമല്ലാത്തതിനാല്‍, ചെറിയ മൂല്യമുള്ള നോട്ടുകള്‍ പൂഴ്ത്തിവയ്ക്കപ്പെടും. അതിനാല്‍, ചെലവഴിക്കല്‍ വളരെ പതുക്കെയായിരിക്കും നടക്കുക. എന്നാല്‍, സമയബന്ധിതമായി, സര്‍ക്കാര്‍ നോട്ട് ക്ഷാമത്തിന് പരിഹാരം കാണുകയാണെങ്കില്‍ ഈ പ്രശ്‌നം ഹ്രസ്വകാലത്തേക്ക് മാത്രമെ നീണ്ടു നില്‍ക്കുകയുള്ളു.
ചെലവഴിക്കല്‍ എന്നത് ഹ്രസ്വ കാലത്തില്‍ നിന്ന് ഇടക്കാലത്തേക്കെന്ന നിലയില്‍ കുറയും. ഇതൊഴിച്ച് നിര്‍ത്തിയാല്‍, കൂടുതല്‍ പണം ഈ സംവിധാനത്തില്‍ നിന്ന് പുറത്തു പോകും.

സത്യസന്ധമായ രീതിയില്‍ കൈവശം വെച്ചിരിക്കുന്ന പണം മാറ്റി വാങ്ങാനായി പൊതുജനം ബാങ്കുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ബാങ്കിംഗ് മേഖലയില്‍ വലിയ തോതില്‍ നിക്ഷേപമെത്തിക്കുന്നതിന് ഇത് സഹായിക്കും. ഒരാഴ്ച കൊണ്ട് മാത്രം, ആകെയുള്ള 17.3 ട്രില്ല്യണ്‍ പണത്തില്‍ 1.5 മുതല്‍ 2 ട്രില്ല്യണ്‍ നിക്ഷേപമാണ് ബാങ്കുകളിലുണ്ടായിട്ടുള്ളത്. ഇതില്‍ 14 ട്രില്ലണ്‍ അസാധുവാക്കപ്പെട്ടു.

മറ്റൊരു പ്രധാനപ്പെട്ട അനന്തരഫലം എന്താണെന്നു വെച്ചാല്‍, സമ്പദ് വ്യവസ്ഥയുടെ അനൗപചാരിക ഘടകത്തെ കേന്ദ്രീകരിച്ചുള്ളതാണ്. അനൗപചാരിക ഘടകം ഇപ്പോള്‍ കറന്‍സി മാറ്റി മേടിക്കാന്‍ വളരെ പതുക്കെ ബാങ്കുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. 2.5 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് നികുതിയിനത്തിലുള്ള വരുമാനവും വര്‍ധിപ്പിക്കും. ട്രംപിന്റെ അവരോധവും ഇന്ത്യയിലെ പെട്ടെന്നുള്ള കറന്‍സി അസാധുവാക്കലും സ്റ്റോക് മാര്‍ക്കറ്റുകളെ പിടിച്ചുലച്ചു.

രണ്ടാമത്തെ പ്രധാന ആഘാതം കാണുവാന്‍ സാധിക്കുന്നത് രാഷ്ട്രീയത്തിലും സുരക്ഷാ സംവിധാനത്തിലുമാണ്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 12 സംസ്ഥാനങ്ങളിലായിരിക്കും, പ്രത്യേകിച്ച് ഉത്തര്‍ പ്രദേശിലായിരിക്കും ഇതിന്റെ ഏറ്റവും വലിയ പ്രതിഫലനമുണ്ടാകുക. ബ്രസീലിന്റെ അത്രയും ജനസംഖ്യയുണ്ട് ഉത്തര്‍ പ്രദേശിലെന്നത് ആഘാതം എത്രത്തോളം വലുതായിരിക്കുമെന്ന് സൂചിപ്പിക്കുന്നു.

സര്‍ക്കാരിന്റെ നടപടി സാധാരണക്കാരനെ എത്രത്തോളം ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ഇടതു പക്ഷ പാര്‍ട്ടികള്‍ എന്നിവയെല്ലാം സര്‍ക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്തുകഴിഞ്ഞു. നടപടികള്‍ എത്ര കാര്യക്ഷമമായി ചെയ്യാമെന്നുള്ള ചോദ്യം പ്രസക്തമാണ്. എങ്കിലും, ഒരുപാട് ചോദ്യമുന്നയിക്കുന്നത് ഈ പാര്‍ട്ടികള്‍ അഴിമതിയില്‍ മുങ്ങിയതാണെന്ന് നിരീക്ഷിക്കപ്പെടാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു.

നോട്ടുകള്‍ അസാധുവാക്കുന്ന വിവരം അതീവ രഹസ്യമായാണ് സൂക്ഷിക്കപ്പെട്ടത്. അല്ലെങ്കില്‍, അനധികൃതമായി സമ്പാദിച്ചിരിക്കുന്ന പണം ആളുകള്‍ വലിയ തോതില്‍ സ്വര്‍ണമോ മറ്റ് ആസ്തികളോ വാങ്ങുന്നതിന് ഉപയോഗിച്ചേനെ. മൂന്നര മണിക്കൂര്‍ നേരം കൊണ്ട് സ്വര്‍ണം വാങ്ങുന്നതിന് ആളുകള്‍ നിക്ഷേപം നടത്തിയതും നമ്മള്‍ കണ്ടു. എന്നിരുന്നാലും, സര്‍ക്കാരിന്റെ നടപടിയെ ആദായ നികുതി വകുപ്പ് സസൂക്ഷ്മം വീക്ഷിച്ചുവരികയാണ്.

മാവോയിസ്റ്റ്, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍ തോതില്‍ ഉപയോഗിക്കുന്ന കള്ളപ്പണത്തിന്റെ ഒഴുക്കിനെ നോട്ട് പിന്‍വലിക്കല്‍ കാര്യമായി തന്നെ ബാധിക്കും. എന്നാല്‍, ഹ്രസ്വ കാലത്തേക്ക് മാത്രമായിരിക്കും അതെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. കാരണം, അപ്പോഴേക്കും കള്ളനോട്ടുകള്‍ വന്നു തുടങ്ങും. അഴിമതി കുറയ്ക്കുന്നതിന് ഇനിയും നടപടികള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി സൂചനകള്‍ നല്‍കിയിട്ടുണ്ട്.

ആഘാതമേല്‍ക്കുന്ന മൂന്നാമത്തെ വിഭാഗം റിയല്‍ എസ്റ്റേറ്റ് വിപണിയും കള്ളപ്പണ വിപണിയും പൂഴ്ത്തിവെയ്പ്പുകാരുമാണ്. ശേഖരിച്ചുവെച്ചിരിക്കുന്ന പണം ഇല്ലാതാകുന്നതോടെ, റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ വലിയ വിലയിടിവ് ദൃശ്യമാകും. സമാന്തര സമ്പദ് വ്യവസ്ഥയുടെ വലുപ്പം കുറയുന്നതിനും ഇത് കാരണമാകും.  ബാങ്കില്‍ കൊടുത്ത് മാറ്റിയെടുക്കാന്‍ സാധിക്കാത്തതിനാല്‍ കള്ളപ്പണം ചാക്കില്‍ കെട്ടി കത്തിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഉപ്പിന്റെ വില ക്രമാതീതമായി ഉയര്‍ന്നെന്നുള്ള കെട്ടിച്ചമച്ച വാര്‍ത്തകളും പുറത്തുവരുന്നു. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ അവഗണിക്കേണ്ടതും വിശ്വസിക്കാന്‍ പാടില്ലാത്തതുമാണ്.

സാധാരണക്കാരനെ എങ്ങനെയെല്ലാം ബാധിക്കുമെന്നതാണ് ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വസ്തുത. കയ്യിലുള്ള ചെറിയ തുകകള്‍ നിക്ഷേപിക്കുന്നതിനും നോട്ടുകള്‍ മാറിയെടുക്കുന്നതിനും പൊതുജനം ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. സമൂഹത്തിലെ പാവപ്പെട്ടവരെ മോശമായ രീതിയിലാണ് നടപടികള്‍ ബാധിച്ചിരിക്കുന്നത്. പണക്കാരനും ഇടത്തരക്കാരനും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയപ്പോള്‍, പാവപ്പെട്ടവര്‍ക്ക് വെയിലത്ത് ക്യൂ നില്‍ക്കേണ്ടി വന്നു.

നഗര പ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്ക് ആവശ്യത്തിന് സാധനസാമഗ്രികള്‍ ലഭ്യമായപ്പോള്‍ ബാങ്കിംഗ് സംവിധാനവുമായി അത്ര ബന്ധമില്ലാത്ത ഗ്രാമീണര്‍ അവശ്യ വസ്തുക്കള്‍ക്കു വേണ്ടി നന്നേ ബുദ്ധിമുട്ടി. പണം മാറുന്നതിന് ഡിസംബര്‍ 30 വരെ കാത്തു നില്‍ക്കാന്‍ അവര്‍ക്ക് കഴിയില്ലായിരുന്നുവെന്നത് തന്നെ കാരണം. സര്‍ക്കാരിന്റെ ചെയ്തി ആളുകളെ വേദനിപ്പിച്ചുവെന്നത് സത്യമാണ്. ഇത്തരക്കാരോട് മനുഷ്യത്വത്തോടെ പെരുമാറാനുള്ള സമയമാണിത്. സാധാരണ ജീവിതം തിരിച്ചുപിടിക്കുന്നതിന് നോട്ടു കൈമാറ്റവും എടിഎമ്മുകളുടെ പ്രവര്‍ത്തനവും സര്‍ക്കാര്‍ വേഗത്തിലാക്കേണ്ടതുണ്ട്. ഏറ്റവും ശക്തമായതും അപകട സാധ്യതയുള്ളതുമായ തീരുമാനമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍വന്നിരിക്കുന്നത്. ആ തീരുമാനം നടപ്പിലാക്കുന്ന സംവിധാനങ്ങളും പൗരന്മാരും ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

(തിങ്കേഴ്‌സ് മാഗസിന്റെ എഡിറ്ററും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്‌നെസിന്റെ അധ്യക്ഷനുമാണ് ലേഖകന്‍)

Comments

comments

Categories: FK Special