നോട്ട് അസാധുവാക്കല്‍: ഇന്ധന വില്‍പ്പനയില്‍ 40% വര്‍ധന

നോട്ട് അസാധുവാക്കല്‍:  ഇന്ധന വില്‍പ്പനയില്‍ 40% വര്‍ധന

 

ന്യൂഡെല്‍ഹി: 500,1000 രൂപയുടെ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയതിനു ശേഷം രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികളില്‍ നിന്നുള്ള ഇന്ധന വില്‍പ്പനയില്‍ 30 മുതല്‍ 40 ശതമാനത്തിന്റെ വരെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. നോട്ടു നിരോധനത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായതും പഴയ നോട്ടുകള്‍ സ്വീകരിക്കുന്ന ഏതാനും സ്ഥാപനങ്ങളിലൊന്ന് പെട്രോള്‍ പമ്പുകളായതുമാണ് എണ്ണ വില്‍പ്പന ഉയരാന്‍ കാരണം.

കറന്‍സി അസാധുവാക്കുന്നതിനു മുന്‍പ് ഒക്‌റ്റോബര്‍ മാസത്തിലെ ദിവസങ്ങളില്‍ വിറ്റ ശരാശരി ഇന്ധനത്തിനേക്കാള്‍ 30 ശതമാനം അധികം എണ്ണ കഴിഞ്ഞ ദിവസങ്ങളില്‍ വിറ്റതായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം കെ സുരാന പറഞ്ഞു. എണ്ണ വിതരണത്തെക്കുറിച്ച് ഉറപ്പില്ലാത്തതിനാല്‍ ആളുകള്‍ ശേഖരിച്ചു വയ്ക്കാന്‍ ശ്രമിക്കും. മറ്റൊരിടത്തും നിരോധിത നോട്ടുകള്‍ സ്വീകരിക്കാത്തതിനാല്‍ അവ ഒഴിവാക്കാനായി കൂടിയ അളവില്‍ പെട്രോളും ഡീസലും വാങ്ങും. നിരോധിച്ച നോട്ടുകള്‍ കൊണ്ട് ഭാവിയില്‍ ഉപകാരമില്ലാത്തതിനാല്‍, എണ്ണ വാങ്ങി സൂക്ഷിക്കുന്നതിന് അവര്‍ ശ്രമിച്ചു-അദ്ദേഹം ചൂണ്ടിക്കാട്ടി.

നവംബര്‍ 9 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ സാധാരണ ദിവസങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ പൊതു മേഖലാ എണ്ണ കമ്പനികള്‍ 30 ശതമാനം അധികം പെട്രോളും 40 ശതമാനം അധികം ഡീസലും വിറ്റതായി ഒരു പൊതുമേഖലാ എണ്ണ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍, ഇപ്പോള്‍ ആവശ്യം കുറഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ പെട്രോള്‍ പമ്പുകളില്‍ ഇന്ധന വില്‍പ്പന കുറയും. യാതൊരു പരിഭ്രമത്തിന്റെയും ആവശ്യം ഇനി ഇല്ല-ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ട്രെഷറര്‍ നിതിന്‍ ഗോയല്‍ പറഞ്ഞു.

അതേസമയം, ആവശ്യത്തിന് പണം ഇല്ലാത്തതിനാല്‍ സാമ്പദ്‌വ്യവസ്ഥ മന്ദതയിലാകുമെന്ന കണക്കുകൂട്ടലുകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ധന വില്‍പ്പനയെ ഇത് ബാധിച്ചില്ലെന്ന് സുരാന വ്യക്തമാക്കി.

Comments

comments

Categories: Business & Economy, Slider