നോട്ട് പിന്‍വലിച്ചതോടെ നേപ്പാളിലും പ്രതിസന്ധി

നോട്ട് പിന്‍വലിച്ചതോടെ നേപ്പാളിലും പ്രതിസന്ധി

 

കഠ്മണ്ഡു: ഇന്ത്യയില്‍ തൊഴിലെടുക്കുന്ന നേപ്പാളികളുടെ കൈവശമുള്ള അസാധു നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡ നരേന്ദ്ര മോദിയോട് സഹായമഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടാണ് പ്രചണ്ഡ ആവശ്യമുന്നയിച്ചത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളടങ്ങുന്ന ഭീമമായ തുക നേപ്പാളികളുടെ കൈവശമുണ്ടെന്നും ഇത് രാജ്യത്ത് നിലവിലുള്ള കറന്‍സി രൂപത്തിലേക്ക് മാറ്റിയെടുക്കുന്നതിന് സഹായിക്കണമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ദിവസവേതനത്തിനു ജോലിയെടുക്കുന്ന പതിനായിരക്കണക്കിനു നേപ്പാളികള്‍ ഇന്ത്യയിലുണ്ട്. ചികിത്സാആവശ്യങ്ങള്‍ക്കും വ്യാപാര ആവശ്യങ്ങള്‍ക്കും നേപ്പാളില്‍ നിന്നും ഇന്ത്യയിലെത്തിയവരും നിരവധിയാണ്. ഇത്തരക്കാരുടെ കൈവശം കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകളടങ്ങുന്ന വലിയ തുകയുണ്ടെന്നും ഇവ മാറ്റിയെടുക്കാനായില്ലെങ്കില്‍ നിരവധി പേരുടെ സമ്പാദ്യവും ജീവനും തന്നെ നഷ്ടപ്പെടുമെന്നും നേപ്പാളിലെ പ്രമുഖ ഇംഗ്ലീഷ് വാര്‍ത്താ പോര്‍ട്ടലായ കഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

തീര്‍ത്ഥാടകരെന്ന നിലയില്‍ നേപ്പാളില്‍ നിന്നും ഇന്ത്യയിലെത്തിയ പലരും അതിര്‍ത്തി കടന്നുള്ള വ്യാപാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇവരുടെ കൈവശവും ഉപയോഗശൂന്യമായ ഇന്ത്യന്‍ കറന്‍സികളുണ്ട്. നിയമപരമായി ഈ നോട്ടുകള്‍ മാറ്റാനുള്ള അവസരം ലഭിച്ചില്ലെങ്കില്‍ വര്‍ഷങ്ങളായുള്ള ഇവരുടെ സമ്പാദ്യം നഷ്ടമാകുന്ന അവസ്ഥ സംജാതമാകുമെന്നാണ് നേപ്പാളീസ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നിരീക്ഷണം. ഈ സാഹചര്യം കണക്കിലെടുത്ത് അസാധുവാക്കിയ ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാളില്‍ തന്നെ മാറ്റിവാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇന്ത്യ സ്വീകരിക്കണമെന്നും പ്രചണ്ഡ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ വെബ്‌സൈറ്റ് വഴി ആവശ്യപ്പെട്ടിട്ടുണ്ട്.

500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിനു പുറകെ നേപ്പാള്‍ സെന്‍ട്രല്‍ ബാങ്കായ നേപ്പാള്‍ രാഷ്ട്ര ബാങ്കും (എന്‍ആര്‍ബി) കഴിഞ്ഞ ബുധനാഴ്ച്ച മുതല്‍ ഈ നോട്ടുകളുടെ കൈമാറ്റം വിലക്കിയിരുന്നു. അസാധുവാക്കിയ ഇന്ത്യന്‍ നോട്ടുകളടങ്ങുന്ന 3.36 കോടി രൂപയോളം തുക നേപ്പാളിലെ സാമ്പത്തിക ക്രമീകരണത്തിലുണ്ടെന്നും എന്‍ആര്‍ബി അറിയിച്ചു. നേപ്പാളിലെ ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും എന്‍ആര്‍ബിയിലുമായിട്ടാണ് ഈ തുകയുള്ളത്. എന്നാല്‍ ഇതിലുമധികം അസാധുവാക്കിയ ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാളിലുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം, മുന്‍പ് 25,000 രൂപ വരെ ഇന്ത്യന്‍ രൂപ കൈവശം വെക്കാനുള്ള അനുവാദം നേപ്പാളികള്‍ക്ക് നല്‍കിയിരുന്നു.

ഇന്ത്യന്‍ ബാങ്കുകളില്‍ എക്കൗണ്ടുള്ളവര്‍ പരിഭ്രാന്തരാകേണ്ടെന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അവര്‍ക്ക് നോട്ടുകള്‍ മാറ്റുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ കറന്‍സി കൈവശമുള്ള ഭൂരിഭാഗം നേപ്പാളികള്‍ക്കും ഇന്ത്യയിലെ ബാങ്കുകളില്‍ എക്കൗണ്ട് ഇല്ല എന്നതാണ് വസ്തുത. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച് നേപ്പാള്‍ ധനകാര്യ മന്ത്രാലയം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. ഇതേ കാര്യം ശ്രദ്ധയില്‍പ്പെടുത്തി നേപ്പാള്‍ രാഷ്ട്ര ബാങ്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചതായാണ് വിവരം. ഈ വിഷയത്തില്‍ ഉടന്‍ പരിഹാരം കാണുമെന്നും ഇതുമായി ബന്ധപ്പെട്ട് നേപ്പാള്‍ ഭരണാധികാരികളുമായി ചര്‍ച്ച നടത്താന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ചുമതലപ്പെടുത്തിയതായും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, World