വൊഡാഫോണ്‍ ഇന്ത്യ ഐപിഒ ഈ വര്‍ഷം ഉണ്ടായേക്കില്ല

വൊഡാഫോണ്‍ ഇന്ത്യ ഐപിഒ ഈ വര്‍ഷം ഉണ്ടായേക്കില്ല

 

ന്യൂഡെല്‍ഹി: യൂറോപിലെ ഏറ്റവും വലിയ മൊബീല്‍ ഓപ്പറേറ്ററായ വൊഡാഫോണ്‍ ഗ്രൂപ്പ് ഇന്ത്യന്‍ യൂണിറ്റിലെ മൂല്യം 5 ബില്ല്യണ്‍ യൂറോ (36,448.53 കോടി രൂപ) വെട്ടികുറയ്ക്കുന്നു. റിലയന്‍സ് ജിയോയുടെ പ്രവേശനത്തോടെ വിപണി മത്സരം ശക്തമായതിനെ തുടര്‍ന്നാണ് നിരക്ക് കുറയ്ക്കുന്നത്.
പ്ലാന്‍ ചെയ്തിരിക്കുന്ന വൊഡാഫോണ്‍ ഇന്ത്യയുടെ പ്രാഥമിക ഓഹരി വില്‍പ്പന(ഐപിഒ) ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന. വിപണി സാഹചര്യം മാറിയതിനാല്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലില്‍ ആണിത്.

ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപകുതിയില്‍ കമ്പനിയുടെ ഇന്ത്യയിലെ വരുമാനം 5.9 ശതമാനം ഉയര്‍ന്ന് 22,579 കോടി രൂപയിലെത്തിയിരുന്നു. രണ്ടാം പാദത്തില്‍ 5.4 ശതമാനമായിരുന്നു കമ്പനിയുടെ സേവനങ്ങളില്‍ നിന്നുള്ള വരുമാന വളര്‍ച്ച. ഈ കാലയളവില്‍ 2.8 മില്ല്യണ്‍ വരിക്കാരെയും കമ്പനി പുതുതായി ചേര്‍ത്തു.

എന്നാല്‍ ത്രൈമാസ അളവുകളില്‍ പ്രത്യേകിച്ച് ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ പ്രീമിയം ഡേറ്റ സര്‍വീസുകള്‍ ദുര്‍ബലമായിരുന്നു. ഡേറ്റ വരുമാന വളര്‍ച്ച തൊട്ടുമുന്‍പത്തെ പാദത്തിലെ 22 ശതമാനത്തില്‍ നിന്ന് 16 ശതമാനമായി കുറഞ്ഞു. റിലയന്‍സ് ജിയോയുടെ പ്രവേശനത്തിന്റെ ഭാഗമായുള്ള ഫ്രീ പ്രെമോഷന്‍ ഓഫറിന്റെ ഫലമായിട്ടാണിതെന്ന് അടുത്തവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ അഞ്ചിനാണ് ജിയോ സര്‍വീസ് ആരംഭിച്ചത്.

ഡേറ്റ പ്ലാനുകളും വോയ്‌സ് ഓഫറുകളും ശക്തിപ്പെടുത്തി മാറുന്ന മത്സര സാഹചര്യത്തോട് പ്രതികരിക്കാനാണ് കമ്പനിയുടെ ശ്രമം.

Comments

comments

Categories: Branding