സ്‌നാപിന്റെ ഐപിഒ വരുന്നു

സ്‌നാപിന്റെ ഐപിഒ വരുന്നു

ന്യൂയോര്‍ക്: ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പായ സ്‌നാപിന്റെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) വരുന്നു. 25 ബില്യണ്‍ ഡോളറിനാണ് മുമ്പ് സ്‌നാപ്ചാറ്റ് എന്നറിയപ്പെട്ട സ്‌നാപ് ഐപിഒ നടത്തുന്നത്. ഇതുസംബന്ധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് ഫയലിംഗ് സമര്‍പ്പിച്ചുകഴിഞ്ഞതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് ഇ-കോമേഴ്‌സ് കമ്പനിയായ ആലിബാബ, സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക് എന്നിവയ്ക്കുശേഷമുള്ള ഏറ്റവും വലിയ ഐപിഒയാണ് സ്‌നാപിന്റേത്. സ്‌നാപിന്റെ ഗംഭീര കടന്നുവരവ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാന്ദ്യം നേരിട്ട ടെക്‌നോളജി ഐപിഒ വിപണിക്ക് ഉണര്‍വ് പകരും.

ഡീലോജിക്കിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം ഇതുവരെ അമേരിക്കയില്‍ 103 കമ്പനികളാണ് ലിസ്റ്റ് ചെയ്തത്. ഇതുവഴി ഈ കമ്പനികള്‍ 21.8 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു. കഴിഞ്ഞ വര്‍ഷം 165 ലിസ്റ്റിംഗുകളിലായി 34.6 ബില്യണ്‍ ഡോളറാണ് ഐപി ഒ കളില്‍ നിന്ന് നേടിയെടുത്തത്. ഈ വര്‍ഷത്തെ ഇതുവരെയുള്ള 103 ലിസ്റ്റിംഗ് 2009ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ്. മാത്രമല്ല, 2010ന് ശേഷം ഇത്ര ചെറിയ തുക സമാഹരിക്കുന്നത് ഇത്തവണയാണെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌നാപ് വിജയകരമായി ഐപിഒ പൂര്‍ത്തിയാക്കുന്നത് മറ്റ് ടെക് കമ്പനികള്‍ക്ക് ഇതേ പാത പിന്തുടരുന്നതിന് കാരണമാകുമെന്ന് നിക്ഷേപകര്‍ കരുതുന്നു. ചൈനീസ് ഇ-കോമേഴ്‌സ് കമ്പനിയായ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡ് 2014 ല്‍ 168 ബില്യണ്‍ ഡോളറിന്റെ ഐപിഒ ആണ് നടത്തിയത്. സ്‌നാപ് എന്ന് പേര് മാറിയ സ്‌നാപ്ചാറ്റ് അടുത്തിടെ വീഡിയോ ചിത്രീകരിക്കാന്‍ സാധിക്കുന്ന സണ്‍ഗ്ലാസ് പുറത്തിറക്കിയിരുന്നു.

Comments

comments

Categories: Slider, Top Stories
Tags: IPO, Snap