വൈറ്റ്ഹൗസ് പ്രവേശനത്തിനു മുന്നേ ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് രാജിവച്ചു

വൈറ്റ്ഹൗസ് പ്രവേശനത്തിനു മുന്നേ ട്രംപിന്റെ  സുരക്ഷാ ഉപദേഷ്ടാവ് രാജിവച്ചു

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിലേക്ക് ട്രംപിന്റെ പ്രവേശനത്തിനു മുന്നോടിയായി നടക്കുന്ന ഒരുക്കങ്ങളില്‍ കല്ലുകടി. ട്രംപിന്റെ മൂന്ന് മക്കളും മരുമകനും ഭരണകാര്യങ്ങളില്‍ ഇടപെടാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹം ശക്തമായിരിക്കവേ, ചൊവ്വാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് റോജേഴ്‌സ് രാജിവച്ചു.
റോജേഴ്‌സിന്റെ രാജിയെ Stalinesque purge എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.(സമ്പൂര്‍ണ ഏകാധിപതിയാകാന്‍ വേണ്ടി സ്റ്റാലിന്‍ NKVD എന്ന കമ്മ്യൂണിസ്റ്റ് പൊലീസിനെ ഉപയോഗിച്ച് മര്‍ദ്ദക മുറകള്‍ നടപ്പിലാക്കിയും പൊതുജനമധ്യത്തില്‍ വിചാരണ നടത്തുകയും ചെയ്തു. ഇതിലൂടെ ജനങ്ങളില്‍ ഭീതി ജനിപ്പിച്ച്, ഏകാധിപതിയാകാന്‍ ശ്രമിച്ചിരുന്നു. ഈ അവസ്ഥയെയാണ് Stalinesque purge എന്ന് വിശേഷിപ്പിക്കുന്നത്).
മൈക്ക് റോജേഴ്‌സിനെ ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവ് ജാറദ് കുഷ്‌നര്‍ ‘ ഫയര്‍ ‘ ചെയ്തതാണ് രാജിയിലേക്ക് നയിച്ചതെന്ന് ട്രംപ് കുടുംബവുമായി അടുപ്പം പുലര്‍ത്തുന്ന വൃത്തങ്ങള്‍ സൂചിപ്പിച്ചു. വിദേശനയ രൂപീകരണത്തില്‍ അനുഭവജ്ഞാനമുള്ള മൈക്ക് റോജേഴ്‌സ് ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ മുന്‍ ചെയര്‍മാന്‍, എഫ്ബിഐ സ്‌പെഷ്യല്‍ ഏജന്റ്, സൈനിക ഉദ്യോഗസ്ഥന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ട്രംപിനോടൊപ്പം ഭരണകൂടത്തില്‍ വിവിധ ചുമതല വഹിക്കുന്നവരെ (ട്രാന്‍സിഷന്‍ ടീം) തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ സുരക്ഷാ സംബന്ധിയായ ചുമതല വഹിക്കുകയായിരുന്നു റോജേഴ്‌സ്. ഈ സ്ഥാനത്തുനിന്നുമാണ് അദ്ദേഹം രാജിവച്ചത്.
ട്രംപിന്റെ പുതിയ ഭരണകൂടത്തില്‍ ഏകദേശം 4,000-ത്തോളം രാഷ്ട്രീയ നിയമനങ്ങളാണ് നടത്താനുള്ളത്. ഇതിന്റെ ചുമതല വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനാണുള്ളത്. എന്നാല്‍ നിയമനങ്ങളില്‍ ട്രംപിന്റെ കുടുംബാംഗങ്ങള്‍ അകാരണമായി ഇടപെടുന്നത് ഭൂരിഭാഗം പാര്‍ട്ടി അനുഭാവികളിലും മുറുമുറുപ്പ് സൃഷ്ടിച്ചിട്ടുണ്ട്. പല സുപ്രധാന തസ്തികകളും ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. ആകെ നിയമനം നടത്തിയത് രണ്ട് പേരെയാണ്. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി റെയ്ന്‍സ് പ്രീബ്‌സിനെയും, ചീഫ് സ്ട്രാറ്റജിസ്റ്റും സീനിയര്‍ കൗണ്‍സലറുമായി സ്റ്റീവ് ബാനനെയുമാണ് ഇതുവരെ നിയമിച്ചിരിക്കുന്നത്.

Comments

comments

Categories: Trending, World