കൊളംബിയയിലെ എണ്ണ-വാതക പാടങ്ങളില്‍ കണ്ണുവെച്ച് ഒഎന്‍ജിസി വിദേശ്

കൊളംബിയയിലെ എണ്ണ-വാതക പാടങ്ങളില്‍ കണ്ണുവെച്ച് ഒഎന്‍ജിസി വിദേശ്

 

ന്യൂഡെല്‍ഹി : ഒഎന്‍ജിസി വിദേശിന്റെ അനുബന്ധ സ്ഥാപനമായ മാനസരോവര്‍ എനര്‍ജി കൊളംബിയ (എംഇസിഎല്‍) കൊളംബിയയിലെ എണ്ണ-വാതക ബ്ലോക്കുകള്‍ ലേലം കൊള്ളുന്നതിന് പദ്ധതി തയാറാക്കുന്നു. ഒഎന്‍ജിസി വിദേശിനും ചൈനീസ് എണ്ണ-വാതക കമ്പനിയായ സിനോപെക്കിനും 50:50 ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് എംഇസിഎല്‍.

ലേലത്തില്‍ പങ്കെടുക്കുമെന്ന് എംഇസിഎല്‍ സിഇഒ ഹര്‍വീന്ദര്‍ജിത് സിംഹ് വ്യക്തമാക്കി. എന്നാല്‍ ഏതെല്ലാം ബ്ലോക്കുകളാണ് ലേലത്തില്‍ വെക്കുകയെന്ന് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എണ്ണ-വാതക മേഖലയിലെ നികുതി പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് നിലവില്‍ കൊളംബിയന്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. അതേസമയം ഈ മേഖല രാജ്യത്തിന് അങ്ങേയറ്റം പ്രധാനമാണെന്ന് കൊളംബിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോഴത്തെ എണ്ണ-വാതക കരുതല്‍ ശേഖരത്തില്‍ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് പകുതിയോളം കുറവുണ്ടാകുമെന്ന് കൊളംബിയ ആശങ്കപ്പെടുന്നു. അങ്ങനെ വന്നാല്‍ എണ്ണ-കയറ്റുമതി രാജ്യം ഇറക്കുമതി രാജ്യമായി മാറുമെന്നും കൊളംബിയന്‍ സര്‍ക്കാര്‍ വിലയിരുത്തുന്നതായി ഹര്‍വീന്ദര്‍ജിത് സിംഹ് പറഞ്ഞു.

കരയിലെ എണ്ണ-വാതക പാടങ്ങളിലാണ് എംഇസിഎല്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ ലോവര്‍ മഗ്ദലെന താഴ്‌വര, സിനു-സാന്‍ ജാസിന്റോ എന്നീ ബ്ലോക്കുകളില്‍ എംഇസിഎല്ലിന് താല്‍പ്പര്യമുണ്ട്. മിഡില്‍ മഗ്ദലെന താഴ്‌വര, അപ്പര്‍ മഗ്ദലെന താഴ്‌വര, പുട്ടുമായോ, കാറ്റാറ്റുമ്പോ തടം എന്നിവിടങ്ങളിലും എംഇസിഎല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സിംഹ് പറഞ്ഞു.

എംഇസിഎല്‍ കൊളംബിയയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് പത്ത് വര്‍ഷം പിന്നിടുകയാണ്. ഇതിനിടെ ലാറ്റിന്‍ അമേരിക്കയിലെ പ്രമുഖ എണ്ണ ഖനന കമ്പനിയായി മാറാന്‍ എംഇസിഎല്ലിന് കഴിഞ്ഞു. ഈ കാലയളവിനിടെ കൊളംബിയയിലെ എംഇസിഎല്ലിന്റെ എണ്ണശേഖരം 100 എംഎംബിബിഎല്‍എസ് (മില്യണ്‍സ് ഓഫ് ബാരല്‍സ്) ആയി ഉയര്‍ന്നു.

Comments

comments

Categories: Branding