നോട്ട് നിരോധനം: വാഹന വിപണിയില്‍ വില്‍പ്പന ‘സ്‌കിഡ്’

നോട്ട് നിരോധനം: വാഹന വിപണിയില്‍ വില്‍പ്പന ‘സ്‌കിഡ്’

വിശാഖപട്ടണം: ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ അസാധുവാക്കാനുള്ള സര്‍ക്കാര്‍ പ്രഖ്യാപനം വന്നത് മുതല്‍ രാജ്യത്തെ ഓട്ടോമൊബീല്‍ വിപണിയില്‍ വില്‍പ്പന കുറഞ്ഞു. കാറുകള്‍, ബൈക്കുകള്‍ എന്നിവയുടെ ബുക്കിംഗ് 40 മുതല്‍ 50 ശതമാനം വരെയും ചില്ലറ വില്‍പ്പന 60 മുതല്‍ 80 ശതമാനം വരെയും കുറഞ്ഞതായി വാഹന വിപണി വൃത്തങ്ങള്‍ വ്യക്തമാക്കി.

പുതിയ വാഹനങ്ങള്‍ക്ക് പുറമെ യൂസ്ഡ് വാഹനങ്ങളുടെ വില്‍പ്പനയിലും കഴിഞ്ഞയാഴ്ച മുതല്‍ കനത്ത തിരിച്ചടി നേരിടുന്നുണ്ട്. കള്ളപ്പണം തടയുന്നതിനായി 500,1,000 രൂപ കറന്‍സികള്‍ അസാധുവാക്കിക്കൊണ്ട് കഴിഞ്ഞയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്.
മൊത്തത്തിലുള്ള വിപണിയില്‍ മാറ്റം വന്നു. പുതിയ വാഹനങ്ങള്‍ ബുക്ക് ചെയ്യുന്നതില്‍ ഏകദേശം 60 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. കറന്‍സി മാറ്റുന്നതിനായുള്ള പ്രഖ്യാപനം വന്നത് മുതല്‍ ജനങ്ങള്‍ ബാങ്കുകള്‍ക്ക് മുന്നിലും എടിഎമ്മുകള്‍ക്ക് മുന്നിലുമാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. പിന്‍വലിക്കുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചതോടെ വാഹന വിപണിയെയും ഇത് പ്രതികൂലമായി ബാധിക്കും. ഈ മാസം അവസാനം വരെ നോട്ട് അസാധുവാക്കല്‍ പ്രതിസന്ധിയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്ന് വാഹന ഷോറൂം മാനേജര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
നോട്ട് അസാധുവാക്കല്‍ തീരുമാനം ഏറ്റവും വലച്ചത് കാര്‍ വിപണിയെയാണെന്നാണ് വിലയിരുത്തലുകള്‍. ഏകദേശം 80 ശതമാനം വില്‍പ്പനയിടിവാണ് കഴിഞ്ഞയാഴ്ച മുതല്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ കാറിനായി ഇനീഷ്യല്‍ പേമന്റ് നടത്തിയവര്‍ പോലും പിന്നീട് മുന്നോട്ട് വരുന്നില്ല. നോട്ട് പ്രശ്‌നം ഉടലെടുത്തതോടെ ബാങ്കുകള്‍ക്ക് വായ്പാ വിതരണത്തിന് ബുദ്ധിമുട്ടുണ്ടാകുന്നതാണ് ഇതില്‍ മറ്റൊരു തിരിച്ചടി. 80 ശതമാനം ഉപഭോക്താക്കളും പുതിയ വാഹനം വാങ്ങുന്നതിന് ബാങ്ക് വായ്പയെ ആശ്രയിക്കുന്നവരാണ്. എന്നാല്‍ നോട്ട് മാറി നല്‍കുന്ന തിരക്ക് ചൂണ്ടിക്കാണിച്ച് ബാങ്കുകള്‍ വായ്പാ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
വാഹനം വാങ്ങുന്നതിന് പുറമെ സ്വന്തം വാഹനം സര്‍വീസിന് എത്തിക്കാനും ഉപഭോക്താക്കള്‍ നോട്ട് നിരോധനം വന്നതോടെ താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് ഇരുചക്ര വാഹന ഷോറൂമുകളില്‍ നിന്നുള്ള പരാതി. വാഹനം സര്‍വീസ് ചെയ്യുന്നതിന് ചെറിയ തുകയാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ചെറിയ തുകയ്ക്കുള്ള ബുദ്ധിമുട്ടാണ് ഉപഭോക്താക്കളെ അകറ്റുന്നത്. സര്‍വീസിന് ഷോറൂമുകളില്‍ നിന്നും വിളിച്ചറിയിച്ചാല്‍ പിന്നീട് വരാം എന്നാണ് ഉപഭോക്താക്കള്‍ മറുപടി പറയുന്നതെന്നും ഷോറൂം മാനേജര്‍മാര്‍ വ്യക്തമാക്കുന്നു.
അതേസമയം, ഫെസ്റ്റിവല്‍ സീസണായ ഒക്ടോബര്‍ കഴിഞ്ഞതിന് ശേഷം കറന്‍സി നിരോധനം പ്രഖ്യാപിച്ചത് ആശ്വാസകരമാണെന്നാണ് വാഹന വിപണി വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്. ഫെസ്റ്റിവല്‍ സീസണിലാണ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത്. എങ്കിലും ഈ മാസം വില്‍പ്പനയില്‍ 50 ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍.

Comments

comments

Categories: Business & Economy