ബ്ലാക്ക്‌സ്റ്റോണും ബ്രൂക്ക്ഫീല്‍ഡും ഭാരതി ഇന്‍ഫ്രാടെല്ലിന്റെ ഓഹരികള്‍ ഏറ്റെടുക്കും

ബ്ലാക്ക്‌സ്റ്റോണും ബ്രൂക്ക്ഫീല്‍ഡും  ഭാരതി ഇന്‍ഫ്രാടെല്ലിന്റെ ഓഹരികള്‍ ഏറ്റെടുക്കും

 

മുംബൈ: ഓള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജിംഗ് സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണും കനേഡിയന്‍ നിക്ഷേപകരായ ബ്രൂക്ക്ഫീല്‍ഡും ഭാരതി ഇന്‍ഫ്രാടെല്ലിന്റെ 40 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നു. രാജ്യത്തെ പ്രമുഖ ടെലികോം ടവര്‍ വിതരണക്കാരാണ് ഭാരതി ഇന്‍ഫ്രാടെല്‍.
സ്വകാര്യ നിക്ഷേപക ഫണ്ട് കെകെആര്‍ ആന്‍ഡ് കമ്പനിയുമായും കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡു(സിസിപിഐബി)മായും സഹകരിച്ചാണ് ബ്ലാക്ക്‌സ്റ്റോണ്‍ ഓഹരികള്‍ വാങ്ങുന്നത്. അതേസമയം, ബ്രൂക്ക്ഫീല്‍ഡ് സ്വന്തം നിലയിലാവും ലേലത്തില്‍ പങ്കെടുക. 2011ല്‍ കാര്‍ലൈന്‍ ഗ്രൂപ്പിനോട് ചേര്‍ന്ന് റിലയന്‍സ് കമ്യൂണിക്കേഷന്റെ ടവര്‍ ആസ്തി വാങ്ങാന്‍ ബ്ലാക്ക്‌സ്റ്റോണ്‍ ശ്രമിച്ചിരുന്നെങ്കിലും നീക്കം വിജയിച്ചില്ല.
ഭാരതി ഇന്‍ഫ്രാടെല്ലിന്റെ ഓഹരികള്‍ കഴിഞ്ഞ ദിവസം 0.8 ശതമാനം ഇടിഞ്ഞ് 361.75 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 68,611.93 കോടി രൂപയാണ് കമ്പനിയുടെ വിപണി വിഹിതം. ഇതനുസരിച്ച് 40 ശതമാനം ഓഹരികള്‍ക്ക് ഏകദേശം 27,000 കോടി രൂപ മൂല്യം വരും.
ഇന്‍ഫ്രാടെല്ലിലെ ഓഹരികള്‍ വില്‍ക്കുന്നതിന് ഭാരതി എയര്‍ടെല്ലിന്റെ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ എത്ര ഓഹരികള്‍ വില്‍ക്കുമെന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ എയര്‍ടെല്ലിന് ഇന്‍ഫ്രാടെല്ലില്‍ 72 ശതമാനം ഓഹരികളാണുള്ളത്.
ഓഹരി വില്‍പ്പനയിലൂടെ എയര്‍ടെല്ലിന്, ടെലികോം സേവന രംഗത്തെ പുതുമുഖങ്ങളായ റിലയന്‍സ് ജിയോ ഇന്‍ഫോകോമുമായുള്ള സാമ്പത്തിക അന്തരം ഇല്ലാതാക്കാനാകും.
മൊബീല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാര്‍ ഡാറ്റ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനാല്‍ നിക്ഷേപകര്‍ ഇന്ത്യയിലെ ടവര്‍ കമ്പനികളില്‍ പ്രതീക്ഷവെയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ ലിസ്റ്റുചെയ്യപ്പെട്ട ഒരേയൊരു ടവര്‍ കമ്പനിയാണ് ഭാരതി ഇന്‍ഫ്രാടെല്‍. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റലാഭം 31 ശതമാനം ഉയര്‍ന്ന് 774 കോടി രൂപയിലെത്തിയിരുന്നു. കൂടാതെ വരുമാനം 8 ശതമാനം വളര്‍ച്ചയും കൈവരിച്ചു.
ഏറ്റവും വലിയ ടെലികോം ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവറില്‍ ഭാരതി ഇന്‍ഫ്രാടെല്ലിന് 42 ശതമാനം ഓഹരികളുണ്ട്. ഇന്‍ഡസിലേതടക്കം 22 കേന്ദ്രങ്ങളിലായി 90,000 ടവറുകള്‍ കമ്പനി കൈവശംവയ്ക്കുന്നു. എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ സെല്ലുലാര്‍ എന്നിവയുടെ സംയുക്ത സംരംഭമാണ് ഇന്‍ഡസ് ടവര്‍.

Comments

comments

Categories: Branding