2000 രൂപയ്ക്കുള്ള കറന്‍സി നോട്ട് മാറ്റാന്‍ പോയ സര്‍ജു ദേവിക്ക് ബാങ്ക് നല്‍കിയത് ഒരു രൂപ നാണയങ്ങള്‍

2000 രൂപയ്ക്കുള്ള കറന്‍സി നോട്ട് മാറ്റാന്‍ പോയ സര്‍ജു ദേവിക്ക് ബാങ്ക് നല്‍കിയത്  ഒരു രൂപ നാണയങ്ങള്‍

ലക്‌നൗ(യുപി): തിരിച്ചടികള്‍ ഒന്നൊന്നായി പിന്തുടരുകയാണ് ഉത്തര്‍പ്രദേശിലെ മോഹന്‍ലാല്‍ ഗഞ്ച് സ്വദേശി സര്‍ജു ദേവിയെ. പ്രായം 70നോട് അടുത്തെങ്കിലും ജീവിതത്തില്‍ ദുരന്തം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സര്‍ജു ദേവിക്കു വിധി സമ്മാനിച്ച ആദ്യ പ്രഹരം ഭര്‍ത്താവിന്റെ വിയോഗമാണ്. പിന്നീട് മകന് കാന്‍സര്‍ സമ്മാനിച്ചു. കാന്‍സര്‍ ബാധിതനായ മകന്റെ ചികിത്സയ്ക്കു വേണ്ടി മരുന്നു വാങ്ങാനായി കറന്‍സി നോട്ട് മാറ്റാന്‍ ബാങ്കിലെത്തിയ സര്‍ജു ദേവിക്ക് 2000 രൂപയ്ക്കുള്ള ഒറ്റ രൂപ നാണയമാണ് അധികൃതര്‍ നല്‍കിയത്. ഏകദേശം 17 കിലോ തൂക്കമുണ്ട് 2000 രൂപയ്ക്കുള്ള ഒറ്റ രൂപയടങ്ങിയ സഞ്ചിക്ക്.
സര്‍ജു ദേവി താമസിക്കുന്ന മോഹന്‍ലാല്‍ ഗഞ്ചില്‍നിന്നും 25 കിലോമീറ്റര്‍ ദൂരത്തിലുള്ള ലക്‌നൗവിലാണ് നോട്ട് മാറ്റാന്‍ എത്തിയത്. ഇത്രയും ദൂരം 17 കിലോ ചുമന്ന് നടക്കാനുള്ള ബുദ്ധിമുട്ട് ബാങ്കിലെ സ്ത്രീയായ ക്യാഷിയറെ അറിയിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ലെന്നു സര്‍ജു ദേവി പറയുന്നു.
രാജ്യത്ത് 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതോടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരികയാണ്. കള്ളപ്പണക്കാരെ ശിക്ഷിക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച നടപടിയിലൂടെ ദുരിതം ഏറ്റുവാങ്ങുന്നത് സര്‍ജു ദേവിയെ പോലുള്ള സാധാരണക്കാരാണ്.

Comments

comments

Categories: Trending