ട്രംപും ഇന്ത്യയും

ട്രംപും ഇന്ത്യയും

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വളരെ നല്ല ബന്ധമാണണ് തനിക്കുള്ളതെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. തീവ്രദേശീയ വികാരം വെച്ചു പുലര്‍ത്തുന്ന ട്രംപിനെപ്പോലുള്ള ഒരാള്‍ പ്രസിഡന്റ് പദത്തിലേക്ക് വരുമ്പോള്‍ മറ്റ് രാജ്യങ്ങളുമായി അത്ര വിശാല ബന്ധമാകില്ല അമേരിക്കയ്ക്ക് ഉണ്ടാകുക എന്നതാണ് പരക്കെയുള്ള വിലയിരുത്തല്‍.

ട്രംപിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മോദി പറഞ്ഞത്. നിലവിലെ ഇന്ത്യ-യുഎസ് ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ സാധ്യതയില്ലെന്നും മോദി പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ട്രംപ് പുറപ്പെടുവിച്ച അതിദേശീയവാദങ്ങള്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം കൈക്കൊള്ളുന്ന നയങ്ങളില്‍ പ്രതിഫലിക്കുമോയെന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. ചൈനയോടും ജപ്പാനോടും ട്രംപ് എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഇന്ത്യയെ സംബന്ധിച്ചടത്തോളം നിര്‍ണായകമാണ്. സാമ്പത്തികപരമായി ചൈനയെ ശക്തമായ രീതിയില്‍ പ്രതിരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തന്ത്രപരമായി ചൈനയുമായുള്ള ബന്ധത്തില്‍ എന്ത് നിലപാട് ഉണ്ടാകും എന്നത് വ്യക്തമല്ല. അതുപോലെ തന്നെ നിര്‍ണായകമാണ് പാക്കിസ്ഥാനുമായും അഫ്ഗാനിസ്ഥാനുമായും ഇറാനുമായും ഉള്ള ബന്ധത്തില്‍ ട്രംപിന്റെ നിലപാട് എന്തായിരിക്കുമെന്നത്. ഇന്ത്യയെ ശക്തമായ പങ്കാളിയാക്കിയുള്ള നയതന്ത്രമാണേ ട്രംപ് സ്വീകരിക്കുകയെന്നത് കണ്ടറിയണം.

Comments

comments

Categories: Editorial