ആറന്‍മുള അടഞ്ഞ അധ്യായം; എരുമേലിയില്‍ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തി: മുഖ്യമന്ത്രി

ആറന്‍മുള അടഞ്ഞ അധ്യായം; എരുമേലിയില്‍ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തി: മുഖ്യമന്ത്രി

ന്യൂഡെല്‍ഹി: എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്‍മുള വിമാനത്താവള പദ്ധതി അടഞ്ഞ അധ്യായമാണെന്നും എരുമേലി വിമാനത്താവളം ആറന്‍മുള വിമാനത്താവളത്തിന് പകരമായിട്ടല്ല ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ഥലം തീരുമാനിച്ചാല്‍ എരുമേലി വിമാനത്താവളത്തിന് അനുമതി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കും. കോട്ടയംപത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ എരുമേലിയില്‍ വിമാനത്തവളം യാഥാര്‍ത്ഥ്യമായാല്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമാവുകയും ഇന്നുള്ള യാത്രാ പ്രശ്‌നത്തിന് വലിയൊരളവു ആശ്വാസമാവുകയും ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പിണറായി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി രണ്ട് എയര്‍ സ്ട്രിപ്പുകള്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യവും സംസ്ഥാനം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ വെച്ചിട്ടുണ്ട്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇറക്കുന്നതിന് ബേക്കലിലും ഇടുക്കിയിലും എയര്‍ സ്ട്രിപ്പുകള്‍ വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ഇടുക്കിയിലെ എയര്‍ സ്ട്രിപ്പ് വിനോദ സഞ്ചാരികള്‍ക്ക് മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നതിന് സഹായകമാകും.

ആറന്‍മുള വിമാനത്താവളം റദ്ദാക്കിയതിനു പിന്നാലെ പത്തനം തിട്ടയില്‍ തന്നെ ഒരു വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. സ്ഥലമേറ്റെടുക്കലിന്റെ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നാണ് സൂചന. സ്ഥലത്തിന്റെ കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നും ഇനിയത് അന്തിമ തീരുമാനമാക്കി കേന്ദ്രത്തെ അറിയിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

Comments

comments

Categories: Slider, Top Stories