ഇന്ത്യ-ജപ്പാന്‍ സൗഹൃദം: ചൈന ഭയപ്പെടുന്നത് എന്തുകൊണ്ട് ?

ഇന്ത്യ-ജപ്പാന്‍ സൗഹൃദം: ചൈന ഭയപ്പെടുന്നത് എന്തുകൊണ്ട് ?

1977 ഓഗസ്റ്റ് മാസം ജാപ്പനീസ് പ്രധാനമന്ത്രി താക്കിയോ ഫുക്കുഡ ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയിലേക്ക് യാത്ര ചെയ്യവേ, മൂന്ന് പ്രധാന സ്തംഭങ്ങളെ കുറിച്ച് ഊന്നിപ്പറയുകയുണ്ടായി. ഈ മൂന്ന് സ്തംഭങ്ങളാണ് പില്‍ക്കാലത്ത് ജപ്പാന്റെ ഏഷ്യയോടുള്ള വിദേശനയത്തിലെ പ്രധാന തത്വങ്ങളായി മാറിയത്. ഇത് Fukuda Doctrine of ‘Heart to Heart Relations ‘ എന്നും അറിയപ്പെടുന്നു. വികസനവും പുരോഗതിയും കൈവരിച്ചാലും ജപ്പാന്‍ ഒരിക്കലും ആയുധവാഴ്ചയിലേക്ക് ചുവടുവയ്ക്കില്ലെന്നു പ്രതിജ്ഞ ചെയ്യുന്നതാണ് ഫുക്കുഡ ഈ നയത്തിലൂടെ പ്രഖ്യാപിച്ചത്. ഏഷ്യയോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചു ഫുക്കുഡ വിഭാവനം ചെയ്ത വിദേശനയമാണ് ഈയടുത്ത കാലം വരെ ജപ്പാന്‍ പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ മേഖലയില്‍ ചൈനയുടെ ആക്രമണോത്സുക നിലപാട് ടോക്യോയുടെ വിദേശനയത്തില്‍ വ്യക്തമായ വ്യതിയാനം വരുത്തിയിരിക്കുകയാണ്. ഇതിനു പുറമേ തിരുത്തല്‍വാദിയെന്ന് വിശേഷണമുള്ള പ്രധാനമന്ത്രിയായി ജപ്പാനില്‍ ഷിന്‍സോ ആബേ അധികാരത്തിലേറിയതും വിദേശനയത്തില്‍ വന്‍ മാറ്റങ്ങള്‍ വരുത്താന്‍ രാജ്യത്തെ പ്രേരിപ്പിച്ചു.

ഈ മാസം 11ന് മൂന്നാമത് വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി ജപ്പാനിലെത്തുകയുണ്ടായി. ജപ്പാനില്‍ വച്ച് മോദി, പ്രധാനപ്പെട്ട പ്രതിരോധ കരാറിലേര്‍പ്പെടുകയും ചെയ്തു. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഇരു രാജ്യങ്ങളും ഒപ്പുവച്ച വലിയ കരാര്‍ കൂടിയായിരുന്നു അത്. കരയിലും വെള്ളത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന ( US-2 Amphibious aircraft ) വിമാനവാഹിനിക്കപ്പലിന്റെ വില്‍പനയുമായി ബന്ധപ്പെട്ടതാണു കരാര്‍. അറബിക്കടലിലെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണ്‍, ഇന്ത്യന്‍ മഹാസമുദ്ര മേഖ തുടങ്ങിയ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ സഹായിക്കുന്നതാണ് US-2 aircraft. ഇതിനു പുറമേ ഭൗമരാഷ്ട്രീയ (geo political) പശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോള്‍ പ്രാധാന്യമുള്ള ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകളില്‍ അത്യാഹിത സാഹചര്യം സംജാതമാവുകയാണെങ്കില്‍ കാലതാമസമില്ലാതെ ഇന്ത്യന്‍ നേവിക്ക് എത്തിച്ചേരാന്‍ സഹായിക്കുന്നതാണ് ഈ എയര്‍ക്രാഫ്റ്റ്. ഇത്തരത്തില്‍ ഇന്ത്യയുടെ സൈനിക ശക്തിക്ക് ആക്കം കൂട്ടുന്ന കരാറാണ് ജപ്പാനുമായി മോദി ഒപ്പിട്ടത്.

ഉഭയകക്ഷി തലത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ മോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ തീരുമാനമായി. എന്നാല്‍ ഇരുരാജ്യങ്ങളും ആണവ കരാറില്‍ ഒപ്പുവച്ചത് ബീജിംഗിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍എസ്ജി) അംഗത്വമെടുക്കാനുള്ള ന്യൂഡല്‍ഹിയുടെ ശ്രമങ്ങളെ ബീജിംഗ് ശക്തമായി എതിര്‍ത്തു പോരുന്നുണ്ട്. ആണവ നിര്‍വ്യാപന കരാറില്‍(എന്‍പിടി) ഒപ്പുവച്ചില്ലെന്ന കാരണം പറഞ്ഞാണു ചൈന ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തെ എതിര്‍ക്കുന്നത്. എന്നാല്‍ ജപ്പാനുമായി ആണവ കരാറിലേര്‍പ്പെട്ടതോടെ ഇന്ത്യ പുറത്തെടുത്തിരിക്കുന്നത് ബീജിംഗിനെതിരേയുള്ള തുറുപ്പ് ചീട്ട് കൂടിയാണ്. ഇന്ത്യ-ജപ്പാന്‍ ആണവകരാറിനെ സാമ്പത്തിക പശ്ചാത്തലത്തില്‍ വീക്ഷിക്കുകയാണെങ്കില്‍, ഇരുരാജ്യങ്ങള്‍ക്കും നേട്ടമാണെന്നും വിലയിരുത്തുന്നുണ്ട്. ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യങ്ങളെ അഭിമുഖീകരിക്കാന്‍ ആണവ പദ്ധതികളെ ആശ്രയിക്കുകയാണ് ഏക പോംവഴി. മറുവശത്ത് ജപ്പാനാകട്ടെ, 2011ലെ ഫുകുഷിമ ദുരന്തത്തിനു ശേഷം ആണവോര്‍ജ്ജ പദ്ധതികള്‍ ഒഴിവാക്കാനും പുതിയ വിപണി കണ്ടെത്താനുള്ള ശ്രമത്തിലുമാണ്.
ചൈനയും കൊറിയയും കടുത്ത മത്സരമാണ് ജപ്പാന് സമ്മാനിച്ചിരിക്കുന്നത്. ഈയവസരത്തില്‍ ഇന്ത്യയുമായുള്ള പുതിയ സൗഹൃദം അവര്‍ക്ക് ഗുണകരമേകുമെന്ന കാര്യത്തില്‍ സംശയമില്ല.
2015ല്‍ ഇന്തോനേഷ്യയില്‍ അതിവേഗ റെയ്ല്‍ പാത നിര്‍മാണത്തിന്റെ കരാര്‍ ചൈനയ്ക്ക് ലഭിച്ചിരുന്നു. ജപ്പാനെ പിന്തള്ളിയാണ് ചൈന ഈ കരാര്‍ നേടിയെടുത്തത്. എന്നാല്‍ ഈ നഷ്ടം ജപ്പാന്‍ മറികടന്നത് 505 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയ്ല്‍ കോറിഡര്‍ കരാര്‍ ലഭിച്ചതോടെയാണ്. ഏഷ്യയില്‍ വിശ്വസനീയ പങ്കാളിയെ അന്വേഷിക്കുന്ന ജപ്പാന്‍, ഇന്ത്യയില്‍ കാണുന്നതും മറ്റൊന്നല്ല. 1970-കളില്‍ ജപ്പാന്‍ നടത്തിയ നിക്ഷേപത്തിന്റെ ഫലമാണ് ഇന്നു ചൈനയുടെ സമ്പദ്‌രംഗത്തിന്റെ അടിത്തറ. 70-കളില്‍ ചൈനയില്‍ നടത്തിയതു പോലുള്ള നിക്ഷേപമാണ് ഇന്ത്യയില്‍ നടത്താന്‍ ജപ്പാന്‍ ആഗ്രഹിക്കുന്നത്.
ഇന്ത്യയുമായി ജപ്പാന്‍ സൗഹൃദം ആഗ്രഹിക്കുന്നതിന് ഒരു മറുവശം കൂടിയുണ്ട്. അത് ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണു വീക്ഷിക്കേണ്ടത്. ആഗോളതലത്തില്‍ സഖ്യകക്ഷികള്‍ക്കു യുഎസ് നല്‍കുന്ന പിന്തുണയും സഹായവും പുനപരിശോധിക്കുമെന്നു ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം പുതുതായി സ്വീകരിക്കാന്‍ പോകുന്ന നയമെന്താണെന്ന് പ്രവചിക്കാന്‍ സാധിക്കുകയില്ല. ഈ സാഹചര്യത്തില്‍ ഏഷ്യ-പസഫിക് മേഖലയില്‍ വളര്‍ന്നു വരുന്ന ചൈനീസ് സാന്നിധ്യത്തെ പ്രതിരോധിക്കാന്‍ ടോക്യോ നിര്‍ബന്ധിതമാകും. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ജപ്പാന്‍ പ്രതീക്ഷയര്‍പ്പിക്കുന്നതാകട്ടെ ഇന്ത്യയിലുമാണ്.

Comments

comments

Categories: World