കൂടുതല്‍ നിയന്ത്രണം: നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാവുന്നതിന്റെ പരിധി 2000രൂപയാക്കി

കൂടുതല്‍ നിയന്ത്രണം:  നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാവുന്നതിന്റെ പരിധി 2000രൂപയാക്കി

 

ന്യൂഡെല്‍ഹി: നിരോധിച്ച നോട്ടുകള്‍ക്ക് പകരം ബാങ്കില്‍ നിന്നും മാറ്റിയെടുക്കാവുന്ന തുകയുടെ പരിധി 4,500 രൂപയില്‍ നിന്നും 2000മാക്കി കുറച്ച് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി. പുതിയ വ്യവസ്ഥകള്‍ പ്രകാരം രണ്ടായിരം രൂപ വരെ മാത്രമെ ബാങ്കില്‍ നിന്നും മാറ്റി വാങ്ങാന്‍ സാധിക്കുകയുള്ളു. കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസാണ് പുതിയ നിയന്ത്രണങ്ങള്‍ അറിയിച്ചത്.

അതേസമയം, അടുത്ത കൃഷിയിറക്കുന്നതിനു വേണ്ടി കര്‍ഷിക വായ്പ അനുവദിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് വിത്തും കീടനാശിനികളും വാങ്ങുന്നതിനുള്ള തുക ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു. ഒരാഴ്ച്ചയ്ക്കുള്ളില്‍ 25,000 രൂപ വരെ കര്‍ഷകര്‍ക്ക് പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍ പണം പിന്‍വലിക്കുന്ന എക്കൗണ്ട് കര്‍ഷകരുടെ പേരിലുളളത് തന്നെ ആയിരിക്കണം. ഈ പണം, ചെക്ക് അല്ലെങ്കില്‍ ആര്‍ടിജിഎസ് എക്കൗണ്ട് മുഖേനയാണ് കര്‍ഷകര്‍ക്ക് ലഭിക്കുക. വിള ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കാനുള്ള കാലപരിധി 15 ദിവസമായി ഉയര്‍ത്തിയിട്ടുണ്ടെന്നും സാമ്പത്തികകാര്യ സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ രാജ്യത്തെ ദശലക്ഷകണക്കിന് കര്‍ഷകര്‍ക്ക് ബാങ്ക് എക്കൗണ്ടുകളില്ലെന്നും കൃഷി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഇവര്‍ സമീപിക്കുന്നത് പ്രാദേശിക തലത്തിലുള്ള പണമിടപാടുക്കാരെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എപിഎംസി രജിസ്‌ട്രേഷനുളള വ്യാപാരികള്‍ക്ക് ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാം. കല്ല്യാണാവശ്യങ്ങള്‍ക്കായി കല്ല്യാണം നടക്കുന്ന കുടംബത്തിലെ ഏതെങ്കിലും ഒരംഗത്തിന് രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാവുന്നതാണെന്നും ശക്തികാന്ത ദാസ് അറിയിച്ചു.

Comments

comments

Categories: Slider, Top Stories