നിക്ഷേപം കുമിയുന്നു; ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കും

നിക്ഷേപം കുമിയുന്നു; ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കും

 

മുംബൈ: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് നിക്ഷേപങ്ങള്‍ ഉയര്‍ന്നതിനാല്‍ ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)നിരക്ക് കുറച്ചിട്ടും അതിനനുസൃതമായി പലിശയില്‍ ഇളവു വരുത്താന്‍ ബാങ്കുകള്‍ തയാറായിരുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബാങ്കുകള്‍ പലിശ നിരക്ക് താഴ്ത്തിയേക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഒരു വര്‍ഷം മുതല്‍ 455 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.90 ശതമാനമായി കുറച്ചിരുന്നു. അതേസമയം, 211 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല, അവ ഏഴു ശതമാനമായി തുടരും. കുറച്ചു ആഴ്ചകള്‍ക്കുള്ളില്‍ വായ്പകളുടെ പലിശ നിരക്കും അനുയോജ്യമായ നിലയിലാകുമെന്നു കരുതപ്പെടുന്നു. അങ്ങനെയെങ്കില്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അതു ഗുണം ചെയ്യും.
എല്ലാ നിരക്കുകളിലും ഇടിവുണ്ടാകുമെന്ന് എസ്ബിഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപമെത്തുന്നു. എന്നാല്‍ വായ്പയുടെ ആവശ്യകത കുറഞ്ഞു. അതിനാല്‍ പലിശ നിരക്ക് ഇതിലും ഇടിയുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കള്ളപ്പണവും അഴിമതിയും തടയുന്നതിന് നവംബര്‍ ഒന്‍പതു മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു ശേഷം ബാങ്കുകളില്‍ മൊത്തം 4 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ വന്നുകഴിഞ്ഞു. ഡിസംബര്‍ 30ന് 500, 1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി അവസാനിക്കുമ്പോഴേക്കും ബാങ്കുകളില്‍ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പൊതുമേഖല ബാങ്കായ എസ്ബിഐയും അഞ്ചു സഹബാങ്കുകളും ബുധനാഴ്ച വരെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം ശേഖരിച്ചു.
പൊതുമേഖലയിലേതിനു പുറമെ സ്വകാര്യ ബാങ്കായ ആക്‌സിസും പലിശ നിരക്ക് കുറച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കും ബാങ്ക് ഓഫ് ബറോഡയും നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കാന്‍ ആലോചിക്കുന്നെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Comments

comments

Categories: Slider, Top Stories