ഓണ്‍ലൈന്‍ ഉള്ളടക്കം വികസിപ്പിക്കുന്നതില്‍ ജാഗ്രത വേണം: കളക്റ്റര്‍

ഓണ്‍ലൈന്‍ ഉള്ളടക്കം വികസിപ്പിക്കുന്നതില്‍ ജാഗ്രത വേണം: കളക്റ്റര്‍

കൊച്ചി: ഓണ്‍ലൈന്‍ ഉള്ളടക്കം വികസിപ്പിക്കുന്നതില്‍ ജാഗ്രതയും കൂട്ടായ പരിശ്രമവും വേണമെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള. വിവരങ്ങളുടെ കുത്തൊഴുക്കിലും കുട്ടികള്‍ക്കാവശ്യമായ ഉള്ളടക്കം കുറയുന്നത് ഓണ്‍ലൈനിലെ പരിമിതിയാണ്. ഇത് മറികടക്കാനുള്ള കൂട്ടായ്മകള്‍ വിവിധ മേഖലകളില്‍ നിന്നുണ്ടാകണമെന്നും കളക്റ്റര്‍ പറഞ്ഞു. പബ്ലിക്ക് റിലേഷന്‍സ് വകുപ്പും എറണാകുളം പ്രസ് ക്ലബ്ബും ചേര്‍ന്ന് ഇ- ജാഗ്രത: ഇന്റര്‍നെറ്റ് മാധ്യമങ്ങളും കുട്ടികളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ട്രായിയുടെ കണക്കനുസരിച്ച് കേരളത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ അറുപത് ശതമാനത്തോളമാണ്. മുതിര്‍ന്നവരും കുട്ടികളുമടക്കം ഇന്റര്‍നെറ്റിന്റെ ചതിക്കുഴിയില്‍ വീഴുന്ന സംഭവങ്ങളും വര്‍ധിക്കുന്നു. ശരിയായി ഉപയോഗിച്ചാല്‍ അനുഗ്രഹവും മറിച്ചായാല്‍ ദുരന്തവുമാണ് ഇന്റര്‍നെറ്റ്. വിജ്ഞാനസമ്പാദനത്തിനും ജീവിതം സുഗമമാക്കുന്നതിനും ഇന്റര്‍നെറ്റ് നല്‍കുന്ന അവസരങ്ങളെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കണം. ദൂഷ്യഫലങ്ങളില്‍ നിന്ന് അകറ്റാനും ബോധവല്‍ക്കരണം മാത്രമാണ് പോംവഴിയെന്ന് കളക്റ്റര്‍ പറഞ്ഞു. ഇന്റര്‍നെറ്റിന്റെ അമിതോപഭോഗം മൂലം സാമൂഹികബന്ധങ്ങളുടെ വ്യാപ്തി കുറയുന്നുവെന്നു മന:ശാസ്ത്രജ്ഞന്‍ സി ജെ ജോണ്‍ അഭിപ്രായപ്പെട്ടു. അനുഭവങ്ങളിലൂടെ ആര്‍ജിക്കേണ്ട അറിവും വിവേകവും കൂട്ടികള്‍ ഇന്റര്‍നെറ്റിലൂടെ അറിയാന്‍ ശ്രമിക്കുന്നു. ഇത് അപകടകരമായ ഒരു സ്ഥിതിവിശേഷമാണ്. ഓണ്‍ലൈന്‍ ഗെയിമുകളോടുള്ള ആസക്തി, അശല്‍ല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കല്‍, ഓണ്‍ലൈനിലൂടെ പരിചയപ്പെടുന്ന അപരിചിതരോടുള്ള അടുപ്പം എന്നിവ സാമൂഹികബന്ധങ്ങളും വ്യക്തിജീവിതവും താറുമാറാക്കും. ഇന്റര്‍നെറ്റിലുള്ള അമിതമായ താല്‍പര്യം കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ബാധിക്കുകയും അക്രമാസക്തി വര്‍ധിക്കുകയും ചെയ്യുന്നുവെന്നും സി ജെ ജോണ്‍ ചൂണ്ടിക്കാട്ടി.

ലക്ഷ്യബോധത്തോടെ കുട്ടികളെ വളര്‍ത്തുകയും സൈബര്‍ലോകത്തെ ചതിക്കുഴികളെപ്പറ്റി അവരെ ബോധവാന്മാരാക്കുകയും വേണമെന്ന് സൈബര്‍ കുറ്റാന്വേഷണ വിദഗ്ധന്‍ ഫ്രാന്‍സിസ് പെരേര പറഞ്ഞു. തുറന്ന കണ്ണുകളോടെ ലോകത്തെ വീക്ഷിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയും ജീവിതനൈപുണ്യം ആര്‍ജിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ വിദ്യാഭ്യാസസമ്പ്രദായം പരിഷ്‌കരിക്കുകയും വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ വൈസ് പ്രസിഡണ്ട് ആര്‍ ഗോപകുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, അസി. എഡിറ്റര്‍ കെ. കല എന്നിവര്‍ സംസാരിച്ചു.

Comments

comments

Categories: Education

Write a Comment

Your e-mail address will not be published.
Required fields are marked*