ലണ്ടനില്‍ പുതിയ ഓഫീസുമായി ഗൂഗിള്‍

ലണ്ടനില്‍ പുതിയ ഓഫീസുമായി ഗൂഗിള്‍

ലണ്ടന്‍ : യുഎസ് ടെക് ഭീമന്‍മാരായ ഗൂഗിള്‍ ലണ്ടനിലെ കിംഗ്‌സ് ക്രോസ് കാംപസ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഓഫീസ് നിര്‍മ്മിക്കുന്നു. പദ്ധതി വഴി ലണ്ടനില്‍ 3,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച കഴിവുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇന്നൊവേഷനോടുള്ള അഭിനിവേശവുമുള്ള യുകെയില്‍ കംപ്യൂട്ടര്‍ സയന്‍സിന് വലിയ ഭാവിയാണുള്ളതെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ അഭിപ്രായപ്പെട്ടു.

പത്തു നിലയില്‍ നിര്‍മ്മിക്കുന്ന പുതിയ ഓഫീസ് 2018 ഓടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കിംഗ്‌സ് ക്രോസ് ട്രെയിന്‍ സ്റ്റേഷന് സമീപത്തായി ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിച്ചുവരികയാണ്. ഗൂഗിളിന്റെ ഈ കാംപസില്‍ 7,000 ജീവനക്കാരാണ് ജോലി ചെയ്യാന്‍ പോകുന്നത്. നേരത്തെ ലണ്ടനില്‍ ഓഫീസ് നിര്‍മിക്കാന്‍ ഗൂഗിള്‍ പദ്ധതിയിട്ടിരുന്നു. താല്‍ക്കാലികമായുള്ള കെട്ടിടത്തില്‍ 2,500 ഓളം പേരാണ് ജോലി ചെയ്യുന്നത്. ഇവിടെ ജീവനക്കാരെ ഉള്‍ക്കൊള്ളുന്നതില്‍ അസൗകര്യം ഉള്ളതിനാല്‍ പുതിയ ഓഫീസ് നിര്‍മ്മിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു.

ഗൂഗിളിന്റെ പുതിയ ഓഫീസ് നിര്‍മ്മിക്കാനുള്ള തീരുമാനത്തെ ബ്രിട്ടീഷ് ധനകാര്യമന്ത്രി ഫിലിപ്പ് ഹാമോണ്ട് സ്വാഗതം ചെയ്തു. ബ്രിട്ടന്റെ ബിസിനസ് സൗഹൃദനയത്തിനുള്ള തെളിവാണിതെന്നും ലോകത്തിലെ മുന്‍നിര രാജ്യമാകാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിക്‌സിറ്റിനുശേഷം യുകെയില്‍ നിക്ഷേപം നടത്താനുള്ള ബിസിനസ് ലോകത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്.

Comments

comments

Categories: Branding
Tags: Google, office, UK