ആഫ്രിക്കയിലെ പ്രവര്‍ത്തനത്തിന് പുതു ദിശാബോധം നല്‍കാന്‍ എയര്‍ടെല്‍

ആഫ്രിക്കയിലെ പ്രവര്‍ത്തനത്തിന് പുതു ദിശാബോധം നല്‍കാന്‍ എയര്‍ടെല്‍

കൊല്‍ക്കത്ത: നഷ്ടത്തിലായ ആഫ്രിക്കന്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കാന്‍ ടെലികോം വമ്പന്‍മാരായ എയര്‍ടെല്‍ ശ്രമിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ പാദത്തില്‍ ലഭിച്ച ശക്തമായ ഉപഭോക്തൃ വളര്‍ച്ചയും ഡാറ്റ ഉപഭോഗവും മൊബീലിലൂടെ പണം സ്വീകരിക്കുന്ന പ്രവണതയും നിലനിര്‍ത്താന്‍ സാധിച്ചാല്‍ 2018ല്‍ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌കരിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നറിയുന്നു. താരതമ്യേന ചെലവു കുറഞ്ഞ രീതികളായിരിക്കും ആഫ്രിക്കന്‍ മേഖലയില്‍ എയര്‍ടെല്‍ അവലംബിക്കുക.

സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള എയര്‍ടെല്ലിന്റെ ആഫ്രിക്കയിലെ അറ്റനഷ്ടം സെപ്റ്റംബര്‍ പാദത്തില്‍ 91 മില്ല്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ഇത് 170 മില്ല്യണ്‍ ഡോളറായിരുന്നു. വരുമാനം 3.7 ശതമാനമുയര്‍ന്ന് 898 മില്ല്യണ്‍ ഡോളറിലുമെത്തി. ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതും ഡാറ്റ ഉപഭോഗം കൂടിയതും എയര്‍ടെല്‍ മണി ഇടപാടുകളുടെ മൂല്യത്തില്‍ 54 ശതമാനം കുതിപ്പ് രേഖപ്പെടുത്തിയതുമാണ് നേട്ടത്തിന് കാരണം. ആഫ്രിക്കയിലെ മിക്ക വിപണികളിലും കറന്‍സിയുടെ മൂല്യം സ്ഥിരത പുലര്‍ത്തിയതും എയര്‍ടെല്ലിന് ഗുണം ചെയ്തു.
എന്നാല്‍, ആഫ്രിക്കയിലെ ബിസിനസിന്റെ ദിശാമാറ്റത്തെക്കുറിച്ച് പ്രതികരിക്കാന്‍ എയര്‍ടെല്‍ അധികൃതര്‍ തയാറായില്ല. പരിഷ്‌കരണ നടപടികളെക്കുറിച്ച് ഇതുവരെ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്നും വളര്‍ച്ചയുടെ അടുത്ത ഘട്ടത്തില്‍ ആഫ്രിക്കയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവര്‍ പ്രതികരിച്ചു. വരിക്കാരുടെ എണ്ണത്തിലെയും ഡാറ്റ ഉപഭോഗത്തിലെ വര്‍ധന ഭാവിയില്‍ ആഫ്രിക്കയില്‍ കമ്പനിക്ക് നേട്ടം സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എയര്‍ടെല്ലിന്റെ ഉന്നത ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു.
്‌

Comments

comments

Categories: Branding